ernakulam local

വാഴക്കുളം പഞ്ചായത്തില്‍ അടിപിടി : മെംബര്‍മാര്‍ ആശുപത്രിയില്‍



പെരുമ്പാവൂര്‍: വാഴക്കുളം പഞ്ചായത്തില്‍ യുഡിഎഫ്, എല്‍ഡിഎഫ് അടിപിടി. ഇരു കക്ഷികളുടെ മെംബര്‍മാരും ആശുപത്രിയില്‍. യുഡിഎഫിന്റെ ഏഴ് അംഗങ്ങളും എല്‍ഡിഎഫിന്റെ മൂന്ന് അംഗങ്ങളേയുമാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. പഞ്ചായത്തില്‍ വി പി സജീന്ദ്രന്‍ എംഎല്‍എയുടെ നേതൃത്വത്തില്‍ നടപ്പാക്കിയ ഗ്രാമപ്രഭ പദ്ധതിയില്‍ ഹൈമാസ്റ്റ് ലൈറ്റുകള്‍ അനുവദിച്ചതുമായി ബന്ധപ്പെട്ട തര്‍ക്കമാണ് അടിപിടിയില്‍ കലാശിച്ചത്. കൊച്ചിന്‍ റിഫൈനറിയുമായി സഹകരിച്ച് നടപ്പാക്കുന്ന പദ്ധതിയില്‍ മൂന്ന് ഹൈമാസ്റ്റ് ലൈറ്റുകളാണ് അനുവദിച്ചത്. പാലക്കാട്ടുതാഴം, ചെമ്പറക്കി, മേച്ചേരി മോളം തുടങ്ങിയ സ്ഥലങ്ങളില്‍ സ്ഥാപിക്കുന്നതിനായി പഞ്ചായത്തിന്റെ അനുവാദവും ഇതിനാവശ്യമായ കറന്റ് ചാര്‍ജ്, മെയിന്റനന്‍സ് ചെലവുകള്‍ പഞ്ചായത്ത് വഹിച്ചുകൊള്ളാമെന്നുള്ള കമ്മിറ്റി തീരുമാനത്തിനായി അജണ്ടയില്‍ ഉള്‍പ്പെടുത്തി പ്രശ്‌നം അവതരിപ്പിച്ചിരുന്നു. വിഷയം ചര്‍ച്ചയ്‌ക്കെടുത്തപ്പോള്‍ പഞ്ചായത്ത് ഭരണകക്ഷികളായ എല്‍ഡിഎഫ് ഇത്തരം ബാധ്യതകള്‍ പഞ്ചായത്തിന് ഏറ്റെടുക്കാന്‍ ബുദ്ധിമുട്ടാണെന്നും ഔദ്യോഗിക രേഖകളൊന്നും ഇത് സംബന്ധിച്ച് പഞ്ചായത്തിന് ലഭിച്ചിട്ടില്ലെന്നും പ്രതിപക്ഷത്തെ അറിയിച്ചു. തുടര്‍ന്ന് പ്രശ്‌നം പല കമ്മിറ്റിയിലും തീരുമാനമാവാതിരുന്നതിനാല്‍ ഇതിനുള്ള അനുവാദത്തിന് സംസ്ഥാന കോ-ഓഡിനേഷന്‍ കമ്മിറ്റിക്ക് കത്തയക്കുകയും ചെയ്തിരുന്നു. ഇന്നലെ നടന്ന പഞ്ചായത്ത് കമ്മിറ്റിയില്‍ വീണ്ടും പ്രശ്‌നം ചര്‍ച്ചയായതാണ് അടിപിടിയില്‍ കലാശിച്ചത്. യുഡിഎഫ് അംഗങ്ങളായ നസീര്‍ കാക്കനാട്ടില്‍, സി എ ഫൈസല്‍, സി വി ചന്ദ്രന്‍, സനിത റഹിം, സജീന സിദ്ദീഖ്, സമിജ മുജീബ്, സഫിയ റഹ്്മാന്‍ എന്നിവരും പഞ്ചായത്ത്് പ്രസിഡന്റ് വിജി സണ്ണി, പി കെ മണി, ഷംനാദ് എന്നിവരെയുമാണ് പെരുമ്പാവൂര്‍ താലൂക്കാശുപത്രിയില്‍ പ്രവേശിപ്പിച്ചത്. സഭവത്തില്‍ പെരുമ്പാവൂര്‍ പൊലിസ് കേസെടുത്തു.
Next Story

RELATED STORIES

Share it