wayanad local

വാരാമ്പറ്റ വിഎസ്എസ് ഭരണസമിതി പിരിച്ചുവിട്ടു : സൗത്ത് വയനാട് ഡിഎഫ്ഒയുടെ നടപടി വിവാദത്തില്‍



കല്‍പ്പറ്റ: വാരാമ്പറ്റ വനസംരക്ഷണ സമിതി (വിഎസ്എസ്) ഭരണസമിതി പിരിച്ചുവിട്ട സൗത്ത് വയനാട് ഡിവിഷനല്‍ ഫോറസ്റ്റ് ഡെവലപ്‌മെന്റ് ഏജന്‍സി ചീഫ് എക്‌സിക്യൂട്ടീവ് ഓഫിസര്‍ കൂടിയായ ഡിഎഫ്ഒ അബ്ദുല്‍ അസീസിന്റെ നടപടി വിവാദത്തില്‍. തക്കതായ കാരണങ്ങളില്ലാതെയാണ് ഭരണസമിതി പിരിച്ചുവിട്ടതെന്നും ഇതിനു ഡിഎഫ്ഒയ്ക്ക് അധികാരമില്ലെന്നും വാദിച്ച് സമിതിയിലെ ഒരുവിഭാഗം രംഗത്തുവന്ന സാഹചര്യത്തിലാണിത്. ഡിഎഫ്ഒയുടെ നടപടി ദുര്‍ബലപ്പെടുത്തണമെന്ന് ആവശ്യപ്പെട്ട് പിരിച്ചുവിടപ്പെട്ട ഭരണസമിതിയുടെ പ്രസിഡന്റ് കുഞ്ഞുമോന്‍ ജോസഫ് ഉള്‍പ്പെടെ കണ്ണൂര്‍ ഫോറസ്റ്റ് ചീഫ് കണ്‍സര്‍വേറ്റര്‍ക്ക് അപ്പീല്‍ നല്‍കി. അപ്പീലില്‍ തീരുമാനമാവുന്നതു വരെ പുതിയ ഭരണസമിതി തിരഞ്ഞെടുപ്പ് നടത്തരുതെന്ന ആവശ്യവും ഇവര്‍ ഉന്നയിച്ചിട്ടുണ്ട്. വാരാമ്പറ്റ വനസംരക്ഷണ സമിതിയുടെ കീഴിലെ ബാണാസുരമല മീന്‍മുട്ടി ഇക്കോ ടൂറിസം സെന്ററില്‍ നടത്തിവന്ന ട്രക്കിങുമായി ബന്ധപ്പെട്ട് വിഎസ്എസ് എക്‌സിക്യൂട്ടീവ് കമ്മിറ്റി അംഗീകൃത നിരക്കിനു പുറമെ സന്ദര്‍ശകരില്‍നിന്നു തുക കൈപ്പറ്റുന്നുവെന്ന പരാതിയില്‍ കല്‍പ്പറ്റ ഫോറസ്റ്റ് റേഞ്ച് ഓഫിസര്‍ സമര്‍പ്പിച്ച അന്വേഷണ റിപോര്‍ട്ടിന്റെ അടിസ്ഥാനത്തിലായിരുന്നു ഡിഎഫ്ഒയുടെ നടപടി. എന്നാല്‍, സന്ദര്‍ശകരെ ചൂഷണം ചെയ്യുന്നുവെന്ന പരാതി വ്യാജമാണെന്നും ആസൂത്രിതമായി എക്‌സിക്യൂട്ടീവ് കമ്മിറ്റി പിരിച്ചുവിടുകയായിരുന്നുവെന്നുമാണ് കുഞ്ഞുമോന്‍ ജോസഫും കൂട്ടരും സമര്‍പ്പിച്ച അപ്പീലില്‍. സന്ദര്‍ശകരില്‍നിന്ന് അന്യായമായി തുക കൈപ്പറ്റിയതായി റേഞ്ച് ഓഫിസര്‍ ഡിഎഫ്ഒയ്ക്ക് റിപോര്‍ട്ട് ചെയ്തതിനെ തുടര്‍ന്ന് കുഞ്ഞുമോന്‍ ജോസഫിനെ സമിതി പ്രസിഡന്റ് സ്ഥാനത്തുനിന്നു നീക്കി ഉത്തരവായിരുന്നു. ഇതു കൈപ്പറ്റാന്‍ വിസമ്മിച്ച കുഞ്ഞുമോന്‍ ജോസഫ് വിഎസ്എസ് ഭരണസമിതി അംഗങ്ങളെ തെറ്റിദ്ധരിപ്പിച്ച് വനംവകുപ്പിനെതിരേ കുപ്രചാരണം നടത്തുന്നതു മൂലം ഗ്രീന്‍ ഇന്ത്യ മിഷന്‍ പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയാക്കാന്‍ സാധിച്ചിട്ടില്ലെന്നു റേഞ്ച് ഓഫിസര്‍ മേലധികാരിക്ക് റിപോര്‍ട്ട് ചെയ്തു.  ഭരണസമിതി പിരിച്ചുവിട്ട് ജനറല്‍ബോഡി യോഗം വിളിച്ചുചേര്‍ത്ത് പുതിയ ഭരണസമിതിയെ തിരഞ്ഞെടുക്കണമെന്ന ശുപാര്‍ശയും റിപോര്‍ട്ടിലുണ്ടായിരുന്നു. ഈ സാഹചര്യത്തിലാണ് ഭരണസമിതി പിരിച്ചുവിട്ടും പുതിയ എക്‌സിക്യൂട്ടീവ് കമ്മിറ്റി നിലവില്‍ വരുന്നതുവരെ അഡ്മിസിസ്‌ട്രേറ്ററായി റേഞ്ച് ഓഫിസറെ നിയമിച്ചും ഡിഎഫ്ഒ ഉത്തരവായത്. 418 അംഗങ്ങളാണ് വാരാമ്പറ്റ വനസംരക്ഷണ സമിതിയില്‍. ഒമ്പത് അംഗങ്ങളടങ്ങുന്നതാണ് എക്‌സിക്യൂട്ടീവ് കമ്മിറ്റി. 2016ല്‍ നിലവില്‍വന്ന ഭരണസമിതിക്ക് 2018 ജനുവരി 30 വരെ കാലാവധിയുണ്ട്. എന്നിരിക്കെയാണ് തക്കതായ കാരണമില്ലാതെ പ്രസിഡന്റിനെ നീക്കുകയും പിന്നീട് ഭരണസമിതി പിരിച്ചുവിടുകയും ചെയ്തതെന്ന് അപ്പീലില്‍ വിശദീകരിക്കുന്നു. 2016 ഒക്‌ടോബര്‍ 16ന് വാരാമ്പറ്റയില്‍ ട്രക്കിങിനെത്തിയ സംഘത്തില്‍നിന്ന് ടെന്റ് വാടകയും ഇത് കൊണ്ടുവന്നതിനുള്ള വാഹനക്കൂലിയും അടക്കം 1,750 രൂപ ഈടാക്കിയതിനെയാണ് അധികം തുക വാങ്ങിയതായി ചിത്രീകരിച്ചതെന്ന് അപ്പീലില്‍ പറയുന്നു. സഞ്ചാരികള്‍ ആവശ്യപ്പെട്ടതനുസരിച്ചാണ് കുഞ്ഞുമോന്‍ ജോസഫ് സ്വന്തം നിലയ്ക്ക് കൊളഗപ്പാറയിലെ സ്വകാര്യ വ്യക്തിയില്‍നിന്നു രണ്ടു ടെന്റുകള്‍ വാടകയ്‌ക്കെടുത്ത് മീന്‍മുട്ടിയില്‍ എത്തിച്ചത്. മീന്‍മുട്ടിയില്‍ ഒരു രാത്രി തങ്ങുമെന്ന് അറിയിച്ചിരുന്ന ഇവര്‍ തീരുമാനം മാറ്റി അന്നുതന്നെ മടങ്ങാന്‍ തീരുമാനിച്ചു. സഞ്ചാരികള്‍ ടെന്റുകള്‍ ഉപയോഗിച്ചില്ലെങ്കിലും വാടക നല്‍കേണ്ടതിനാല്‍ കുഞ്ഞുമോന്‍ ജോസഫ് തുക ഈടാക്കി. ഇതുമായി ബന്ധപ്പെട്ട പരാതിയിലാണ് റേഞ്ച് ഓഫിസറുടെ അന്വേഷണം നടന്നത്.
Next Story

RELATED STORIES

Share it