Flash News

വാളുകള്‍ കണ്ടെടുത്തു; കെവിന്റെ മരണം കൊലപാതകം തന്നെ

പുനലൂര്‍ (കൊല്ലം): കെവിന്‍ വധക്കേസില്‍ ആരോപണവിധേയരായ പോലിസുകാര്‍ പ്രതികളാകില്ലെന്ന് അന്വേഷണത്തിനു നേതൃത്വം നല്‍കുന്ന കൊച്ചി റേഞ്ച് ഐജി വിജയ് സാഖറെ. പോലിസുകാരുടേതു കൃത്യവിലോപം മാത്രമാണ്. കൊലപാതകത്തിലോ ഗൂഢാലോചനയിലോ പോലിസുകാര്‍ക്കു പങ്കില്ലാത്തതിനാല്‍ അവര്‍ പ്രതികളാകില്ലെന്നും ഐജി മാധ്യമങ്ങളോടു പറഞ്ഞു.
അതേസമയം, കെവിന്റെ മരണം കൊലപാതകമാണെന്ന് പ്രത്യേക അന്വേഷണസംഘം സ്ഥിരീകരിച്ചു. ഇക്കാര്യത്തില്‍ സംശയമില്ലെന്നും സാഖറെ പറഞ്ഞു. തെളിവെടുപ്പിന്റെ ഭാഗമായി കേസിലെ റിയാസ്, നിയാസ്, നിഷാന്‍, വിഷ്ണു എന്നീ പ്രതികളെ ചാലിയക്കരയില്‍ എത്തിച്ചപ്പോഴായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.
വിവാഹം കഴിഞ്ഞതിന്റെ മൂന്നാം ദിവസം ഭാര്യവീട്ടുകാര്‍ തട്ടിക്കൊണ്ടുപോയ കെവിന്റെ മൃതദേഹം ചാലിയക്കരയാറില്‍ നിന്നായിരുന്നു കണ്ടെടുത്തത്. പ്രതികള്‍ക്ക് പരമാവധി ശിക്ഷ വാങ്ങി നല്‍കാനാണ് പോലിസിന്റെ ശ്രമം. ശാസ്ത്രീയമായ അന്വേഷണമാണ് നടക്കുന്നതെന്നും സാഖറെ പറഞ്ഞു. ഇന്നലെ ഉച്ചയ്ക്ക് 2 മണിയോടെ തുടങ്ങിയ തെളിവെടുപ്പ് 2.30ഓടെ അവസാനിപ്പിച്ചു. നിഷാനെ ആറ്റിലിറക്കിയും തെളിവെടുപ്പ് നടത്തി.
പ്രതികളുടെ പക്കലുണ്ടായിരുന്ന ആയുധങ്ങളും കണ്ടെടുത്തിട്ടുണ്ട്. പ്രതികളില്‍ ഒരാളായ വിഷ്ണുവിന്റെ വീടിനു സമീപത്തെ തോട്ടില്‍ നിന്നാണ് നാലു വാളുകള്‍ കണ്ടെത്തിയത്. ഇവിടെ ആയുധങ്ങള്‍ ഉപേക്ഷിക്കാന്‍ സാധ്യതയുണ്ടെന്ന സൂചനയെ തുടര്‍ന്നായിരുന്നു തിരച്ചില്‍ നടത്തിയത്.
ഇന്നാണ് പ്രതികളുടെ റിമാന്‍ഡ് കാലാവധി അവസാനിക്കുന്നത്. കേസ് അന്വേഷണത്തിന്റെ ഭാഗമായി സംഭവം പുനരാവിഷ്‌കരിക്കുമെന്ന് പോലിസ് നേരത്തേ വ്യക്തമാക്കിയിരുന്നു. അതേസമയം, രക്ഷപ്പെട്ട് ഓടുന്നതിനിടെ കെവിന്‍ കാല്‍ വഴുതി തോട്ടില്‍ വീഴുകയായിരുന്നുവെന്ന മൊഴിയില്‍ പ്രതികള്‍ ഉറച്ചുനില്‍ക്കുകയാണ്.
Next Story

RELATED STORIES

Share it