thiruvananthapuram local

വാഴോട്ടുകോണത്തെ വോട്ടുചോര്‍ച്ച; ബിജെപിയിലെ വിഭാഗീയത തിരിച്ചടിയായി

തിരുവനന്തപുരം: വാഴോട്ടുകോണത്തെ ഉപതിരഞ്ഞെടുപ്പില്‍ ബിജെപി മൂന്നാംസ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടതിന് കാരണം ജില്ലാ നേതാക്കള്‍ക്കിടയിലെ വിഭാഗീയതയാണെന്ന് വിലയിരുത്തല്‍. കുമ്മനം രാജശേഖരന്റെ വിമോചന യാത്രയുടെ സമാപനത്തിന് ആളുകുറഞ്ഞതിന്റെ ക്ഷീണം മാറുന്നതിന് മുമ്പാണ് ഉപതിരഞ്ഞെടുപ്പിലെ തിരിച്ചടി.
സ്ഥാനാര്‍ഥി നിര്‍ണയം സംബന്ധിച്ച അഭിപ്രായഭിന്നതയാണ് വോട്ട് ചോര്‍ച്ചയ്ക്ക് കാരണമെന്ന് ബിജെപിയില്‍ വാദം ഉയരുമ്പോഴും ഒരു ബൂത്തില്‍പോലും നിലമെച്ചപ്പെടുത്താനാവാത്തത് വലിയ തിരിച്ചടിയാണ്. ഇക്കഴിഞ്ഞ കോര്‍പറേഷന്‍ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിനെ മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളി പല വാര്‍ഡുകളിലും രണ്ടാം സ്ഥാനത്തുവന്ന ബിജെപി വാഴോട്ടുകോണം ഉപതിരഞ്ഞെടുപ്പില്‍ പിന്നാക്കംപോയത് ജില്ലാ നേതൃത്വത്തെ ക്ഷീണിപ്പിച്ചിട്ടുണ്ട്. വോട്ടുചോര്‍ച്ച വരാന്‍ പോകുന്ന നിയമസഭാ തിരഞ്ഞെടുപ്പിലും പ്രതിഫലിക്കുമെന്നാണ് വിലയിരുത്തല്‍.
മുന്‍ കൗണ്‍സിലര്‍ എം ആര്‍ രാജീവാണ് കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ ബിജെപിക്ക് വേണ്ടി വാഴോട്ടുകോണത്ത് മല്‍സരിച്ചത്. രാജീവ് 1643 വോട്ട് നേടി രണ്ടാംസ്ഥാനത്ത് വന്നിരുന്നു. എന്നാല്‍ ഉപതിരഞ്ഞെടുപ്പില്‍ പാര്‍ട്ടി ജില്ലാ വൈസ് പ്രസിഡന്റ് ശിവശങ്കരന്‍ നായരെ രംഗത്തിറക്കി നേരിട്ട മല്‍സരത്തില്‍ ഇത്തവണ പാര്‍ട്ടിക്ക് നേടാനായത് 939 വോട്ടുകള്‍ മാത്രം. അതായത് 704 വേട്ടുകളുടെ കുറവ്. ജില്ലാ വൈസ് പ്രസിഡന്റിനെ തന്നെ രംഗത്തിറക്കിയിട്ടും വോട്ട് ചോര്‍ന്നതിന് പിന്നില്‍ ചില ജില്ലാ നേതാക്കള്‍ക്ക് പങ്കുണ്ടെന്ന് പറയുന്നു.
ബിജെപി സംസ്ഥാന പ്രസിഡന്റ് ഉള്‍പ്പെടെ പ്രമുഖ നേതാക്കളുടെ പേരുകള്‍ നിയമസഭയിലേക്ക് മല്‍സരിക്കാന്‍ ഉയര്‍ന്നുകേള്‍ക്കുന്ന വട്ടിയുര്‍ക്കാവ് മണ്ഡലത്തില്‍പെട്ട വാര്‍ഡാണ് വാഴോട്ടുകോണം. അവിടെ പാര്‍ട്ടിക്കേറ്റ അപ്രതീക്ഷിത ക്ഷീണം കുറച്ചൊന്നുമല്ല ബിജെപി നേതൃത്വത്തെ അലോസരപ്പെടുത്തുന്നത്. തദ്ദേശ തിരഞ്ഞെടുപ്പ് കഴിഞ്ഞ് മൂന്നുമാസത്തിനിടെ ഉണ്ടായ വോട്ടര്‍മാരുടെ നിലപാട് മാറ്റം നിയമസഭയില്‍ സ്ഥാനാര്‍ഥി നിര്‍ണയത്തിലുള്‍പ്പെടെ വരും ദിവസങ്ങളില്‍ ബിജെപി നേതൃത്വത്തിന് തലവേദ സൃഷ്ടിക്കുമെന്നതിലും സംശയമില്ല.
ക്രിസ്ത്യന്‍, നായര്‍ വോട്ടുകള്‍ ഇവിടത്തെ പ്രധാന വിജയഘടകമാണ്. അതില്‍ കുറെയേറെ നായര്‍ വോട്ടുകള്‍ കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ ബിജെപിക്ക് തുണയായി. ഇക്കുറി അത് സിപിഎമ്മിനും കോണ്‍ഗ്രസിനും ലഭിച്ചു. കോണ്‍ഗ്രസ് വിമതന്‍ നേടിയ 295 വോട്ടുകള്‍ കൂടി കണക്കാക്കുമ്പോള്‍ നായര്‍ വോട്ടുകള്‍ വളരെയേറെ കോണ്‍ഗ്രസിനെ തുണച്ചതായി വേണം വിലയിരുത്താന്‍.
ആറ് ബൂത്തുകളിലും ബിജെപി മൂന്നാംസ്ഥാനത്തായിരുന്നു. ബൂത്ത് തിരിച്ചുള്ള വോട്ടിങ് കണക്ക് ഇപ്രകാരം: ഒന്നാം ബൂത്തില്‍ എല്‍ഡിഎഫ്- 334, യുഡിഎഫ്- 417, ബിജെപി- 127. പഞ്ചായത്ത് മെമ്മോറിയല്‍ ഹാളിലെ രണ്ടും മൂന്നും ബൂത്തുകളില്‍ എല്‍ഡിഎഫ്- 991, യുഡിഎഫ്- 620, ബിജെപി- 289. നാലാം ബൂത്തായ പാപ്പാട് അങ്കണവാടിയില്‍ എല്‍ഡിഎഫ്- 414, യുഡിഎഫ്- 318, ബിജെപി- 213. അഞ്ചും ആറും ബൂത്തുകള്‍ സജ്ജീകരിച്ചിരുന്ന മഞ്ചമ്പാറ എല്‍പിഎസില്‍ എല്‍ഡിഎഫ്- 870, യുഡിഎഫ്- 565, ബിജെപി- 312 എന്നിങ്ങനെയാണ്. സിപിഎം സ്ഥാനാര്‍ഥി മരിച്ചതിനെ തുടര്‍ന്നാണ് ഇവിടെ ഉപതിരഞ്ഞെടുപ്പ് നടന്നത്.
Next Story

RELATED STORIES

Share it