thrissur local

വാഴച്ചാല്‍ മേഖലയില്‍ നിന്ന് വേഴാമ്പലുകള്‍ ചേക്കൊഴിയുന്നു



ചാലക്കുടി: പ്രജനനകാലം അവസാനിച്ചു തുടങ്ങിയതോടെ വാഴച്ചാല്‍ മേഖലയിലെ വേഴാമ്പലുകള്‍ കൂടിറങ്ങിത്തുടങ്ങി. ജൂണ്‍ ആദ്യവാരത്തോടെ വേഴാമ്പലുകള്‍ പൂര്‍ണമായും കൂടിറങ്ങിക്കഴിയും. ജനുവരിയോടെയാണ് മുട്ടയിട്ട് അടയിരിക്കാനായി വേഴാമ്പലുകള്‍ കൂടൊരുക്കുന്നത്. കുഞ്ഞുങ്ങള്‍ പറക്കാന്‍ പാകമാവുന്നതോടെ ഇവ കൂടുവിട്ട് പുറത്തിറങ്ങും. ഉയരം കൂടിയ മരങ്ങളിലാണ് വേഴാമ്പലുകള്‍ കൂടുകെട്ടുക. വാഴച്ചാല്‍ മേഖലയിലെ വന്‍ മരങ്ങളുടെ സാന്നിധ്യമാണ് വേഴാമ്പലുകളെ ഈ മേഖലയിലേക്ക് ആകര്‍ഷിക്കുന്നത്. ഇതിനു പുറമേ ശാന്തമായ അന്തരീക്ഷവും ഭക്ഷണസൗകര്യവും ഇവിടെയുണ്ട്. പഴവര്‍ഗങ്ങളാണ് ഇവയുടെ പ്രധാന ആഹാരമെങ്കിലും പ്രജനനകാലത്ത് ഇഴജന്തുക്കളും ഇവയുടെ ഇരയാവും. കൂടിന്റെ വാതില്‍ അടച്ച് കൊക്ക് പുറത്തേക്കുനീട്ടി പെണ്‍വേഴാമ്പലുകള്‍ മുട്ടയ്ക്ക് അടയിരിക്കും. ഭക്ഷണം ശേഖരിക്കുന്നതും കൂടിന് കാവലിരിക്കുന്നതും ആണ്‍വേഴാമ്പലുകളാണ്. വാഴച്ചാലിന് പുറമേ മലക്കപ്പാറ, നെല്ലിയാമ്പതി, പറമ്പിക്കുളം എന്നിവിടങ്ങളും വേഴാമ്പലുകളുടെ പ്രജനനകേന്ദ്രമാണ്. മലക്കപ്പാറ, നെല്ലിയാമ്പതി, പറമ്പിക്കുളം എന്നിവിടങ്ങളില്‍ മലമുഴക്കി വേഴാമ്പലുകള്‍ മാത്രമാണുള്ളത്. എന്നാല്‍, വാഴച്ചാല്‍ മേഖല മലമുഴക്കി വേഴാമ്പലുകളെ പോലെ തന്നെ പാണ്ടന്‍ വേഴാമ്പലുകളുടെയും കോഴി വേഴാമ്പലുകളുടെയും താവളമാണ്. വംശനാശഭീഷണി നേരിടുന്ന ഇനമാണ് പാണ്ടന്‍ വേഴാമ്പലുകള്‍. എന്നാല്‍, പശ്ചിമഘട്ടത്തി ല്‍ മാത്രം കണ്ടുവരുന്നവയാണ് കോഴി വേഴാമ്പലുകള്‍. വേഴാമ്പല്‍ ഫൗണ്ടേഷന്റെയും വനംവകുപ്പിന്റെയും കാടര്‍ സമുദായത്തിന്റെയും നേതൃത്വത്തി ല്‍ വാഴച്ചാല്‍ മേഖലയില്‍ വേഴാമ്പല്‍ സംരക്ഷ—ണത്തിനായി പ്രത്യേക കരുതല്‍ ഒരുക്കിയതാണ് ഇവിടെ വേഴാമ്പലുകളുടെ എണ്ണത്തില്‍ വര്‍ധനയുണ്ടാവാന്‍ കാരണമായത്. കഴിഞ്ഞ 12 വര്‍ഷത്തിനുള്ളില്‍ വേഴാമ്പലുകളുടെ എണ്ണത്തില്‍ വന്‍ വര്‍ധനയാണ് ഉണ്ടായിട്ടുള്ളതെന്ന് വേഴാമ്പല്‍ ഫൗണ്ടേഷന്‍ സ്ഥാപകാംഗവും അസ്മാബി കോളജിലെ ബോട്ടണി വിഭാഗം അധ്യാപകനുമായ ഡോ. അമിതാബച്ചന്‍ പറയുന്നു. 23 കൂടുകള്‍ മാത്രമുണ്ടായിരുന്ന വാഴച്ചാല്‍ മേഖലയി ല്‍ ഫൗണ്ടേഷന്റെയും വനംവകുപ്പിന്റെയും കാടര്‍ സമുദായത്തിന്റെയും നേതൃത്വത്തില്‍ വേഴാമ്പലുകള്‍ക്ക് സംരക്ഷണമൊരുക്കിയതോടെ കൂടുകളുടെ എണ്ണം 63 ആയി. വന്‍ മരങ്ങള്‍ മുറിച്ചുമാറ്റി തേക്കുതോട്ടങ്ങളും തേയിലതോട്ടങ്ങളുമാക്കിയതാ—ണ് ഈ മേഖലയില്‍ വേഴാമ്പലുകളുടെ എണ്ണം കുറയാന്‍ കാരണമായതെന്നാണ് ശാസ്ത്രീയ പഠന റിപോര്‍ട്ടുകള്‍ പറയുന്നത്. വനത്തിനകത്തേക്ക് അനിയന്ത്രിതമായുള്ള സഞ്ചാരികളുടെ പ്രവേശനവും വേഴാമ്പലുകള്‍ക്ക് ഭീഷണിയാണ്. വനത്തിനകത്തേക്കുള്ള സഞ്ചാരികളുടെ കടന്നുകയറ്റംമൂലം വാഴച്ചാല്‍ മേഖലയിലെ നാല് കൂടുകളില്‍ കഴിഞ്ഞ രണ്ടു വര്‍ഷമായി വേഴാമ്പലുകള്‍ പ്രവേശിക്കുന്നില്ല. പ്രജനനകാലം കഴിഞ്ഞ് കൂടൊഴിയുമ്പോള്‍ ഒരു കൂട്ടില്‍ നിന്നു ശരാശരി രണ്ട് കുഞ്ഞുങ്ങളാണ് പുറത്തിറങ്ങുക. ഇരുനൂറോളം വേഴാമ്പലുകളാണ് ഈ മേഖലയില്‍ ഇപ്പോഴുള്ളതെന്നാണു കണക്കുകള്‍ സൂചിപ്പിക്കുന്നത്.
Next Story

RELATED STORIES

Share it