വാര്‍ത്താസമ്മേളനത്തിനിടെ എഎപി എംഎല്‍എയെ അറസ്റ്റ് ചെയ്തു; മോദി അടിയന്തരാവസ്ഥ നടപ്പാക്കുകയാണെന്ന് കെജ്‌രിവാള്‍

ന്യൂഡല്‍ഹി: ഒരു വയോധികനെ കൈയേറ്റം ചെയ്യുകയും സ്ത്രീകളടക്കമുള്ളവരോട് മോശമായി പെരുമാറുകയും ചെയ്‌തെന്ന വ്യത്യസ്ത കേസുകളുമായി ബന്ധപ്പെട്ട് ആം ആദ്മി പാര്‍ട്ടി എംഎല്‍എ ദിനേശ് മൊഹാനിയയെ ഡല്‍ഹി പോലിസ് അറസ്റ്റ് ചെയ്തു. എംഎല്‍എ വാര്‍ത്താസമ്മേളനം നടത്തുന്നതിനിടെ നാടകീയമായായിരുന്നു പോലിസിന്റെ അറസ്റ്റ്.
വെള്ളിയാഴ്ച ഒരു സര്‍വേയുമായി ബന്ധപ്പെട്ട് തുഗ്ലക്കാബാദ് മേഖലയില്‍ സന്ദര്‍ശനം നടത്തവെ ആം ആദ്മി പാര്‍ട്ടി എംഎല്‍എ 60 വയസ്സുള്ള വയോധികനെ കൈയേറ്റം ചെയ്‌തെന്നാണ് ഒന്നാമത്തെ കേസ്. തന്നെ തിരിച്ചറിയാതെ പെരുമാറിയതിന് ദിനേശ് വയോധികനെ കൈയേറ്റം ചെയ്തു എന്നാണ് ആരോപണം.
നേരത്തെ ജലവിതരണവുമായി ബന്ധപ്പെട്ട പരാതി ബോധിപ്പിക്കാന്‍ ചെന്ന വനിതകളടക്കമുള്ളവരോട് ഡല്‍ഹി ജല ബോര്‍ഡ് വൈസ് ചെയര്‍മാന്‍ കൂടിയായ സംഗം വിഹാര്‍ എംഎല്‍എ മോശമായി പെരുമാറിയെന്ന് ഏതാനും പേര്‍ പരാതി നല്‍കിയിരുന്നു. ഇതേത്തുടര്‍ന്ന് നെബ് സരായ് പോലിസ് സ്‌റ്റേഷനില്‍ മറ്റൊരു കേസും കഴിഞ്ഞ ദിവസം ദിനേശിനെതിരേ രജിസ്റ്റര്‍ ചെയ്തിരുന്നു. എന്നാല്‍, കൈക്കൂലി വാങ്ങാന്‍ വിസമ്മതിച്ചതിന്റെ പേരില്‍ കൊലചെയ്യപ്പെട്ട മുനിസിപ്പല്‍ കോര്‍പറേഷന്‍ ജീവനക്കാരന്‍ എം എം ഖാന്റെ കേസില്‍നിന്നു ശ്രദ്ധ തിരിക്കാന്‍ ബിജെപി തനിക്കെതിരേ വ്യാജ ആരോപണങ്ങള്‍ കെട്ടിച്ചമയ്ക്കുകയാണെന്നാണ് സംഗം വിഹാര്‍ എംഎല്‍എ ദിനേശിന്റെ ആരോപണം.
അതേസമയം, എംഎല്‍എ ദിനേശിനെ കേന്ദ്ര സര്‍ക്കാരിനു കീഴിലുള്ള ഡല്‍ഹി പോലിസ് അറസ്റ്റ് ചെയ്ത രീതിയെ വിമര്‍ശിച്ച് മുഖ്യമന്ത്രിയും ആം ആദ്മി പാര്‍ട്ടി നേതാവുമായ കെജ്‌രിവാള്‍ രംഗത്തുവന്നു. പ്രധാനമന്ത്രി മോദി ഡല്‍ഹിയില്‍ അടിയന്തരാവസ്ഥ നടപ്പാക്കുകയാണെന്ന് കെജ്‌രിവാള്‍ ആരോപിച്ചു. ഡല്‍ഹി നിവാസികള്‍ തിരഞ്ഞെടുത്തവര്‍ക്കു നേരെ അറസ്റ്റ്, റെയ്ഡ്, ഭീതി, വ്യാജ കേസ് ചമയ്ക്കല്‍ എന്നിവ പ്രയോഗിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. വാര്‍ത്താസമ്മേളനം നടത്തുന്നതിനിടെ ദിനേശിനെ ടെലിവിഷന്‍ കാമറുകള്‍ക്കു മുന്നില്‍വച്ച് അറസ്റ്റ് ചെയ്യുന്നതിലൂടെ എന്തു സന്ദേശമാണ് മോദി നല്‍കാനുദ്ദേശിക്കുന്നതെന്നും കെജ്‌രിവാള്‍ ചോദിച്ചു.
Next Story

RELATED STORIES

Share it