വാര്‍ഡി ഡബിളില്‍ ലിവര്‍പൂള്‍ തകര്‍ന്നു

ലണ്ടന്‍: ഈ സീസണിലെ കറുത്ത കുതിരകളായ ലെസ്റ്റര്‍ സിറ്റി ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് ഫുട്‌ബോളില്‍ അവിസ്മരണീയ കുതിപ്പ് തുടരുന്നു. മുന്‍ ചാംപ്യന്‍മാരും ശക്തരുമായ ലിവര്‍പൂളാണ് ലെസ്റ്ററിന്റെ ഉജ്ജ്വല കുതിപ്പിനു മുന്നില്‍ വീണത്.
ഇംഗ്ലീഷ് സ്‌ട്രൈക്കര്‍ ജാമി വാര്‍ഡി ഇരട്ട ഗോളുകളുമായി മിന്നിയപ്പോള്‍ എതിരില്ലാത്ത രണ്ട് ഗോളിന് ലെസ്റ്റര്‍ ലിവര്‍പൂളിനെ തകര്‍ക്കുകയായിരുന്നു. എന്നാല്‍, മുന്‍ ചാംപ്യന്‍മാരായ മാഞ്ചസ്റ്റര്‍ സിറ്റി 1-0ന് സണ്ടര്‍ലാന്റിനെയും മാഞ്ചസ്റ്റര്‍ യുനൈറ്റഡ് 3-0ന് സ്റ്റോക്ക് സിറ്റിയെയും പരാജയപ്പെടുത്തിയപ്പോള്‍ ശക്തരായ ആഴ്‌സനലിനെ സതാംപ്റ്റന്‍ ഗോള്‍രഹിത സമനിലയില്‍ പിടിച്ചുകെട്ടി.
ലീഗിലെ മറ്റു മല്‍സരങ്ങളില്‍ ടോട്ടനം ഹോട്‌സ്പര്‍ 3-0ന് നോര്‍വിച്ചിനെയും വെസ്റ്റ്ഹാം 2-0ന് ആസ്റ്റന്‍വില്ലയെയും ബേണ്‍മൗത്ത് 2-1ന് ക്രിസ്റ്റല്‍ പാലസിനെയും തോല്‍പ്പിച്ചപ്പോള്‍ വെസ്റ്റ്‌ബ്രോമും സ്വാന്‍സിയും ഓരോ ഗോള്‍ വീതമടിച്ച് പോയിന്റ് പങ്കുവച്ചു.
പന്തടക്കത്തില്‍ ആധിപത്യം പുലര്‍ത്തിയ ലിവര്‍പൂളിനെതിരേ ലെസ്റ്റര്‍ സ്വന്തം തട്ടകത്തില്‍ ആക്രമണാത്മക ഫുട്‌ബോളിലൂടെ ഞെട്ടിക്കുകയായിരുന്നു. കളിയുടെ രണ്ടാം പകുതിയിലായിരുന്നു വാര്‍ഡിയുടെ രണ്ട് ഗോളുകളും പിറന്നത്. 60, 72 മിനിറ്റുകളിലാണ് വാര്‍ഡി ലക്ഷ്യം കണ്ടത്. ഇതോടെ ലീഗ് സീസണില്‍ താരത്തിന്റെ ഗോള്‍ സമ്പാദ്യം 18 ആയി ഉയരുകയും ചെയ്തു. നിലവില്‍ പ്രീമിയര്‍ ലീഗ് സീസണിലെ ഗോള്‍ വേട്ടക്കാരില്‍ മുന്നില്‍ നില്‍ക്കുന്ന താരം കൂടിയാണ് വാര്‍ഡി.
എവേ മല്‍സരത്തില്‍ 16ാം മിനിറ്റില്‍ സെര്‍ജിയോ അഗ്വേറോ നേടിയ ഗോളിലാണ് സിറ്റി സണ്ടര്‍ലാന്റിനെ തോല്‍പ്പിച്ചത്. എന്നാല്‍, ജെസ്സെ ലിങാര്‍ഡ് (14ാം മിനിറ്റ്), അന്തോണി മാര്‍ട്ടിയല്‍ (23), വെയ്ന്‍ റൂണി (53) എന്നിവരുടെ ഗോളുകളാണ് സ്‌റ്റോക്കിനെതിരേ സ്വന്തം തട്ടകത്തില്‍ മാഞ്ചസ്റ്ററിന് തകര്‍പ്പന്‍ ജയം നേടിക്കൊടുത്തത്.
എന്നാല്‍, ലീഗിലെ തുടര്‍ച്ചയായ നാലാം മല്‍സരത്തിലും വിജയം കാണാന്‍ കഴിയാതെ പോയതോടെ ആഴ്‌സനല്‍ പോയിന്റ് പട്ടികയില്‍ നാലാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു. അവസാന നാലു മല്‍സരങ്ങളില്‍ മൂന്നെണ്ണത്തില്‍ സമനില കൊണ്ട് തൃപ്തിപ്പെടേണ്ടിവന്ന ആഴ്‌സനല്‍ ഒരു കളിയില്‍ തോല്‍വിയും വഴങ്ങി. 24 മല്‍സരങ്ങളില്‍ നിന്ന് 50 പോയിന്റുമായി ലെസ്റ്റര്‍ പട്ടികയില്‍ ഒന്നാം സ്ഥാനത്ത് തുടരുകയാണ്.
ഇത്രയും മല്‍സരങ്ങളില്‍ നിന്ന് 47 പോയിന്റുമായി സിറ്റിയും 45 പോയിന്റോടെ ടോട്ടനമുമാണ് യഥാക്രമം രണ്ടും മൂന്നും സ്ഥാനങ്ങളിലുള്ളത്. മാഞ്ചസ്റ്റര്‍ അഞ്ചാമതും ലിവര്‍പൂള്‍ എട്ടാം സ്ഥാനത്തുമാണുള്ളത്. 14ാം സ്ഥാനത്താണ് നിലവിലെ ചാംപ്യന്‍മാരായ ചെല്‍സി.
Next Story

RELATED STORIES

Share it