kozhikode local

വായനയിലൂടെ ലഭിക്കുന്നത് മനുഷ്യ സ്‌നേഹത്തിന്റെ ഇഴപ്പൊരുത്തം : യു എ ഖാദര്‍



കോഴിക്കോട്: മനുഷ്യ സ്‌നേഹത്തിന്റെ, മനുഷ്യര്‍ തമ്മിലുള്ള അടുപ്പത്തിന്റെ ഇഴപ്പൊരുത്തം സംജാതമാവാനുള്ള അവസരമാണ് വായനശാലകളിലൂടെയും വായനയിലൂടെയും ലഭിക്കുന്നതെന്ന് പ്രശസ്ത സാഹിത്യകാരന്‍ യു എ ഖാദര്‍ പറഞ്ഞു. വിദ്യാഭ്യാസ വകുപ്പ്, വിവര- പൊതുജന സമ്പര്‍ക്ക വകുപ്പ്, ജില്ലാ ലൈബ്രറി കൗണ്‍സില്‍, പി എന്‍ പണിക്കര്‍ ഫൗണ്ടേഷന്‍ എന്നിവ ചേര്‍ന്ന് പി എന്‍ പണിക്കര്‍-ഐ വി ദാസ് അനുസമരണത്തിന്റെ ഭാഗമായി സംഘടിപ്പിക്കുന്ന വായനാ പക്ഷാചരണം കോഴിക്കോട് ഗവ. മോഡല്‍ ഹൈസ്‌കൂളില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. മനുഷ്യര്‍ പല ഗണങ്ങളിലായി, പല നിറങ്ങളിലായി വിഭജിക്കപ്പെട്ടുപോവുന്ന പ്രത്യേകമായ അന്തരീക്ഷത്തി ല്‍ അതിനെതിരേ സാംസ്‌കാരികമായ ഔന്നത്യം നേടാന്‍ വായനയിലൂടെ കഴിയും. ഓരോ ഗ്രാമങ്ങളിലും ചെന്ന് അതിന്റെ ജീവിതത്തുടിപ്പുകള്‍ മനസ്സിലാക്കി ഗ്രാമങ്ങളെ കേന്ദ്രീകരിച്ച് ഗ്രന്ഥശാലാ പ്രസ്ഥാനം എങ്ങനെ വളര്‍ത്താം എന്നാലോചിക്കുകയും അതിന് വേണ്ടി ജീവിതകാലം മുഴുവന്‍ ചെലവഴിക്കുകയും ചെയ്ത വ്യക്തിയാണ് പി എന്‍ പണിക്കര്‍ എന്ന് അദ്ദേഹം അനുസ്മരിച്ചു. ജില്ലാ ലൈബ്രറി കൗണ്‍സില്‍ സെക്രട്ടറി കെ ചന്ദ്രന്‍ അധ്യക്ഷത വഹിച്ചു. ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫിസര്‍ കെ ടി ശേഖര്‍ വായനാദിന പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. പി എന്‍ പണിക്കര്‍ ഫൗണ്ടേഷന്‍ സെക്രട്ടറി അഡ്വ. എം രാജന്‍, എസ്എസ്എ ജില്ലാ കോ -ഓഡിനേറ്റര്‍ എം ജയകൃഷ്ണന്‍, ഡയറ്റ് പ്രിന്‍സിപ്പല്‍ കെ പ്രഭാകരന്‍, ജില്ലാ ലൈബ്രറി കൗണ്‍സില്‍ പ്രസിഡന്റ് എന്‍ ശങ്കരന്‍, പിടിഎ പ്രസിഡന്റ് ഷെയ്ക് ഷഫറുദ്ദീന്‍, രാമന്‍ നമ്പൂതിരി, ഡോ. ഗിരീഷ് ചോലയില്‍ സംസാരിച്ചു. തുടര്‍ന്ന് വിദ്യാര്‍ഥികളുടെ വിവിധ കലാപരിപാടികള്‍ അരങ്ങേറി. പക്ഷാചരണത്തിന്റെ ഭാഗമായി ജൂലൈ ഏഴ് വരെ സ്‌കൂളുകളിലും കോളജുകളിലും ലൈബ്രറികളിലും വിവിധ പരിപാടികള്‍ നടക്കും.
Next Story

RELATED STORIES

Share it