wayanad local

വായ്പ തിരിച്ചടയ്ക്കാനാവാതെ കര്‍ഷകര്‍ പ്രതിസന്ധിയില്‍

പുല്‍പ്പള്ളി: കാര്‍ഷികവിളകള്‍ പൂര്‍ണമായും നശിച്ചതോടെ വായ്പ തിരിച്ചടയ്ക്കാന്‍ കഴിയാത്ത കര്‍ഷകര്‍ക്കെതിരേ ബാങ്കുകള്‍ നിയമനടപടികള്‍ സ്വീകരിക്കാന്‍ ആരംഭിച്ചു. ഇതോടെ കര്‍ഷകര്‍ കടുത്ത പ്രതിസന്ധിയിലായി. പുല്‍പ്പള്ളി, മുള്ളന്‍കൊല്ലി, പൂതാടി പഞ്ചായത്തുകളില്‍ മാത്രം ആയിരത്തോളം കര്‍ഷകരാണ് ജപ്തി ഭീഷണിയുടെ നിഴലില്‍ കഴിയുന്നത്. ബാങ്കുകള്‍ സര്‍ഫാസി ആക്റ്റ് ഉപയോഗിച്ച് ഭൂമി ജപ്തി ചെയ്യാന്‍ തുടങ്ങിയതോടെ പല കര്‍ഷകരും വീട് വിട്ടിറങ്ങേണ്ട അവസ്ഥയിലാണ്. മുന്‍കാലങ്ങളില്‍ ബാങ്കുകള്‍ ജപ്തി നടപടികളുമായി മുന്നോട്ടു നീങ്ങുമ്പോള്‍ കര്‍ഷക സംഘടനകളും രഷ്ട്രീയപ്പാര്‍ട്ടികളും പ്രതിഷേധവുമായി എത്തുമായിരുന്നു. എന്നാല്‍, ഇപ്പോള്‍ കോടതി മുഖേന നടപടികളാരംഭിച്ചതോടെ ഇതിനെ പ്രതിരോധിക്കാനും സംഘടനകള്‍ക്ക് കഴിയാത്ത അവസ്ഥയാണ്. കാര്‍ഷിക വിളകളുടെ തകര്‍ച്ചയും കാലാവസ്ഥാ വ്യതിയാനവും ഉല്‍പന്നങ്ങളുടെ വിലയിടിവുമാണ് കര്‍ഷകര്‍ക്ക് വായ്പ തിരിച്ചടയ്ക്കാന്‍ കഴിയാതെ വന്നതിന് കാരണം. സംസ്ഥാന സര്‍ക്കാര്‍ കാര്‍ഷിക വായ്പകള്‍ക്ക് മൊറട്ടോറിയം പ്രഖ്യാപിച്ചിട്ടുണ്ടെങ്കിലും ഭൂരിഭാഗം കര്‍ഷകര്‍ക്കും പ്രയോജനപ്പെടാത്ത അവസ്ഥയാണുള്ളത്. ബാങ്കുകള്‍ ഭൂമിയുടെ ഈടിന്‍മേല്‍ കാര്‍ഷികേതരവായ്പകളാണ് ഏറെയും നല്‍കിയിട്ടുള്ളത്. തിരിച്ചടവ് മുടങ്ങിയതോടെ ബാങ്ക് അധികൃതര്‍ വീടുകളിലെത്തി വായ്പ തിരിച്ചടയ്ക്കണമെന്നാവശ്യപ്പെട്ട് നിരന്തം ശല്യപ്പെടുത്തുന്നതും കര്‍ഷകരെ പ്രതിസന്ധിയിലാക്കുന്നുണ്ട്. സര്‍ഫാസി ആക്റ്റി ഉപയോഗിച്ച് കോടതി മുഖേന നിയമനടപടി ആരംഭിച്ച കര്‍ഷകരുടെ ഭൂമികള്‍ക്ക് നികുതി സ്വീകരിക്കാതെ വന്നതോടെ കര്‍ഷകര്‍ക്ക് ഭൂമി വിറ്റ് പോലും വായ്പ അടയ്ക്കാന്‍ കഴിയാത്ത അവസ്ഥയാണ്. ബാങ്ക് അധികൃതര്‍ കര്‍ഷകരുടെ വീടുകളിലെത്തി മാനസികമായി പീഡിപ്പിക്കുന്ന സമീപനത്തില്‍ നിന്ന് പിന്‍മാറാന്‍ കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ നടപടി സ്വീകരിക്കണമെന്നാണ് കര്‍ഷകരുടെ ആവശ്യം. തുടര്‍ച്ചയായുണ്ടായ കനത്ത മഴയില്‍ കുരുമുളക്, കാപ്പി, കവുങ്ങ്, വാഴ, കൊക്കോ കൃഷികള്‍ വ്യാപകമായി രോഗം ബാധിച്ച് നശിച്ചു. ഇഞ്ചിയുടെ വിലയിടിവും കര്‍ഷകരെ കടുത്ത പ്രതിസന്ധിയിലാക്കി. നിലവില്‍ സര്‍ക്കാര്‍ പ്രഖ്യാപിച്ച മൊറട്ടോറിയം കാര്‍ഷികേതര വായ്പകള്‍ക്ക് കൂടി ബാധകമാക്കി നിയമനടപടികളില്‍ നിന്ന് ബാങ്ക് അധികൃതര്‍ പിന്‍മാറാന്‍ നടപടി സ്വീകരിക്കണമെന്നാണ് കര്‍ഷക സംഘടനകളുടെ ആവശ്യം.
Next Story

RELATED STORIES

Share it