വായ്പാതട്ടിപ്പ്: പ്രത്യേക സംഘത്തെ നിയോഗിക്കും

തിരുവനന്തപുരം: വസ്തുജാമ്യത്തിന്‍മേല്‍ ബാങ്ക് വായ്പ തരപ്പെടുത്തിക്കൊടുക്കാമെന്ന് വാഗ്ദാനം ചെയ്ത് തട്ടിപ്പു നടത്തുന്നവരെ നിയന്ത്രിക്കാനായി എസ്പി റാങ്കിലുള്ള പോലിസ് ഉദ്യോഗസ്ഥന്റെ നേതൃത്വത്തില്‍ പ്രത്യേക സംഘത്തെ നിയോഗിക്കുമെന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല നിയമസഭയെ അറിയിച്ചു. ആര്‍ക്കെങ്കിലും പരാതിയുണ്ടെങ്കില്‍ സംഘത്തെ നേരിട്ട് സമീപിച്ചാല്‍ ഉടന്‍ നടപടിയുണ്ടാവുമെന്നും വി ഡി സതീശന്റെ ശ്രദ്ധക്ഷണിക്കലിന് മറുപടിയായി മന്ത്രി അറിയിച്ചു.
സംസ്ഥാനത്ത് ബാങ്കുകളില്‍നിന്ന് സാധാരണക്കാര്‍ക്ക് ആധാരം പണയപ്പെടുത്തി വായ്പ തരപ്പെടുത്തിക്കൊടുക്കാമെന്നു പറഞ്ഞ് വരുന്ന ഇടനിലക്കാര്‍ നടത്തുന്ന തട്ടിപ്പുമൂലം പണവും കിടപ്പാടവും നഷ്ടപ്പെട്ടെന്ന പരാതികള്‍ ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ട്. ഇത്തരത്തില്‍ ലഭിച്ച 16 പരാതികളില്‍ പോലിസ് കേസെടുത്ത് കുറ്റപത്രം സമര്‍പ്പിച്ചു. വായ്പാ തിരിച്ചടവ് മുടക്കുന്ന സാധാരണക്കാരില്‍നിന്നു പണം തിരിച്ചുപിടിക്കാന്‍ പുതുതലമുറ ബാങ്കുകള്‍ ഏര്‍പ്പാടാക്കുന്ന ഗുണ്ടാസംഘങ്ങളെയും ഇതേനിലയില്‍ കൈകാര്യം ചെയ്യും. ഇത്തരം നടപടികള്‍ സര്‍ക്കാര്‍ ഒരു കാരണവശാലും അനുവദിക്കില്ല. ഇന്ത്യയിലാകെ വന്‍കിട കോര്‍പറേറ്റുകള്‍ കോടിക്കണക്കിന് രൂപയുടെ വായ്പാ കുടിശ്ശിക തിരിച്ചടയ്ക്കാതിരിക്കുമ്പോഴാണ് ഒരു ലക്ഷം രൂപയും മറ്റും വായ്പയെടുക്കുന്ന സാധാരണക്കാര്‍ക്കെതിരേ റവന്യൂ റിക്കവറി നടപടി സ്വീകരിക്കുന്നത്. ഓപറേഷന്‍ കുബേര ഫലപ്രദമായി നടപ്പാക്കിയതു വഴി സംസ്ഥാനത്ത് ഇപ്പോള്‍ ബ്ലേഡ്മാഫിയ ഇല്ലാതായിട്ടുണ്ടെന്നും മന്ത്രി ചൂണ്ടിക്കാട്ടി.
Next Story

RELATED STORIES

Share it