വായ്പാ മൊറട്ടോറിയം നടപ്പാക്കുന്നതില്‍ പ്രതിസന്ധിയെന്നു ബാങ്കുകള്‍

തിരുവനന്തപുരം: പ്രളയബാധിതരുടെ വായ്പയ്ക്ക് മൊറട്ടോറിയം നടപ്പാക്കുന്നതില്‍ പ്രതിസന്ധി. സംസ്ഥാനത്തെ മുഴുവന്‍ പ്രളയബാധിതമായി പ്രഖ്യാപിക്കാതെ മൊറട്ടോറിയം നടപ്പാക്കുന്നതു പ്രായോഗികമായി ബുദ്ധിമുട്ടാണെന്നു ബാങ്കുകള്‍ അറിയിച്ചു.
അതേസമയം, ബാങ്കുകളുടെ ആവശ്യം പ്രായോഗികമല്ലെന്നും പ്രശ്‌നം പരിഹരിക്കാന്‍ ചീഫ് സെക്രട്ടറിയെ ചുമതലപ്പെടുത്തിയെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ പ്രതികരിച്ചു. മൊറട്ടോറിയവും പലിശയിളവും ചര്‍ച്ച ചെയ്യുന്നതിനായി ബാങ്കുകളുടെ യോഗം വിളിക്കുമെന്നു സര്‍ക്കാര്‍ ഹൈക്കോടതിയെ അറിയിച്ചു. 400 വില്ലേജുകള്‍ പ്രളയബാധിതമാണെന്നും സര്‍ക്കാര്‍ നിലപാടെടുത്തു. വില്ലേജ് അടിസ്ഥാനത്തിലാണ് പ്രളയബാധിത മേഖലകള്‍ പ്രഖ്യാപിക്കുന്നത്. എന്നാല്‍, ബാങ്കുകള്‍ സംസ്ഥാന അടിസ്ഥാനത്തിലാണ് പ്രവര്‍ത്തനമേഖല തിരിച്ചിരിക്കുന്നത്. ഇതുമൂലം വില്ലേജ് അടിസ്ഥാനത്തില്‍ പ്രളയബാധിതരുടെ വായ്പയ്ക്കു മൊറട്ടോറിയം നല്‍കുന്നതില്‍ ശാഖകള്‍ക്കു പ്രായോഗിക ബുദ്ധിമുട്ടുണ്ടെന്നാണു ബാങ്കുകളുടെ വാദം.
വായ്പയുടെ ഈട് പ്രളയബാധിത മേഖലയിലാണെങ്കിലും പ്രളയബാധിത മേഖലയല്ലാത്ത വില്ലേജിലെ ശാഖയില്‍ നിന്നുള്ള വായ്പയ്ക്ക് മൊറട്ടോറിയം നല്‍കാനാവില്ലെന്നു ബാങ്കുകള്‍ പറയുന്നു. സമാനമായ നിരവധി ആശയക്കുഴപ്പങ്ങള്‍ ശാഖകളിലുണ്ട്. മുമ്പു തമിഴ്‌നാട് ചെയ്തതുപോലെ സംസ്ഥാനവ്യാപകമായി പ്രളയബാധിതമായി പ്രഖ്യാപിച്ചാല്‍ ഈ ബുദ്ധിമുട്ട് പരിഹരിക്കാമെന്നാണു ബാങ്കേഴ്‌സ് സമിതി പറയുന്നത്.
എന്നാല്‍, നേരത്തേ മൊറട്ടോറിയം പ്രഖ്യാപിക്കുന്ന സമയത്തു സര്‍ക്കാരുമായി നടത്തിയ ചര്‍ച്ചയില്‍ ഈ തടസ്സം ബാങ്കേഴ്‌സ് സമിതി ഉന്നയിച്ചിരുന്നില്ല. ഈ സാങ്കേതിക പ്രശ്‌നത്തിന്റെ പേരില്‍ മൊറട്ടോറിയം നടപ്പാവില്ലെന്ന ആശങ്ക വേണ്ടെന്നും ബാങ്കേഴ്‌സ് സമിതിയുമായി സംസാരിക്കാന്‍ ചീഫ് സെക്രട്ടറി ടോം ജോസിനു നിര്‍ദേശം നല്‍കിയിട്ടുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു. പ്രളയബാധിതരുടെ വിദ്യാഭ്യാസ വായ്പയ്ക്ക് ആറുമാസത്തെയും മറ്റു വായ്പകള്‍ക്ക് ഒരുവര്‍ഷത്തെയും മൊറട്ടോറിയമാണ് പ്രഖ്യാപിച്ചിരുന്നത്.



Next Story

RELATED STORIES

Share it