വാരണാസി ആസിഡ് ആക്രമണം: പ്രതി അറസ്റ്റില്‍; യുവതിയെ ഡല്‍ഹിയിലേക്കു മാറ്റും

വാരണാസി: റഷ്യന്‍ യുവതിക്കുനേരെയുണ്ടായ ആസിഡ് ആക്രമണവുമായി ബന്ധപ്പെട്ട കേസിലെ പ്രതി സിദ്ധാര്‍ഥ് ശ്രീവാസ്തവയെ പോലിസ് അറസ്റ്റ് ചെയ്തു. പൊള്ളലേറ്റ് ചികില്‍സയില്‍ കഴിയുന്ന യുവതിയെ സന്ദര്‍ശിക്കാന്‍ ആശുപത്രിയില്‍ എത്തിയപ്പോഴാണ് ഇയാളെ പോലിസ് അറസ്റ്റ് ചെയ്തത്. ആക്രമണത്തിനു ശേഷം അലഹബാദിലേക്കു പോയ ഇയാള്‍ പിന്നീട് തിരിച്ചെത്തുകയായിരുന്നു. യുവതിക്ക് റഷ്യയിലും ബള്‍ഗേറിയയിലും പൗരത്വമുണ്ട്. യുവതി സിദ്ധാര്‍ഥിന്റെ വീട്ടില്‍ പേയിങ്ഗസ്റ്റ് ആയിട്ടല്ല, സുഹൃത്തായിട്ടാണു താമസിച്ചിരുന്നതെന്ന് വാരണാസി എസ്എസ്പി ആകാശ് കുല്‍ഹാരി വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. തന്റെ പ്രവൃത്തിയില്‍ ലജ്ജിക്കുന്നുവെന്നു വാര്‍ത്താസമ്മേളനത്തില്‍ സന്നിഹിതനായിരുന്ന സിദ്ധാര്‍ഥ് പറഞ്ഞു. യുവതി തന്നോടു സംസാരിക്കാന്‍ കൂട്ടാക്കാത്ത സാഹചര്യത്തിലാണ് ആസിഡ് ഒഴിച്ചത്. അവളുടെ റഷ്യയിലേക്കു തിരിച്ചുപോവാനുള്ള തീരുമാനം തന്നെ നിരാശനാക്കി. തന്റെ വിവാഹാഭ്യര്‍ഥനയും യുവതി നിരസിച്ചു- സിദ്ധാര്‍ഥ് പറഞ്ഞു. 46 ശതമാനം പൊള്ളലേറ്റ യുവതിയെ വിദഗ്ധ ചികില്‍സ ലഭ്യമാക്കുന്നതിന് ഡല്‍ഹിയിലെ ആശുപത്രിയിലേക്കു മാറ്റും. ബനാറസ് ഹിന്ദു സര്‍വകലാശാലയിലെ സര്‍ സുന്ദര്‍ലാല്‍ ആശുപത്രിയിലാണു യുവതി ഇപ്പോള്‍ ചികില്‍സയില്‍ കഴിയുന്നത്. സിദ്ധാര്‍ഥ് ബനാറസ് ഹിന്ദു യൂനിവേഴ്‌സിറ്റിയിലെ സംഗീത വിദ്യാര്‍ഥിയാണ്.
Next Story

RELATED STORIES

Share it