വാര്‍ത്താസമ്മേളനത്തിലെ വിവാദ പരാമര്‍ശം; രാഹുല്‍ ഈശ്വര്‍ വീണ്ടും അറസ്റ്റില്‍

കൊച്ചി: ശബരിമലയിലെ സ്ത്രീ പ്രവേശന വിഷയവുമായി ബന്ധപ്പെട്ട് നടത്തിയ വിവാദ പരാമര്‍ശത്തില്‍ അയ്യപ്പ ധര്‍മ സേന പ്രസിഡന്റ്് രാഹുല്‍ ഈശ്വറി(35)നെ പോലിസ് അറസ്റ്റ് ചെയ്തു. എറണാകുളം സെന്‍ട്രല്‍ സിഐ അനന്ദലാലിന്റെ നേതൃത്വത്തിലുള്ള പോലിസ് സംഘം തിരുവനന്തപുരം നന്ദാവനത്തുള്ള ഫഌറ്റിലെത്തിയാണ് രാഹുല്‍ ഈശ്വറിനെ അറസ്റ്റ് ചെയ്തത്.
ഇന്നലെ രാവിലെ അറസ്റ്റ് ചെയ്ത രാഹുലിനെ വൈകീട്ട് മൂന്നരയോടെ എറണാകുളത്തെത്തിച്ചു. കേരളത്തില്‍ അപ്രഖ്യാപിത അടിയന്തരാവസ്ഥയാണെന്നും ഇതു നവംബര്‍ അഞ്ചുവരെ തുടരുമെന്നും സെന്‍ട്രല്‍ സ്റ്റേഷനില്‍ എത്തിക്കവെ രാഹുല്‍ ഈശ്വര്‍ മാധ്യമപ്രവര്‍ത്തകരോട്് പറഞ്ഞു.
എറണാകുളം പ്രസ് ക്ലബ്ബില്‍ നടത്തിയ വാര്‍ത്താസമ്മേളനത്തിനിടെ ശബരിമലയില്‍ സ്ത്രീകള്‍ പ്രവേശിച്ചാല്‍ കൈമുറിച്ച് രക്തംചിന്തി അശുദ്ധമാക്കി നടയടയ്ക്കാന്‍ പദ്ധതിയുണ്ടായിരുന്നു എന്ന വെളിപ്പെടുത്തലാണ് രാഹുല്‍ ഈശ്വറിന് വീണ്ടും കുരുക്കായത്. വിവാദ പരാമര്‍ശത്തിന്റെ അടിസ്ഥാനത്തില്‍ ജാമ്യമില്ലാ വകുപ്പ് പ്രകാരം പോലിസ് കേസെടുക്കുകയായിരുന്നു.
കലാപത്തിന് വഴിമരുന്നിടുക, മതസ്പര്‍ദ്ധ വളര്‍ത്തുക തുടങ്ങിയ കുറ്റങ്ങളാണ് രാഹുല്‍ ഈശ്വറിനെതിരേ ചുമത്തിയിട്ടുള്ളത്.
വാര്‍ത്താസമ്മേളനത്തിലെ പരാമര്‍ശം വിവാദമായതോടെ രക്തം വീഴ്ത്തി ശബരിമല നട അടയ്ക്കാന്‍ പദ്ധതിയിട്ടെന്നു പറഞ്ഞിട്ടില്ലെന്ന തിരുത്തലുമായി രാഹുല്‍ രംഗത്തെത്തിയിരുന്നു.
ശബരിമല വിഷയത്തില്‍ ഇതിനു മുമ്പ് അറസ്റ്റിലായ രാഹുല്‍ ഈശ്വര്‍ 22നാണ് ജാമ്യം നേടി പുറത്തിറങ്ങിയത്. അറസ്റ്റ് ചെയ്ത് എറണാകുളത്തെത്തിച്ച് കൂടുതല്‍ ചോദ്യംചെയ്ത ശേഷം വൈകീട്ടോടെ ജുഡീഷ്യല്‍ ഫസ്റ്റ്ക്ലാസ് മജിസ്‌ട്രേറ്റിനു മുമ്പാകെ ഹാജരാക്കിയ രാഹുല്‍ ഈശ്വറിന് ഉപാധികളോടെ ജാമ്യം അനുവദിച്ചു.
കേസ് അന്വേഷണവുമായി സഹകരിക്കണമെന്നും തുടര്‍ന്ന് വിവാദപ്രസ്താവനകള്‍ പാടില്ലെന്നും എല്ലാ ചൊവ്വാഴ്ചയും സെന്‍ട്രല്‍ സ്‌റ്റേഷനില്‍ എത്തി ഒപ്പിടണമെന്നുമാണ് ഉപാധി.



Next Story

RELATED STORIES

Share it