വാര്‍ത്താ വിലക്കിന് നിയമസാധുതയില്ല

കൊച്ചി: ചവറ എംഎല്‍എ എന്‍ വിജയന്‍ പിള്ളയുടെ മകന്‍ ശ്രീജിത്തിന്റെ കേസുകള്‍ സംബന്ധിച്ച വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കരുതെന്ന കരുനാഗപ്പള്ളി സബ് കോടതി വിധി നിയമപരമായി നിലനില്‍ക്കുന്നതല്ലെന്ന് ഹൈക്കോടതി. സബ്‌കോടതി ഉത്തരവ് സ്‌റ്റേ ചെയ്ത ഹൈക്കോടതി, ഹരജി പിന്നീട് പരിഗണിക്കുന്നതിനായി മാറ്റി. മലയാള മനോരമ ദിനപത്രം ചീഫ് എഡിറ്റര്‍ മാമ്മന്‍ മാത്യു സമര്‍പ്പിച്ച ഹരജിയിലാണ് ഉത്തരവ്. 10 കോടി രൂപയുടെ ചെക്ക് മടങ്ങിയതു സംബന്ധിച്ച് മാവേലിക്കര സ്വദേശി രാകുല്‍ കൃഷ്ണന്‍ ശ്രീജിത്തിനെതിരേ ചവറ പോലിസില്‍ നല്‍കിയ പരാതിയെക്കുറിച്ചും മാവേലിക്കര ജുഡീഷ്യല്‍ മജിസ്‌ട്രേറ്റിനു മുമ്പിലുള്ള കേസിനെക്കുറിച്ചും യാതൊരുവിധ ചര്‍ച്ചയോ റിപോര്‍ട്ടിങ്ങോ പ്രസ്താവനയോ നടത്തിപ്പോവരുതെന്നാണ് സബ് കോടതി ഉത്തരവിട്ടിരുന്നത്. ഈ ഉത്തരവിന് എതിരേയാണ് രണ്ടാം എതിര്‍കക്ഷിയായ മാമ്മന്‍ മാത്യു ഹൈക്കോടതിയെ സമീപിച്ചത്. ഒരു ക്രിമിനല്‍ കേസിലെ നടപടികള്‍ കക്ഷികളുടെ താല്‍പര്യം പരിഗണിച്ച് സിവില്‍ കോടതിയിലേക്ക് മാറ്റാനാവുമോ എന്ന് മാമ്മന്‍ മാത്യു ഹരജിയില്‍ ചോദിക്കുന്നു. എങ്ങനെയാണ് ഒരു കോടതിക്ക് മാധ്യമങ്ങളെ വിലക്കി ഉത്തരവ് പുറപ്പെടുവിക്കാനാവുകയെന്നും ചോദിച്ചു. ആ വാദങ്ങളെല്ലാം പരിഗണിച്ചാണ് സിവില്‍ കോടതി വിധി ഹൈക്കോടതി സ്‌റ്റേ ചെയ്തത്. കേസ് വീണ്ടും പരിഗണിക്കണമെന്ന ആവശ്യമുന്നയിച്ച് ശ്രീജിത്തിന്റെ അഭിഭാഷകന്‍ ഉച്ചയ്ക്കുശേഷം വീണ്ടും ഹൈക്കോടതിയെ സമീപിച്ചു. ഹരജി ഇന്നു പരിഗണിക്കണമെന്ന ആവശ്യം ഉന്നയിച്ചെങ്കിലും കോടതി നിരാകരിച്ചു. കീഴ്‌ക്കോടതി ഉത്തരവ് ജുഡീഷ്യറിക്ക് നേരെയുള്ള അനാവശ്യ വിമര്‍ശനങ്ങള്‍ക്കു കാരണമായതായി കോടതി പറഞ്ഞു. ഇത്തരം പ്രവണതകള്‍ മുളയിലേ നുള്ളേണ്ടതാണ്. ഏതെങ്കിലും ആരോപണങ്ങള്‍ ചര്‍ച്ച ചെയ്യുന്നത് ഇത്തരം ഉത്തരവിലൂടെ എങ്ങനെ വിലക്കാനാവുമെന്ന് കോടതി ആരാഞ്ഞു. മാധ്യമങ്ങള്‍ തെറ്റായ വാര്‍ത്ത പ്രചരിപ്പിച്ചാല്‍ അതിനെതിരേ നടപടിയെടുക്കാം. അല്ലാതെ വാര്‍ത്തകളും ചര്‍ച്ചകളും തടയുകയോ അസഹിഷ്ണുത കാട്ടുകയോ അല്ല ചെയ്യേണ്ടത്- കോടതി വ്യക്തമാക്കി. ദുബയിലെ സാമ്പത്തിക ഇടപാടുമായി ബന്ധപ്പെട്ട് ശ്രീജിത്ത് രാകുല്‍ കൃഷ്ണന് 10 കോടി രൂപയുടെ ചെക്ക് നല്‍കിയിരുന്നു. ഇതു ബാങ്കില്‍ സമര്‍പ്പിച്ചെങ്കിലും അക്കൗണ്ട് ക്ലോസ് ചെയ്‌തെന്നു പറഞ്ഞ് മടങ്ങി. തുടര്‍ന്ന് ശ്രീജിത്തിനെതിരേ ചെങ്ങന്നൂര്‍ ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയില്‍ കേസ് നല്‍കി. ചവറ പോലിസിലും പരാതി നല്‍കി. ഇതുകൂടാതെ മാവേലിക്കര മജിസ്‌ട്രേറ്റ് കോടതിയിലും ഒരു കേസ് ഫയല്‍ ചെയ്തു. ഇതോടെ ശ്രീജിത്ത് കരുനാഗപ്പള്ളി സബ്‌കോടതിയില്‍ ഒരു സ്വകാര്യ സിവില്‍ അന്യായം ഫയല്‍ ചെയ്തു. തനിക്ക് 25 ലക്ഷം രൂപ നഷ്ടപരിഹാരം വേണം, മാധ്യമങ്ങള്‍ തങ്ങള്‍ക്കെതിരേ പരാമര്‍ശങ്ങള്‍ നടത്തുന്നത് നിരോധിക്കണം, കേസുകളുമായി ബന്ധപ്പെട്ട് മാധ്യമങ്ങള്‍ ഒരുതരത്തിലുള്ള വാര്‍ത്തയും ചര്‍ച്ചയും നടത്തരുത് തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് അന്യായം ഫയല്‍ ചെയ്തത്. ഇതു പരിഗണിച്ചാണ് സബ്‌കോടതി മാധ്യമങ്ങളെ വിലക്കി ഉത്തരവിറക്കിയത്. ഇതോടെയാണ് ഇരുവര്‍ക്കുമെതിരേ ആരോപണം ഉന്നയിച്ച യുഎഇ പൗരന്‍ ഇസ്മായില്‍ അബ്ദുല്ല അല്‍ മര്‍സൂഖി നടത്താനിരുന്ന വാര്‍ത്താസമ്മേളനം റദ്ദാക്കിയത്. ശ്രീജിത്തിന്റെ പരാതിയില്‍ തിരുവനന്തപുരം പ്രസ് ക്ലബ്ബിനും മാധ്യമങ്ങള്‍ക്കും കരുനാഗപ്പള്ളി സബ് ജഡ്ജി എ എം ബഷീറാണ് വാര്‍ത്ത വിലക്കിക്കൊണ്ടുള്ള നോട്ടീസ് അയച്ചത്. തിരുവനന്തപുരം പ്രസ് ക്ലബ്ബിനു മുന്നില്‍ പകര്‍പ്പും പതിച്ചു. തങ്ങളായി റദ്ദാക്കില്ലെന്ന് പ്രസ് ക്ലബ് നിലപാടെടുത്തെങ്കിലും വാര്‍ത്താസമ്മേളനം ഉപേക്ഷിച്ചതായി രാത്രിയോടെ മര്‍സൂഖിയുടെ അഭിഭാഷകന്‍ അറിയിക്കുകയായിരുന്നു. ബിനോയ് കോടിയേരിക്കെതിരേ 13 കോടി രൂപയുടെയും ശ്രീജിത്ത് വിജയനെതിരേ 10 കോടിയുടെയും തട്ടിപ്പാണ് മര്‍സൂഖി ഉന്നയിച്ചത്. അതിനിടെ, ഹസന്‍ ഇസ്മായില്‍ അല്‍ മര്‍സൂഖി യുഎഇയിലേക്ക് മടങ്ങുകയും ചെയ്തു.
Next Story

RELATED STORIES

Share it