വാര്‍ത്തകള്‍ക്ക് വിശ്വാസ്യത നഷ്ടമായെന്ന് ജ. കെ ടി ശങ്കരന്‍

കൊച്ചി: പത്ര-ദൃശ്യ മാധ്യമങ്ങളില്‍ വരുന്ന വാര്‍ത്തകള്‍ക്ക് വിശ്വാസ്യത നഷ്ടമായിരിക്കുകയാണെന്ന് ഹൈക്കോടതി ജഡ്ജി ജസ്റ്റിസ് കെ ടി ശങ്കരന്‍. ചില മയക്കുമരുന്നു സീരിയലുകള്‍ പോലെ ചാനല്‍ ചര്‍ച്ചകള്‍ അധഃപതിച്ചിരിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു. മാധ്യമങ്ങളുടെ വിശ്വാസ്യത എന്ന വിഷയത്തില്‍ എറണാകുളം കരയോഗം നടത്തിയ സെമിനാറില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
മാധ്യമങ്ങളില്‍ വരുന്ന വാര്‍ത്തകള്‍ താന്‍ പൂര്‍ണമായി വിശ്വസിക്കുന്നില്ല. ജനങ്ങളുടെ താല്‍പര്യങ്ങള്‍ക്ക് വിരുദ്ധമായ നയങ്ങളും നിയമങ്ങളും ഉണ്ടാക്കാന്‍ സര്‍ക്കാര്‍ ശ്രമിക്കുമ്പോള്‍ അതിനെതിരെ പ്രതിരോധം സൃഷ്ടിക്കുന്നു എന്നതൊഴിച്ചാല്‍ മാധ്യമങ്ങളില്‍ നിത്യവും കാണുന്നതിലധികവും നിഷേധാത്മകമായ കാര്യങ്ങളാണ്. ചാനല്‍ ചര്‍ച്ചകള്‍ക്ക് പരദൂഷണത്തിന്റെ നിലവാരമാണ്. എല്ലാം കഴിഞ്ഞ് എന്താണ് നേടിയത് എന്ന് സ്വയം ചോദിക്കുമ്പോഴാണ് നേടിയത് അവരാണ്, നമുക്ക് വിലപ്പെട്ട സമയം നഷ്ടമാവുകയാണ് ചെയ്തതെന്ന തിരിച്ചറിവുണ്ടാവുകയെന്നും ജസ്റ്റിസ് വിമര്‍ശിച്ചു.
ദേശീയതലത്തിലുണ്ടായ ഒരു പ്രധാന സംഭവമറിയാന്‍ ചാനലില്‍ നോക്കിയാല്‍ നിരാശയാവും ഉണ്ടാവുക. ദേശീയ താല്‍പര്യമുള്ള കാര്യങ്ങള്‍ ചാനലുകള്‍ക്ക് വാര്‍ത്തയല്ല. ആഴ്ചയില്‍ 24 മണിക്കൂറും നിഷേധാത്മക വാര്‍ത്തകളാണ്. ഇതിനിടയില്‍ ജനങ്ങള്‍ അറിയേണ്ട വാര്‍ത്തകള്‍ പൂഴ്ത്തപ്പെടുകയും ചെയ്യുന്നു. കേരളത്തിലേക്കു വരുന്ന സ്വര്‍ണക്കടത്തിന്റെയും കള്ളനോട്ടിന്റെയും വ്യാപ്തിയോ അതുണ്ടാക്കുന്ന പ്രശ്‌നങ്ങളോ വാര്‍ത്തയില്‍ വരുന്നില്ല. കള്ളനോട്ടുകള്‍ പോവുന്നത് തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ക്കാണ്. സ്വര്‍ണം കടത്തിക്കൊണ്ടുവരുന്നത് വന്‍കിട സ്വര്‍ണവ്യാപാരികള്‍ക്കു വേണ്ടിയാണ്. സ്വര്‍ണക്കടത്തിന് പിന്നിലുള്ള ജ്വല്ലറിയെക്കുറിച്ചുള്ള വിവരങ്ങള്‍ തന്റെ മുന്നില്‍ കേസ് വന്നപ്പോള്‍ രേഖകളില്‍ വ്യക്തമായി പറഞ്ഞിരുന്നു. ഒരു ചാനലില്‍ മാത്രം വന്ന വാര്‍ത്ത പിന്നീട് മുങ്ങിപ്പോയെന്നും ജസ്റ്റിസ് കെ ടി ശങ്കരന്‍ പറഞ്ഞു.
കോടതി നടപടികളെക്കുറിച്ച് സംസാരിക്കാന്‍ യോഗ്യതയില്ലാത്തവരാണ് ചാനലുകളില്‍ കോടതി നടപടികളെക്കുറിച്ച് ചര്‍ച്ച നയിക്കുന്നത്. നിലവാരമില്ലാത്ത സിനിമകളില്‍ അവതരിപ്പിക്കുന്നതിനേക്കാളും ഭയാനകവും മോശവുമായ രീതിയിലാണ് ചാനല്‍ ചര്‍ച്ച നടത്തുന്നവര്‍ കോടതി നടപടികളെ അവതരിപ്പിക്കുന്നത്. പ്രത്യേക അജണ്ട വച്ചാണ് പലപ്പോഴും ചാനല്‍ ചര്‍ച്ചകള്‍ നടക്കുന്നത്. അവതാരകന്‍ നിഷ്പക്ഷത വെടിഞ്ഞ് ഒരു നിലപാടെടുക്കുകയും എതിരഭിപ്രായമുള്ളവര്‍ക്ക് സംസാരിക്കാന്‍ പോലും അവസരം നല്‍കാതെ ആക്രമിക്കുകയും ചെയ്യുന്നു. പ്രമുഖരായ രാഷ്ട്രീയ നേതാക്കളുടെ മുന്നില്‍ വിനീതനായി നില്‍ക്കുന്ന അവതാരകന്‍ താഴെക്കിടയിലുള്ള നേതാക്കളോട് ആ മര്യാദ കാട്ടുന്നില്ല. ഇത് മാധ്യമ പ്രവര്‍ത്തനത്തിന് ചേര്‍ന്നതാണോ എന്ന് പരിശോധിക്കണമെന്നും ജസ്റ്റിസ് ശങ്കരന്‍ പറഞ്ഞു.
മൂലധന ശക്തികള്‍ക്കു മുന്നില്‍ മാധ്യമങ്ങള്‍ മാത്രമല്ല നീതിപീഠങ്ങള്‍ പോലും ഓച്ഛാനിച്ചു നില്‍ക്കുന്ന കാലമാണിതെന്ന് വിഷയം അവതരിപ്പിച്ച അഡ്വ. എ ജയശങ്കര്‍ പറഞ്ഞു. തോന്നിയ കാര്യങ്ങള്‍ വിളിച്ചു പറയുന്നത് മാധ്യമങ്ങള്‍ക്ക് മാത്രം സംഭവിക്കുന്ന പിഴവല്ലെന്നും ഇത് കോടതികള്‍ക്കും സംഭവിക്കുന്നുണ്ടെന്നും പി രാജന്‍ ഓര്‍മിപ്പിച്ചു. സ്വാതന്ത്ര്യാനന്തര കാലഘട്ടത്തില്‍ മാധ്യമങ്ങളുടെ നിയന്ത്രണം മൂലധന ശക്തികളുടെ കൈകളിലെത്തിയതോടെയാണ് മാധ്യമ മേഖല കച്ചവടവല്‍ക്കരിക്കപ്പെട്ടതെന്ന് അധ്യക്ഷത വഹിച്ച രവി കുറ്റിക്കാട് പറഞ്ഞു. മാതൃഭൂമി മുന്‍ ഡെപ്യൂട്ടി എഡിറ്റര്‍ കെ കെ മധുസൂദനന്‍, കെ വി എസ് ഹരിദാസ് എന്നിവരും സംസാരിച്ചു.
Next Story

RELATED STORIES

Share it