wayanad local

വായ്പ തിരിച്ചടയ്ക്കാത്ത കര്‍ഷനെ ജയിലിലടച്ച സംഭവം: സൂക്ഷ്മത പുലര്‍ത്തണമെന്ന് മനുഷ്യാവകാശ കമ്മീഷന്‍

കല്‍പ്പറ്റ: വായ്പ തിരിച്ചടയ്ക്കാത്തതിന്റെ പേരില്‍ ജയിലിലടച്ചതു സംബന്ധിച്ച് കര്‍ഷകനായ പുല്‍പ്പള്ളി ഇരുളം അങ്ങാടിശ്ശേരി മുളയാനിക്കല്‍ സുകുമാരന്റെ പരാതിയില്‍ കേരള ഗ്രാമീണ്‍ ബാങ്ക് ഇരുളം ശാഖാ മാനേജര്‍ മനുഷ്യാവകാശ കമ്മീഷന്‍ മുമ്പാകെ ഹാജരായി. ബാങ്ക് നിയമാനുസൃതമായാണ് നടപടിയെടുത്തതെന്നു മാനേജര്‍ ബോധിപ്പിച്ചു. പരാതിക്കാരനുമായി ബന്ധപ്പെട്ടവര്‍ ബാങ്ക് ജീവനക്കാരെ തടഞ്ഞുവച്ചതായി മാനേജര്‍ പരാതിപ്പെട്ടു.
ബാങ്കുകള്‍ ഇത്തരം വിഷയങ്ങള്‍ കൈകാര്യം ചെയ്യുമ്പോള്‍ സൂക്ഷ്മത പുലര്‍ത്തണമെന്നു കമ്മീഷന്‍ അംഗം കെ മോഹന്‍കുമാര്‍ നിര്‍ദേശിച്ചു. സംഭവത്തില്‍ മനുഷ്യാവകാശ ലംഘനം നടന്നിട്ടുണ്ടോയെന്നു പരിശോധിക്കും. ജപ്തിയും മറ്റ് നടപടികളും സ്വീകരിക്കുമ്പോഴുള്ള മാനദണ്ഡങ്ങള്‍ പാലിച്ചിട്ടുണ്ടോയെന്നും പരിശോധിക്കുമെന്നു കമ്മീഷന്‍ അറിയിച്ചു. ഒക്ടോബര്‍ 31നാണ് സുല്‍ത്താന്‍ ബത്തേരി സബ് കോടതി സുകുമാരനെ റിമാന്‍ഡ് ചെയ്തു കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ അടച്ചത്.
ബദല്‍ സ്‌കൂളുകളില്‍ ജോലി ചെയ്യുന്ന അധ്യാപകരുടെ പ്രശ്‌നങ്ങള്‍ക്കു പരിഹാരം കാണണമെന്ന പരാതിയില്‍ പൊതുവിദ്യാഭ്യാസ സെക്രട്ടറി റിപോര്‍ട്ട് ഹാജരാക്കാന്‍ കമ്മീഷന്‍ ഉത്തരവിട്ടു. ജില്ലയില്‍ റോഡുകളില്‍ സീബ്രാലൈന്‍ ഇല്ലെന്ന പരാതിയില്‍ ആര്‍ടിഒ ഹാജരായി സീബ്രാലൈന്‍ പരിപാലനത്തിന് നടപടി സ്വീകരിച്ചതായി അറിയിച്ചു. സുനില്‍കുമാര്‍ എന്ന ഗുമസ്തനെ വാഹനപരിശോധനയുടെ പേരില്‍ ദേഹോപദ്രവം ഏല്‍പിച്ചെന്ന പരാതിയില്‍ ഹാജരാവാതിരുന്ന സുല്‍ത്താന്‍ ബത്തേരി സിഐ ലതീഷിന് ജില്ലാ പോലിസ് മേധാവി മുഖേന സമന്‍സ് അയക്കാന്‍ കമ്മീഷന്‍ ഉത്തരവായി. അമ്പലവയല്‍ ആദിവാസി മേഖലയില്‍ പ്രായപൂര്‍ത്തിയാവാത്ത വിദ്യാര്‍ഥിനി പീഡനത്തിനിരയായി എന്ന പരാതിയില്‍ കേസെടുത്തതായി അമ്പലവയല്‍ പോലിസ് അറിയിച്ചു. കേസിന്റെ നിലവിലെ അവസ്ഥ റിപോര്‍ട്ട് ചെയ്യാന്‍ ജില്ലാ ക്രൈം റെക്കോഡ്‌സ് ബ്യൂറോ ഡിവൈഎസ്പിയോട് ആവശ്യപ്പെട്ടു.
പൂക്കോട് കേരള വെറ്ററിനറി ആന്റ് ആനിമല്‍ സയന്‍സസ് യൂനിവേഴ്‌സിറ്റിയില്‍ 2014ലെ വിജ്ഞാപന പ്രകാരം അസിസ്റ്റന്റ് പ്രഫസര്‍ തസ്തികയില്‍ പട്ടികവര്‍ഗ വിഭാഗത്തില്‍പെട്ട എത്ര പേര്‍ക്ക് നിയമനം നല്‍കിയിട്ടുണ്ടെന്നതിന്റെ റിപോര്‍ട്ട് ഹാജരാക്കാന്‍ സര്‍വകലാശാലാ രജിസ്ട്രാര്‍ക്ക് നിര്‍ദേശം നല്‍കി. സര്‍വകലാശാലയില്‍ പട്ടികവര്‍ഗ വിഭാഗത്തില്‍പെട്ടവര്‍ക്ക് നിയമനം നല്‍കുന്നില്ലെന്ന് ഇ എസ് സുവര്‍ണ ശങ്കര്‍ നല്‍കിയ പരാതിയിലാണ് നടപടി. കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന സിറ്റിങില്‍ 80 പരാതികള്‍ പരിഗണിച്ചു. ഒമ്പതു കേസുകള്‍ തീര്‍പ്പാക്കി.
Next Story

RELATED STORIES

Share it