wayanad local

വായ്പാ തിരിച്ചടവ് മുടങ്ങി; ജപ്തിനടപടികളുമായി ബാങ്കുകള്‍

പുല്‍പ്പള്ളി: വരള്‍ച്ചയും കൃഷിനാശവും വിലയിടിവും മൂലം വായ്പാ തിരിച്ചടവ് മുടങ്ങിയതിന്റെ പേരില്‍ സര്‍ഫാസി ആക്റ്റ് ഉപയോഗിച്ച് ഭൂമി കരസ്ഥപ്പെടുത്താന്‍ ബാങ്കുകള്‍ നടപടി ആരംഭിച്ചതോടെ കര്‍ഷകര്‍ ആശങ്കയില്‍. പുല്‍പ്പള്ളി, മുള്ളന്‍കൊല്ലി, പൂതാടി പഞ്ചായത്തുകളിലായി രണ്ടായിരത്തോളം കര്‍ഷകര്‍ക്കാണ് ബാങ്കുകള്‍ നോട്ടീസ് അയച്ചിരിക്കുന്നത്. മാര്‍ച്ച് 30നകം വായ്പ പുതുക്കിയില്ലെങ്കില്‍ ഭൂമി പിടിച്ചെടുക്കാനാണ് ബാങ്കുകളുടെ തീരുമാനം. ഇതിനു പുറമെ നിരവധി കര്‍ഷകരുടെ ഭൂമികളാണ് ബാങ്കുകള്‍ കോടതി മുഖേന ലേലം ചെയ്യാന്‍ വച്ചിരിക്കുന്നത്. കോടതി മുഖേന ഭൂമി ലേലം ചെയ്ത് തുക വസൂലാക്കാനുള്ള നീക്കത്തിലാണ് മേഖലയിലെ ദേശസാല്‍കൃത ബാങ്കുകള്‍.
വര്‍ഷങ്ങളായുണ്ടാവുന്ന കാലാവസ്ഥാ വ്യതിയാനവും രോഗബാധയും ഉല്‍പാദനക്കുറവും വിലയിടിവുമാണ് കര്‍ഷകര്‍ കടുത്ത പ്രതിസന്ധിയിലാവാന്‍ കാരണം. പല കര്‍ഷകര്‍ക്കും വായ്പാ തിരച്ചടവിന് സാവകാശം നല്‍കാതെ നിയമനടപടികളുമായി മുന്നോട്ടുപോവാനുള്ള നീക്കത്തിലാണ് ബാങ്കുകള്‍. ജപ്തി നടപടികള്‍ കോടതി മുഖേന ആയതിനാല്‍ കര്‍ഷക സംഘടനകള്‍ക്കോ രാഷ്ട്രീയ സംഘടനകള്‍ക്കോ പ്രതിരോധിക്കാന്‍ കഴിയാത്ത അവസ്ഥയാണ്. മേഖലയില്‍ കാര്‍ഷിക പ്രതിസന്ധിയും വരള്‍ച്ചയും ഉണ്ടായിട്ടുപോലും കര്‍ഷകുടെ വായ്പകള്‍ക്ക് സാവകാശം നല്‍കുന്നതിനോ മൊറട്ടോറിയം പ്രഖ്യാപിക്കുന്നതിനോ സമ്മര്‍ദം ചെലുത്താന്‍ രാഷ്ട്രീയ-കര്‍ഷക സംഘടനകള്‍ തയ്യാറാവുന്നില്ലെന്നാണ് കര്‍ഷകരുടെ പരാതി.
ദേശസാല്‍കൃത ബാങ്കുകളോടൊപ്പം തന്നെ കാര്‍ഷിക സഹകരണ ബാങ്കുകളും വായ്പ തിരിച്ചടവ് മുടങ്ങിയതിന്റെ പേരില്‍ കര്‍ഷകരുടെ വീടുകളിലെത്തി ഭീഷണിപ്പെടുത്തി പണം വസൂലാക്കാനുള്ള ശ്രമങ്ങളാരംഭിച്ചതോടെ കുടിയേറ്റ മേഖലയിലെ കര്‍ഷകര്‍ കടുത്ത പ്രതിസന്ധിയാണ് നേരിടുന്നത്. കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ പ്രശ്‌നത്തില്‍ ഇടപെടുന്നതിന് ജില്ലയിലെ ജനപ്രതിനിധികള്‍ സമ്മര്‍ദം ചെലുത്തിയാല്‍ മാത്രമേ പ്രശ്‌നത്തിന് പരിഹാരം കാണാന്‍ കഴിയുകയുള്ളൂ. എന്നാല്‍, ഇക്കാര്യത്തില്‍ യാതൊരു നടപടികളും ഉണ്ടാവാത്തതു കര്‍ഷകരെ കടുത്ത പ്രതിസന്ധിയിലാക്കിയിരിക്കുകയാണ്.
Next Story

RELATED STORIES

Share it