kasaragod local

വാര്‍ത്താവിലക്കിനെതിരേ പ്രതിഷേധ സംഗമം

കണ്ണൂര്‍: വാര്‍ത്ത വിലക്കിക്കൊണ്ട് കരുനാഗപ്പള്ളി കോടതി പുറപ്പെടുവിച്ച ഉത്തരവിനെതിരേ മാധ്യമപ്രവര്‍ത്തകര്‍ പ്രതിഷേധ സംഗമം നടത്തി. കേരള പത്രപ്രവര്‍ത്തക യൂനിയന്‍ ജില്ലാ കമ്മിറ്റി പ്രസ്‌ക്ലബ്ബില്‍ സംഘടിപ്പിച്ച സംഗമം സംസ്ഥാന ജനറല്‍ സെക്രട്ടറി സി നാരായണന്‍ ഉദ്ഘാടനം ചെയ്തു. സമീപകാലത്ത് ചില കീഴ്‌ക്കോടതികളില്‍ നിന്നുണ്ടാവുന്ന വിധികള്‍ ഭരണഘടനാ വിരുദ്ധമാണെന്ന് മേല്‍ക്കോടതി വിധികളില്‍നിന്നു വ്യക്തമാവുന്നതായി അദ്ദേഹം അഭിപ്രായപ്പെട്ടു. ഇത്തരം വിഷയങ്ങളില്‍ രാഷ്ട്രീയമല്ല, ഭരണഘടന ഉറപ്പുനല്‍കുന്ന അറിയാനും അറിയിക്കാനുമുള്ള സ്വാതന്ത്ര്യമാണ് ഇല്ലാതാക്കുന്നത്. അമിത് ഷായുടെ മകന്റെ കേസിലും സോളാര്‍ കേസിലും ഇപ്പോള്‍ ബിനോയ് കോടിയേരിയുടെ കേസിലുമെല്ലാം കീഴ്‌ക്കോടതികളാണു വിലക്കേര്‍പ്പെടുത്തുന്നത്. ജനാധിപത്യത്തിന്റെ അടിസ്ഥാന ശിലയിളക്കുന്ന ഇത്തരം നടപടികള്‍ തിരുത്തപ്പെടണം. അതിനായി പൊതുജനാഭിപ്രായം ഉയര്‍ന്നുവരണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. പ്രസ്‌ക്ലബ് പ്രസിഡന്റ് എ കെ ഹാരിസ് അധ്യക്ഷത വഹിച്ചു. സെക്രട്ടറി പ്രശാന്ത് പുത്തലത്ത്, സംസ്ഥാന സമിതിയംഗം എന്‍ പി സി രംജിത്ത്, ഖജാഞ്ചി സിജി ഉലഹന്നാന്‍ തുടങ്ങിയവര്‍ സംസാരിച്ചു. വാര്‍ത്താവിലക്കിനെതിരേ പ്രമേയവും അവതരിപ്പിച്ചു.
Next Story

RELATED STORIES

Share it