Flash News

വായ്പാ തട്ടിപ്പ് : ഇരകളെ രക്ഷിക്കാന്‍ പാക്കേജ് തയ്യാറാക്കും



തിരുവനന്തപുരം: റിയല്‍ എസ്റ്റേറ്റ് മാഫിയയുടെ വായ്പാ തട്ടിപ്പിനിരയായി കിടപ്പാടം നഷ്ടപ്പെട്ട 17 കുടുംബങ്ങളെ സഹായിക്കാന്‍ ഒത്തുത്തീര്‍പ്പ് പാക്കേജ് തയ്യാറാക്കാന്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗം തീരുമാനിച്ചു. എറണാകുളം ജില്ലയില്‍ 2008-2009 കാലത്ത് വായ്പാ തട്ടിപ്പിന് ഇരയായവര്‍ക്കാണ് ഭൂമിയുടെ ഉടമസ്ഥാവകാശം തിരിച്ചുലഭിക്കാനാവശ്യമായ പാക്കേജിന്റെ ഗുണം ലഭിക്കുക.സംസ്ഥാനതല ബാങ്കേഴ്‌സ് കമ്മിറ്റിയാണ് പാക്കേജ് തയ്യാറാക്കേണ്ടത്. ഒത്തുതീര്‍പ്പ് പാക്കേജ് ഉണ്ടാക്കുമ്പോള്‍ തന്നെ തട്ടിപ്പുകാര്‍ക്കെതിരായ ക്രിമിനല്‍ നടപടികള്‍ ശക്തമായി മുന്നോട്ടു കൊണ്ടുപോവണമെന്നും മുഖ്യമന്ത്രി നിര്‍ദേശിച്ചു. വായ്പ കൊടുത്ത ബാങ്കുകളിലെ ചിലരും തട്ടിപ്പിനു സഹായിച്ചിട്ടുണ്ട്. കിടപ്പാടം നഷ്ടപ്പെട്ടവര്‍ക്ക് നിയമസഹായവും നല്‍കും. കേസുകള്‍ കൈകാര്യം ചെയ്യുന്നതിന് സ്‌പെഷ്യല്‍ പ്രോസിക്യൂട്ടറെ നിയോഗിക്കണമെന്ന നിര്‍ദേശം പരിഗണിക്കുമെന്ന് മുഖ്യമന്ത്രി അറിയിച്ചു. വല്ലാര്‍പാടം ദ്വീപിലെ പനമ്പുകാട്, കാക്കനാട്ടെയും ഇരുമ്പനത്തെയും ദലിത് കോളനികള്‍, പുതുവൈപ്പ്, ഞാറയ്ക്കല്‍, ആമ്പല്ലൂര്‍, കോട്ടയം ജില്ലയിലെ കരിപ്പാടം എന്നിവിടങ്ങളിലാണ് ഏറക്കുറേ സമാനമായ വായ്പാ തട്ടിപ്പ് നടന്നത്. തട്ടിപ്പിനിരയായ കുടുംബങ്ങളില്‍ പതിനൊന്നും ദലിത് വിഭാഗത്തില്‍പ്പെട്ടവരാണ്. അത്യാവശ്യത്തിന് വായ്പ കിട്ടാതെ വിഷമിച്ച അവസ്ഥയില്‍ ഭൂമിയുടെ ആധാരം ഈടിന്മേല്‍ വായ്പ ശരിയാക്കിക്കൊടുക്കുമെന്ന് പരസ്യപ്പെടുത്തിയാണ് പാവങ്ങളെ കെണിയില്‍ വീഴ്ത്തിയത്. ചതിയില്‍പ്പെട്ട രണ്ടുപേര്‍ ആത്മഹത്യ ചെയ്തു. ആറുപേര്‍ അകാലചരമം അടഞ്ഞു. ഈ വിഷമസ്ഥിതിയില്‍ നിന്നു കുടുംബങ്ങളെ രക്ഷിക്കാനാണ് സര്‍ക്കാര്‍ ഇടപെടാന്‍ തീരുമാനിച്ചത്.
Next Story

RELATED STORIES

Share it