kannur local

വാര്‍ഷിക പദ്ധതിത്തുക വിനിയോഗം: തലശ്ശേരി നഗരസഭ ഏറ്റവും പുറകില്‍



കണ്ണൂര്‍: സാമ്പത്തികവര്‍ഷം ആറുമാസം പിന്നിടവെ ജില്ലയിലെ നഗരസഭകളില്‍ ഏറ്റവും കുറവ് പദ്ധതിത്തുക ചെലവഴിച്ചത് തലശ്ശേരി നഗരസഭ. ഇതുവരെ 13.59 ശതമാനം തുക മാത്രമാണ് ചെലവഴിച്ചതെന്ന് കണക്കുകള്‍ സൂചിപ്പിക്കുന്നു. ഒക്ടോബര്‍ മൂന്നിന് സമര്‍പ്പിച്ച കണക്കുപ്രകാരം ശ്രീകണ്ഠപുരം (14.34 ശതമാനം), മട്ടന്നൂര്‍ (16.79 ശതമാനം), പാനൂര്‍ (18.06 ശതമാനം) എന്നിവയാണ് പദ്ധതിഫണ്ട് വിനിയോഗിച്ചതില്‍ തലശ്ശേരിക്ക് തൊട്ടുമുകളിലുള്ള നഗരസഭകള്‍. കൂത്തുപറമ്പാണ് ഏറ്റവും കൂടുതല്‍ ഫണ്ട് ചെലവഴിച്ചത് 26.16 ശതമാനം. ഇരിട്ടി രണ്ടാംസ്ഥാനത്തും (25.28 ശതമാനം) പയ്യന്നൂര്‍ (22.06 ശതമാനം) മൂന്നാംസ്ഥാനത്തുമാണ്. കഴിഞ്ഞ വര്‍ഷം ഒമ്പതുമാസം പിന്നിട്ടപ്പോഴും പദ്ധതിത്തുക വിനിയോഗത്തില്‍ തലശ്ശേരി നഗരസഭ സംസ്ഥാനത്തുതന്നെ ഏറ്റവും പിറകിലായിരുന്നു. കഴിഞ്ഞവര്‍ഷം ബാക്കിയായവ ഉള്‍പ്പെടെ 500ലേറെ പദ്ധതികളാണ് തലശ്ശേരി നഗരസഭയില്‍ ഈവര്‍ഷം ചെയ്യാനുള്ളത്. ഇതുകാരണം കരാറുകാര്‍ പദ്ധതിയേറ്റെടുക്കാന്‍ മടിക്കുകയാണ്. ജിഎസ്ടിയുമായി ബന്ധപ്പെട്ട നിസ്സഹകരണം മൂലം കരാറുകാര്‍ ഒരു പ്രവൃത്തിയും ഏറ്റെടുത്തിട്ടില്ല. എന്‍ജിനീയറിങ് വിഭാഗത്തിന്റെ സഹകരണക്കുറവും പദ്ധതിത്തുക വിനിയോഗത്തില്‍ തലശ്ശേരി പിന്നിലായി. പൂര്‍ത്തിയായ പ്രവൃത്തികളുടെ ബില്ലുകള്‍ പോലും യഥാസമയം സമര്‍പ്പിക്കുന്നില്ല. എന്നാല്‍, വാര്‍ഡടിസ്ഥാനത്തില്‍ ചെറിയ പദ്ധതികളായി വീതംവയ്ക്കുന്നതാണ് പ്രശ്‌നങ്ങള്‍ക്ക് കാരണമെന്നാണ് എന്‍ജിനീയറിങ് മേഖലയിലുള്ളവരുടെ വാദം.
Next Story

RELATED STORIES

Share it