Flash News

വാഴപ്പള്ളി പഞ്ചായത്ത് വൈസ് പ്രസിഡന്റ് : കേരളാ കോണ്‍ഗ്രസ് പിന്തുണയില്‍ കോണ്‍ഗ്രസ്സിന് വിജയം



കോട്ടയം/ചങ്ങനാശ്ശേരി: കേരളാ കോണ്‍ഗ്രസ് (എം) യുഡിഎഫിനുള്ള പിന്തുണ പിന്‍വലിച്ച കോട്ടയം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് തിരഞ്ഞെടുപ്പിനു ശേഷം നടന്ന ചങ്ങനാശ്ശേരി വാഴപ്പള്ളി പഞ്ചായത്ത് വൈസ് പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ കേരളാ കോണ്‍ഗ്രസ്സിന്റെ പിന്തുണയില്‍ കോണ്‍ഗ്രസ്സിന് വിജയം. കോണ്‍ഗ്രസ്സിലെ ഷീലാ തോമസാണ് വൈസ് പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ടത്. 21 അംഗങ്ങളുള്ള പഞ്ചായത്തില്‍ കേരളാ കോണ്‍ഗ്രസ്സില്‍ നിന്നും കോണ്‍ഗ്രസ്സില്‍ നിന്നുമുള്ള 12 അംഗങ്ങള്‍ ഷീലാ തോമസിനെ അനുകൂലിച്ച് വോട്ടുരേഖപ്പെടുത്തി. സിപിഎമ്മിലെ തുളസി ബാബുവായിരുന്നു എതിര്‍സ്ഥാനാര്‍ഥി. പാര്‍ട്ടിയിലെ മുന്‍ ധാരണപ്രകാരം കോണ്‍ഗ്രസ്സിലെ ലാലിമ്മ ടോമി രാജിവച്ച സാഹചര്യത്തിലാണു വാഴപ്പള്ളി പഞ്ചായത്ത് വൈസ് പ്രസിഡന്റ് സ്ഥാനത്തേക്കു തിരഞ്ഞെടുപ്പു വേണ്ടിവന്നത്. പാല മുത്തോലി പഞ്ചായത്തില്‍ നടന്ന പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് അംഗങ്ങള്‍ വിട്ടുനിന്നപ്പോള്‍ കേരളാ കോണ്‍ഗ്രസ് (എം) പ്രതിനിധി പ്രസിഡന്റായി. കേരളാ കോണ്‍ഗ്രസ്സിലെ ബീനാ ബേബിയാണു വിജയിച്ചത്. 13 അംഗങ്ങളുള്ള പഞ്ചായത്തില്‍ ഏഴ് അംഗങ്ങള്‍ കേരളാ കോണ്‍ഗ്രസ്സിനുണ്ട്. കോണ്‍ഗ്രസ്-രണ്ട്, ബിജെപി-മൂന്ന്, സിപിഎം (സ്വത)-ഒന്ന് എന്നിങ്ങനെയാണ് കക്ഷിനില. ബിജെപി സ്ഥാനാര്‍ഥി മായയ്ക്കു മൂന്നു വോട്ടാണു ലഭിച്ചത്. സിപിഎം വോട്ട് അസാധുവാക്കി. കേരളാ കോണ്‍ഗ്രസ് (എം) ലെ മിനി മനോജ് പാര്‍ട്ടിയിലെ മുന്‍ ധാരണപ്രകാരം രാജിവച്ച സാഹചര്യത്തിലാണു മുത്തോലി പഞ്ചായത്തില്‍ ഉപതിരഞ്ഞെടുപ്പ് വേണ്ടിവന്നത്.
Next Story

RELATED STORIES

Share it