kannur local

വാറന്റ് പ്രതി 15 വര്‍ഷത്തിനുശേഷം അറസ്റ്റില്‍

തലശേരി: നികുതി വകുപ്പ് ഉദ്യോഗസ്ഥരെയും പോലിസിനെയും കബളിപ്പിച്ച് 15 വര്‍ഷമായി ഒളിവില്‍ കഴിഞ്ഞ വാറണ്ട് പ്രതിയെ തലശ്ശേരി പോലിസ് അറസ്റ്റ് ചെയ്തു. മുഴപ്പിലങ്ങാട് നസീമ മന്‍സിലില്‍ മുഹമ്മദലി എന്ന നിലമ്പൂര്‍ മമ്മാലി(53)യെയാണ് നിലമ്പൂരിലെ വാടക വീട്ടില്‍ നിന്നു തലശ്ശേരി അഡീഷനല്‍ എസ്‌ഐ അബ്ദുറസാഖ്, സീനിയര്‍ സിവില്‍ പോലിസ് ഓഫിസര്‍ പ്രതീഷ് എന്നിവര്‍ പിടികൂടിയത്.
2000ത്തില്‍ 85 കുപ്പി മാഹി മദ്യവുമായി കാറില്‍ പോവുന്നതിനിടെ തടയാന്‍ ശ്രമിച്ച സെയില്‍ ടാക്‌സ് ഉദ്യോഗസ്ഥരെ വെട്ടിച്ച് മുഹമ്മദലി രക്ഷപ്പെടുകയായിരുന്നു.
കാറും മദ്യവും കസ്റ്റഡിയിലെടുത്ത ഉദ്യോഗസ്ഥര്‍ ഇവ തലശ്ശേരി പോലിസിന് കൈമാറിയിരുന്നു. തൊണ്ടി മുതലുകള്‍ പോലിസ് ഏറ്റെടുത്ത് കോടതിയില്‍ ഹാജരാക്കി. കേസ് വിചാരണയ്‌ക്കെത്തിയപ്പോള്‍ പ്രതി ഹാജരാവാത്തതിനെ തുടര്‍ന്ന് തലശ്ശേരി ജുഡീഷ്യല്‍ ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതി പ്രതിയെ പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിച്ചിരുന്നു.
നേരത്തെ പാനൂര്‍ പോലിസ് രജിസ്റ്റര്‍ ചെയ്ത രണ്ട് കേസുകളിലും വിചാരണയ്‌ക്കെത്താത്തിനെ തുടര്‍ന്നും പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിച്ചിരുന്നു.
Next Story

RELATED STORIES

Share it