Second edit

വായനവാരം



ഇന്നലെ കേരളത്തില്‍ വായനവാരം ആരംഭിച്ചു. കേരള സ്‌റ്റേറ്റ് ലൈബ്രറി കൗണ്‍സിലിന്റെ ആഭിമുഖ്യത്തില്‍ വിപുലമായ പരിപാടികള്‍ നടക്കുന്നു. സ്‌കൂളുകളില്‍ ഒരാഴ്ചക്കാലം കുട്ടികളില്‍ വായനശീലം വളര്‍ത്താനുള്ള നിരവധി പ്രവര്‍ത്തനങ്ങള്‍ ആവിഷ്‌കരിച്ചു നടപ്പാക്കുന്നു. വായിച്ചാല്‍ വളരുമെന്ന് കുട്ടികളെ ബോധ്യപ്പെടുത്താന്‍ ഈ പ്രവര്‍ത്തനങ്ങള്‍ക്കു സാധിക്കും. കേരള സ്റ്റേറ്റ് ലൈബ്രറി കൗണ്‍സില്‍ പഴയ കേരള ഗ്രന്ഥശാലാ പ്രസ്ഥാനത്തിന്റെ തുടര്‍ച്ചയാണ്. കേരളത്തില്‍ ഗ്രന്ഥശാലാ പ്രസ്ഥാനത്തിനു തുടക്കം കുറിച്ച പി എന്‍ പണിക്കരുടെ ചരമദിനമായ ജൂണ്‍ 19 ആണ് വായനദിനമായി ആചരിക്കുന്നത്. പിന്നീടുള്ള ഒരാഴ്ചക്കാലമാണ് വായനവാരം. ഓരോ ഗ്രാമത്തിലും കാല്‍നടയായി എത്തി ഗ്രന്ഥാലയങ്ങള്‍ സ്ഥാപിച്ച, കോട്ടയം ജില്ലയിലെ നീലംപേരൂര്‍ സ്വദേശിയായ പി എന്‍ പണിക്കര്‍ പിന്നീട് അനൗപചാരിക വിദ്യാഭ്യാസ വികസന സമിതി(കാന്‍ഫെഡ്)ക്ക് രൂപം നല്‍കുകയും അതുവഴി സാക്ഷരതാ പ്രസ്ഥാനം വളര്‍ത്തുന്നതില്‍ വലിയ പങ്കുവഹിക്കുകയും ചെയ്തു. ഇപ്പോള്‍ പുസ്തകവായനയുടെ രൂപം മാറി. ഡിജിറ്റല്‍ വായനയാണ് ഇന്നു നടക്കുന്നത്. ഓണ്‍ലൈന്‍ വായന, ബ്ലോഗ്, ഇ-ബുക്ക് റീഡിങ് തുടങ്ങിയ നിരവധി ഉപാധികളിലൂടെ വായന മുന്നോട്ടുപോവുന്നു. ഒരു കാര്യം തീര്‍ച്ച: വായന മരിക്കുന്നില്ല. വായിക്കുക എന്നാണല്ലോ ദൈവവചനം.
Next Story

RELATED STORIES

Share it