Pathanamthitta local

വായ്പ തരപ്പെടുത്തിനല്‍കാമെന്ന് പരസ്യം നല്‍കി തട്ടിപ്പ്: മധ്യവയസ്‌കന്‍ അറസ്റ്റില്‍

കോഴഞ്ചേരി: വായ്പ തരപ്പെടുത്തി നല്‍കാമെന്ന് പത്രങ്ങളില്‍ പരസ്യം നല്‍കി സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് കോടികള്‍ തട്ടിയെടുത്ത് ഒളിവില്‍ കഴിഞ്ഞ മധ്യ വയസ്‌കനെ ആറന്മുള പോലിസ് അറസ്റ്റു ചെയ്തു. ആലപ്പുഴ മുല്ലയ്ക്കല്‍ ലജനത്ത് വാര്‍ഡില്‍ വെളുത്തശേരി രഹ്നാ മന്‍സിലില്‍ ഹാരിസിനെ (45) യാണ് ആറന്മുള സബ് ഇന്‍സ്‌പെക്ടര്‍ അശ്വത് എസ് കാരാണ്മയില്‍, എസ്‌ഐ വില്‍സ ണ്‍ എന്നിവരുടെ നേതൃത്വത്തി ല്‍ പത്തനംതിട്ട ഷാഡോ പോലിസ് എറണാകുളം നോര്‍ത്ത് പറവൂരില്‍ നിന്നും അറസ്റ്റ് ചെയ്തത്. 19, 39,660 രൂപയുടെ തട്ടിപ്പാണ് പ്രാഥമികമായി കണക്കാക്കിയിരിക്കുന്നത്.
വീടു പണിയുന്നതിനും വിവാഹ ആവശ്യങ്ങള്‍ക്കും മറ്റും ലളിതമായ വ്യവസ്ഥയില്‍ വായ്പ തരപ്പെടുത്തി കൊടുക്കാമെന്ന് പത്ര പരസ്യം നല്‍കിയാണ് തട്ടിപ്പു നടത്തിയതെന്നു പൊലിസ് പറഞ്ഞു. ഫോണില്‍ ബന്ധപ്പെടുന്ന ആവശ്യക്കാരോട് വായ്പ തുകയുടെ വലിപ്പമനുസരിച്ച് ടാക്‌സ്, പ്രോസസിങ് ഫീസ് എന്ന പേരില്‍ ഒരു നിശ്ചിത ശതമാനം തുക ഇയാളുടെ ബാങ്ക് അക്കൗണ്ടിലേക്ക് അയപ്പിച്ചാണ് പണം തട്ടിയെടുത്തിരുന്നത്. വായ്പക്കുവേണ്ടി പുരുഷന്‍മാര്‍ ബന്ധപ്പെട്ടാല്‍ ഇയാള്‍ നിസഹകരിക്കുകയാണ് പതിവെന്നു പോലിസ് പറഞ്ഞു. തട്ടിപ്പില്‍ അകപ്പെട്ട മുഴുവന്‍ പേരും സാമ്പത്തിക ബുദ്ധിമുട്ടനുഭവിക്കുന്ന സ്ത്രീകളാണ്. നിരവധി വ്യാജ തിരിച്ചറിയല്‍ രേഖകള്‍ ഉപയോഗിച്ച് പല ബാങ്കുകളിലായി അക്കൗണ്ടുകള്‍ തുറന്നു. വായ്പയ്ക്കായി സമീപിക്കുന്നവരുടെ ഐഡി കാര്‍ഡുകള്‍ വാങ്ങി അവരുടെ പേരില്‍ വ്യാജ സിം കാര്‍ഡുപയോഗിച്ചും തട്ടിപ്പു നടത്തി.
വായ്പക്കായി എത്തുന്നവരുടെ എടിഎം കാര്‍ഡ് തരപ്പെടുത്തി അക്കൗണ്ടിലേക്ക് മറ്റാളുകളെകൊണ്ട് പണം നിക്ഷേപിച്ച് പണം തട്ടിയെടുക്കുന്ന രീതിയും ഇയാള്‍ നടത്തിയിരുന്നു. ആറ് മൊബൈല്‍ ഫോണുകളും, പത്തിലധികം വ്യാജ തിരിച്ചറിയല്‍ രേഖകളും പോലിസ് കണ്ടെത്തിയിട്ടുണ്ട്. മല്ലപ്പള്ളി സ്വദേശിനി പത്രപരസ്യം കണ്ട് അഞ്ചു ലക്ഷം രൂപ ആവശ്യപ്പെട്ടിരുന്നു. ഈ തുകയ്ക്ക് 5000 രൂപ കമ്മീഷനും ഒരു ലക്ഷം രൂപ സെക്യൂരിറ്റിയും ഉള്‍പ്പെടെ 1,05,000 രൂപ കോഴഞ്ചേരിയിലുള്ള ദേശസാല്‍കൃതബാങ്കിലുള്ള ഹാരിസിന്റെ അക്കൗണ്ടിലേക്ക് അയപ്പിച്ചു. എന്നാല്‍ ഒരാഴ്ച കഴിഞ്ഞ് പത്ര പരസ്യത്തില്‍ കണ്ട ഫോണ്‍ നമ്പരില്‍ ബന്ധപ്പെട്ടപ്പോള്‍ ഫോണ്‍ സ്വിച്ച് ഓഫ് നിലയിലായിരുന്നു. തുടര്‍ന്ന് പത്തനംതിട്ട ഡിവൈഎസ്പിക്ക് ഇവര്‍ പരാതി നല്‍കിയതിനെ തുടര്‍ന്ന് ആറന്മുള പോലിസ് കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണത്തിലൊടുവിലാണ് ഇയാളെ അറസ്റ്റ് ചെയ്തത്. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ വീടുകള്‍ വാടകയ്‌ക്കെടുത്ത് ആര്‍ഭാട ജീവിതമാണ് ഇയാള്‍ നിയച്ചിരുന്നതെന്നും പോലിസ് പറഞ്ഞു.
കുവൈറ്റ് എംബസി ഉദ്യോഗസ്ഥനാണെന്നും വിദേശരാജ്യങ്ങളിലെ വിവിധ ധനകാര്യ സ്ഥാപനങ്ങളില്‍ നിന്നും തനിക്ക് പണം ലഭിക്കുന്നുണ്ടെന്നും ഈ പണമാണ് വായ്പക്കുപയോഗിക്കുന്നതെന്നും പറഞ്ഞാണ് ഇയാള്‍ ആളുകളെ വിശ്വസിപ്പിച്ചിരുന്നത്. വിവിധ സ്റ്റേഷനിലായി നൂറിലധികം പരാതികള്‍ ഉണ്ടെന്നാണ് പോലിസിന്റെ നിഗമനം പത്തനംതിട്ട ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയില്‍ ഹാജരാക്കിയ ഇയാളെ റിമാന്‍ഡ് ചെയ്തു.
Next Story

RELATED STORIES

Share it