thrissur local

വാല്‍പ്പാറ: സംയുക്ത പരിശോധനയും ജാഗ്രതയും വേണമെന്ന് വിലയിരുത്തല്‍

ചാലക്കുടി: വന്യമൃഗങ്ങളുടെ ആക്രമണം നേരിടുന്ന വാല്‍പ്പാറയില്‍ സൈ്വര്യ ജീവിതം ഉറപ്പാക്കാന്‍ കേരള-തമിഴ്‌നാട് വനംവകുപ്പുകളുടെ സംയുക്ത പരിശോധനയും ജാഗ്രതയും വേണമെന്ന് വിദഗ്ദരുടെ വിലയിരുത്തല്‍. ദിവസങ്ങള്‍ക്ക് മുമ്പ് നാലുവയസ്സുകാരെ പുലി ആക്രമിച്ച് കൊലപ്പെടുത്തിയ സംഭവത്തെ തുടര്‍ന്ന് ഉടന്‍ ഇരുസംസ്ഥാനത്തെ വനംവകുപ്പുകള്‍ ഇടപെടണമെന്നാണ് ആവശ്യം. മലക്കപ്പാറയിലും അതിനോട് ചേര്‍ന്ന് കിടക്കുന്ന തമിഴ്‌നാടിന്റെ മുടീസ് മുതല്‍ വാല്‍പ്പാറ വരെ നീണ്ടു കിടക്കുന്ന തേയിലതോട്ടങ്ങളിലാണ് പുലി ആക്രമണം കുറച്ച് കാലങ്ങളായി രൂക്ഷമായിരിക്കുന്നത്. വനംവകുപ്പിന്റെ ജാഗ്രതയോടൊപ്പം ഇവിടെ ഷെല്‍ട്ടര്‍ അക്കമുള്ള സുരക്ഷ സംവിധാനങ്ങളും സ്ഥാപിക്കേണ്ടതും അത്യാവശ്യമാണ്. തൃശൂര്‍ ജില്ലയുടെ അറ്റമായ മലക്കപ്പാറയിലെ മൈലാടുംപാറക്ക് മുകളിലെ നമ്പര്‍പാറക്ക് സമീപമാണ് പണ്ടുമുതലെ പുലികള്‍ തമ്പടിക്കാറ്. ഈ പ്രദേശത്തിന്റെ ചെരുവിനപ്പറമുള്ള മല ഭൂശാസ്ത്രപരമായി ഇടുക്കി ജില്ലായാണ്. അതുകൊണ്ട് തന്നെ തൃശൂര്‍-ഇടുക്കി ജില്ലകളിലെ വനപാലകരുടെ ഇടപെടലും ഇവിടെ വേണം. സമീപ്രദേശങ്ങള്‍ തമിഴ്‌നാടായതിനാല്‍ അവിടത്തെ വനപാലകരുടേയും പരിശോധനയും ഈ മേഖലയില്‍ ആവശ്യമാണ്. തമിഴ്‌നാട് ജനവാസ കേന്ദ്രങ്ങളില്‍ കാണപ്പെടുന്ന ആനയേയും പുലിയേയും പടക്കമെറിഞ്ഞും മറ്റും തുരത്തിവിടുമ്പോള്‍ അവ എത്തിചേരുന്നത് കേരള അതിര്‍ത്തിയിലാണ്. ഇവിടെ നിന്ന് ഇവയെ ഓടിക്കുമ്പോള്‍ അവ തിരികെ തമിഴാനാട് അതിര്‍ത്തിയും തിരികെ എത്തുന്നു. ഇതിന് ശ്വാശത പരിഹാരം ഉണ്ടാകണമെങ്കില്‍ ഇരുസംസ്ഥാനങ്ങളുടേയും സംയുക്ത പരിശോധനയും പരിപാലനവും വേണം. വനമേഖലയില്‍ സൗരോര്‍ജ്ജ വേലി കെട്ടുക, ഫയര്‍ലൈന്‍ വെട്ടുക തുടങ്ങിയവയും അടിയന്തിരമായി ചെയ്യേണ്ടതുണ്ട്. വനത്തിനുള്ളിലെ ക്വോര്‍ട്ടേഴ്‌സുകള്‍ മാറ്റി സ്ഥാപിക്കണം. തേയില തോട്ടങ്ങളുടെ പല ക്വോര്‍ട്ടേഴ്‌സുകളും വനത്തിനുള്ളിലാണ് ഇപ്പോഴും. ഇവ റോഡരികിലേക്ക് മാറ്റി സ്ഥാപിക്കണം. മുടീസ്-വാല്‍പ്പാറക്കിടയിലെ കുരങ്ങുമുടിയില്‍ കുരുങ്ങ് ശല്യം രൂക്ഷമായിരിക്കുകയാണ്. ഇവ സഞ്ചാരികള്‍ക്ക് ശല്യമാവുകയാണ്. അതിരപ്പിള്ളി മേഖലയില്‍ വിഷപാമ്പിന്റെ ശല്യവും രൂക്ഷമായിട്ടുണ്ട്.
Next Story

RELATED STORIES

Share it