വാഴപ്പഴം ഉല്‍പാദനത്തിലും പച്ചക്കറി കൃഷിയിലും വര്‍ധന

കോഴിക്കോട്: സംസ്ഥാനത്ത് 2014ല്‍ വാഴപ്പഴം ഉല്‍പാദനത്തിലും പച്ചക്കറി കൃഷിയിലും വര്‍ധനവുണ്ടായി. മുന്‍വര്‍ഷവുമായി താരതമ്യം ചെയ്യുമ്പോള്‍ 2014ല്‍ 14132 ടണ്‍ അധികം വാഴപ്പഴം ഉല്‍പാദിപ്പിച്ചതായി സാമ്പത്തികസ്ഥിതി വിവര കണക്ക് വകുപ്പിന്റെ റിപോര്‍ട്ട് പറയുന്നു. 2013ല്‍ 5,31,299 ടണ്ണായിരുന്ന ഉല്‍പാദനം 5,45,431 ആയാണ് ഉയര്‍ന്നത്. പാലക്കാടാണ് പഴ ഉല്‍പാദനത്തില്‍ ഒന്നാമത്. വയനാട്, മലപ്പുറം ജില്ലകള്‍ യഥാക്രമം രണ്ട്, മൂന്ന് സ്ഥാനത്തെത്തി.
നേന്ത്രപ്പഴത്തിന്റെ ഉല്‍പാദനത്തിലും വന്‍ വര്‍ധനവുണ്ടായിട്ടുണ്ട്. 1,05925 ടണ്‍ ആണ് അധികമായി ഉല്‍പാദിപ്പിച്ചത്. മുന്‍ വര്‍ഷത്തെക്കാള്‍ നാലു ശതമാനം അധികം പ്രദേശത്ത് കൃഷി നടന്നതായും റിപോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു.
നേന്ത്രപ്പഴം ഉല്‍പാദനത്തിലും പാലക്കാടാണ് ഒന്നാമത്. തിരുവനന്തപുരം, തൃശൂര്‍ ജില്ലകള്‍ രണ്ടും മൂന്നും സ്ഥാനത്തെത്തി.പച്ചക്കറി കൃഷി ചെയ്യുന്ന പ്രദേശത്തിന്റെ അളവും 2014ല്‍ വര്‍ധിച്ചതായി റിപോര്‍ട്ട് പറയുന്നു. 7.5 ശതമാനം കൂടുതല്‍ സ്ഥലത്താണ് കൃഷിയുണ്ടായത്.
മുരിങ്ങ, വഴുതന, പച്ചമുളക്, കോവ, മത്തങ്ങ, കുമ്പളങ്ങ, കുക്കുമ്പര്‍ തുടങ്ങിയവയാണ് പ്രധാനമായും കൃഷി ചെയ്തത്. പാലക്കാട്, ഇടുക്കി, മലപ്പുറം ജില്ലകളാണ് ഇതില്‍ മുന്നില്‍. പാലക്കാട് ജില്ലയില്‍ തന്നെയാണ് മറ്റു പഴവര്‍ഗങ്ങളും കൂടുതല്‍ കൃഷി ചെയ്തത്. മലപ്പുറം, ഇടുക്കി ജില്ലകളാണ് തൊട്ടുപിന്നില്‍. ചക്ക കൃഷിയില്‍ ഇടുക്കിയാണ് മുന്നിലെത്തിയത്. കൈതച്ചക്ക കൃഷിയിലും വര്‍ധനവുണ്ടായി. എറണാകുളം ജില്ലയിലാണ് കൂടുതലായി കൃഷി നടന്നത്.
നാളികേര കൃഷിയില്‍ കോഴിക്കോട് ജില്ല ഒന്നാംസ്ഥാനം നിലനിര്‍ത്തി. 2014ല്‍ സംസ്ഥാനത്ത് 7,93,856 ഹെക്ടര്‍ സ്ഥലത്ത് നാളികേരം കൃഷി ചെയ്‌തെങ്കി ല്‍ ഇതില്‍ 1,23,066 ഹെക്ടര്‍ കോഴിക്കോട് ജില്ലയിലാണ്. മൊത്തം കൃഷിയിടത്തിന്റെ 15.5 ശതമാനമാണിത്. മലപ്പുറം, കണ്ണൂര്‍ ജില്ലകളാണ് തൊട്ടടുത്ത്.
77301 ഹെക്ടര്‍ സ്ഥലത്താണ് മാങ്ങ കൃഷി ചെയ്തത്. പാലക്കാട്, മലപ്പുറം, കോഴിക്കോട് ജില്ലകളിലാണ് കൂടുതല്‍ കൃഷിചെയ്തത്. എന്നാല്‍, കണ്ണൂരിലാണ് ഏറ്റവും കൂടുതല്‍ ഉല്‍പാദനമുണ്ടായത്. പത്തനംതിട്ടയാണ് ഏറ്റവും പിറകില്‍.
Next Story

RELATED STORIES

Share it