palakkad local

വാളയാറില്‍ നാലു കിലോ കഞ്ചാവും ലക്ഷങ്ങളുടെ പുകയില ഉല്‍പന്നങ്ങളും പിടികൂടി



പാലക്കാട്:വാളയാര്‍  സംസ്ഥാന അതിര്‍ത്തി കേന്ദ്രീകരിച്ച് വന്‍ ലഹരി വേട്ട. എക്‌സൈസ് പരിശോധനയ്ക്കിടെ രണ്ടിടങ്ങളില്‍ നിന്നായി നാലു കിലോ കഞ്ചാവും ലക്ഷങ്ങളുടെ പുകയില ഉല്‍പന്നങ്ങളും പിടികൂടി. സംഭവത്തില്‍ മൂന്നു പേര്‍ അറസ്റ്റില്‍. പറളി എക്‌സൈസ് റേഞ്ചിന്റെ ടാസ്‌ക്‌ഫോഴ്‌സ് പരിശോധനയ്ക്കിടെ കൂട്ടുപാതയില്‍ നിന്നാണ് രണ്ടു കിലോ കഞ്ചാവ് പിടികൂടിയത്. തമിഴ്‌നാട് വിരുതനഗര്‍ വില്ലുപുത്തൂര്‍ താലൂക്കില്‍ ഉമാപെട്ടി കൊടിക്കുളത്ത് അളകുരാജ(24)നെ അറസ്റ്റ് ചെയ്തു. പൊള്ളാച്ചിയില്‍ നിന്നും പാലക്കാട്ടേക്കു പോയിരുന്ന സ്വകാര്യ ബസില്‍ നിന്നാണ് രണ്ടര ലക്ഷം രൂപ വിലമതിക്കുന്ന കഞ്ചാവ് പിടിച്ചെടുത്തത്. വിദ്യാര്‍ഥികള്‍ക്കിടയിലും ഇതര സംസ്ഥാന തൊഴിലാളികള്‍ക്കിടയിലും കഞ്ചാവെത്തിച്ചു നല്‍കുന്ന സംഘത്തിലെ പ്രധാനിയാണ് ഇയാളെന്നും മുന്‍പ് ഒട്ടേറെ തവണ സംസ്ഥാനത്തെ വിവിധ ഭാഗങ്ങളിലേക്ക് കഞ്ചാവു കടത്തിയെന്നും എക്‌സൈസ് പറഞ്ഞു. വാഹന പരിശോധനയ്ക്കിടെ ഉദ്യോഗസ്ഥരെ വെട്ടിച്ച് ഓടിരക്ഷപ്പെട്ട ഇയാളെ പിന്തുടര്‍ന്നു പിടികൂടുകയായിരുന്നു. പറളി റേഞ്ച് എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ കെ  എസ്  പ്രശോഭ്, സിവില്‍ എക്‌സൈസ് ഓഫിസര്‍ സജീഷ്, വനിതാ സിവില്‍ എക്‌സൈസ് ഓഫിസര്‍മാരായ റഷീദ ,ലിസ്സി ഡ്രൈവര്‍ മുരളീ മോഹന്‍ എന്നിവരാണ് പരിശോധന നടത്തിയത്. വാളയാര്‍ ചെക്‌പോസ്റ്റ് എക്‌സൈസും ചെര്‍പ്പുളശ്ശേരി ടാസ്‌ക്‌ഫോഴ്‌സും ചേര്‍ന്നു നടത്തിയ പരിശോധനയിലാണ് തമിഴ്‌നാട് സര്‍ക്കാര്‍ ബസില്‍ കടത്തിയ രണ്ടു കിലോ കഞ്ചാവ് പിടിച്ചത്. അസി. ഇന്‍സ്‌പെക്ടര്‍ ഇ. ഗോപി, സിഇഒ സന്തോഷ്, ഡ്രൈവര്‍ സുകുമാരന്‍ നായര്‍ എന്നിവരാണ് പരിശോധന നടത്തിയത്. ബസ്സിന്റെ സീറ്റിനടിയില്‍ ബാഗിലാണ് കഞ്ചാവ് സൂക്ഷിച്ചിരുന്നതെങ്കിലും പ്രതിയെ പിടികൂടാനായില്ല. വാളയാറില്‍ എക്‌സൈസ് ചെക്‌പോസ്റ്റില്‍ വാഹന പരിശോധനയ്ക്കിടെയാണ് ബാഗില്‍ തുണികള്‍ക്കിടയില്‍ ഒളിപ്പിച്ചു കടത്തിയ ലക്ഷങ്ങളുടെ പുകയില ഉല്‍പന്നങ്ങള്‍ പിടികൂടിയത്. തമിഴ്‌നാട് തേവര്‍കുടിയില്‍ സമ്പത്ത്കുമാര്‍(26), ദിണ്ഡിക്കല്‍ സ്വദേശി രഞ്ജിത്ത്(28) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. ഇന്‍സ്‌പെക്ടര്‍ കൃഷ്ണകുമാര്‍, പ്രിവന്റീവ് ഓഫിസര്‍മാരായ യൂനസ്, സജിത്ത്, സിഇഒമാരായ സുജിത്ത്, നാസര്‍ എന്നിവരാണ് പരിശോധന നടത്തിയത്.
Next Story

RELATED STORIES

Share it