thrissur local

വാഴാനി ഡാമിലേക്കുള്ള കാട്ടുചോലകള്‍ തുറന്നുവിടുന്ന ദൗത്യം വിജയകരം

തൃശൂര്‍: ദുഷ്‌കരവും സാഹസികവുമായ വനയാത്രക്കൊടുവില്‍ വാഴാനി ഡാമിലേക്കുള്ള കാട്ടുചോലകള്‍ തുറന്നുവിടുന്ന ദൗത്യം വിജയകരമായി പൂര്‍ത്തിയാക്കി. വനപാലകരും ഇറിഗേഷന്‍ അധികൃതരും ചേര്‍ന്നാണ് സാഹസികദൗത്യം പൂര്‍ത്തീകരിച്ചത്.
ഡാമിലെ ജലനിരപ്പ് ഉയര്‍ത്തുന്നതിനായി വടക്കാഞ്ചേരി പുഴയുടെ ഉത്ഭവസ്ഥാനമായ കക്കുംചോലയിലേക്കാണ് ഇറിഗേഷന്‍ അധികൃതരും വനം വകുപ്പ് ഉദ്യോഗസ്ഥരും ഉള്‍പ്പെടെയുള്ള 16 അംഗ സംഘം രാവിലെ പുറപ്പെട്ടത്. വനം വകുപ്പ് വാച്ചര്‍ മത്തായിയുടെയും അസിസ്റ്റന്റ് എക്‌സിക്യൂട്ടീവ് എന്‍ജിനീയര്‍മാരായ ഐ കെ മോഹനന്‍, പി എന്‍ രാഘവന്‍, പി വി ജേക്കബ് എന്നിവരുടെ നേതൃത്വത്തിലുള്ള ഇറിഗേഷന്‍ സംഘമാണ് ആദ്യം പുറപ്പെട്ടത്. വനം വകുപ്പ് ബീറ്റ് ഓഫീസര്‍മാരായ പി സി പ്രവീണ്‍, ഒ വി സജീവ് എന്നിവരടങ്ങിയ രണ്ടാമത്തെ ടീം തൊട്ടുപുറകെ യാത്രയായി.
രണ്ടു സംഘങ്ങളും രണ്ട് മണിക്കൂറിന് ശേഷം കാട്ടില്‍ കണ്ടുമുട്ടി. തുടര്‍ന്ന് കനത്ത മഴയും ദുര്‍ഘടമായ കാട്ടുവഴികളും താണ്ടി മുന്നോട്ട് നീങ്ങിയ സംഘം 9 കിലോമീറ്റര്‍ വനത്തിലൂടെ നടന്നാണ് കക്കുംചോലയില്‍ എത്തിയത്. ലക്ഷ്യസ്ഥാനത്തെത്തിയതോടെ വളരെ വേഗത്തില്‍ ചോലകള്‍ തുറന്ന് വിടുന്ന പ്രവര്‍ത്തനത്തള്‍ പൂര്‍ത്തീകരിക്കുകയായിരുന്നു.
കാട്ടില്‍ വളരെ പെട്ടെന്ന് ഇരുട്ട് പരക്കുമെന്നതിനാല്‍ തിരിച്ചുള്ള യാത്ര ദുഷ്‌കരമാകുമെന്ന വനം വകുപ്പ് ഉദ്യോഗസ്ഥരുടെ നിര്‍ദ്ദേശമനുസരിച്ച് മൂന്നരയോടെ തിരിച്ച് കാടിറങ്ങാന്‍ ആരംഭിച്ചു. ചെങ്കുത്തായ വഴികളിലൂടെ ഇറങ്ങിയ സംഘം വൈകീട്ട് ഏഴോടെ തിരിച്ചെത്തി.
Next Story

RELATED STORIES

Share it