Kannur

വാനോളം പ്രതീക്ഷകളുമായി യു.ഡി.എഫ്; പൊരുതാനുറച്ച് എല്‍.ഡി.എഫ്.

പാനൂര്‍: പുതുതായി രൂപീകരിക്കപ്പെട്ട പാനൂര്‍ നഗരസഭയില്‍ വാനോളം പ്രതീക്ഷയുമാണ് യു.ഡി.എഫ്. രംഗത്തിറങ്ങുക.  കാലങ്ങളായി എല്‍.ഡി.എഫിന് ഒരു പ്രതീക്ഷയുമില്ലാത്ത നഗരസഭ എന്ന വിശേഷണവും പാനൂരിനുണ്ട്. അതുകൊണ്ടു തന്നെ പൊരുതി ജയിക്കുക എന്ന ലക്ഷ്യത്തോടെയായിരിക്കും എല്‍.ഡി.എഫ് ഇക്കുറിയും രംഗത്തെത്തുക. പാനൂര്‍, പെരിങ്ങളം, കരിയാട് എന്നീ മൂന്നു പഞ്ചായത്തുകള്‍ ഉള്‍ക്കൊള്ളിച്ചാണ് പുതിയ നഗരസഭ രൂപീകരിച്ചത്. വളപട്ടണം കഴിഞ്ഞാല്‍ ജില്ലയില്‍ ഏറ്റവും വിസ്തൃതി കുറഞ്ഞ രണ്ടാമത്തെ പഞ്ചായത്താണ് പാനൂരിന് 8.34 കിലോമീറ്റര്‍ ആണ് വിസ്തൃതി.മദ്‌റാസ് സംസ്ഥാനത്തിന്റെ ഭാഗമായി 1937ലാണ് പാനൂര്‍ പഞ്ചായത്ത് നിലവില്‍ വന്നത്.

പുത്തൂര്‍, കൊളവല്ലൂര്‍, പന്ന്യന്നൂര്‍, മൊകേരി അംശങ്ങള്‍ ചേര്‍ന്ന് 1953ല്‍ മേജര്‍ പഞ്ചായത്തായി. 1963ല്‍ വിഭജിച്ചാണ് ഇന്നത്തെ പാനൂര്‍ പഞ്ചായത്തുണ്ടായത്. ശേഷം പന്ന്യന്നൂര്‍, മൊകേരി, കുന്നോത്ത് പറമ്പ് പഞ്ചായത്തുകളും നിലവില്‍ വന്നു.1953ല്‍ നടന്ന സ്വകാര്യ ബാലറ്റ് അടിസ്ഥാനത്തില്‍ ആദ്യത്തെ പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ടത് പി ആര്‍ കൂറുപ്പിനെയാണ്.

1937മുതല്‍ 1953 വരെ കെ ടി പത്മനാഭന്‍ നമ്പ്യാര്‍ ആയിരുന്നു പ്രസിഡന്റ്.കൂത്തുപറമ്പ് മണ്ഡലത്തിന്റെ ആസ്ഥാനമാണ് പാനൂര്‍.പാനൂര്‍ പഞ്ചായത്ത് നഗരസഭയില്‍ ഉള്‍പ്പെട്ടിട്ടുണ്ടെങ്കിലും ഒരു നഗരസഭയുടെ പ്രൗഡി പാനൂര്‍ പഞ്ചായത്തിനുണ്ടായിരുന്നു.പോലിസ് സ്‌റ്റേഷന്‍, സി.ഐ. ഓഫിസ്,സബ് രജിസ്ട്രാര്‍ ഓഫിസ്, എ.ഇ.ഒ. ഓഫിസ്, ബി.ആര്‍.സി., സബ്ട്രഷറി, കെ.എസ്.എഫ്.ഇ., സബ് പോസ്‌റ്റോഫിസ്, പി.ഡബ്ല്യു.ഡി. ഓഫിസ്, ബി.എസ്.എന്‍.എല്‍. പഞ്ചായത്ത് ഓഫിസ് എന്നിവ ഇവിടെ നേരത്തെയുണ്ട്. രണ്ട് ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍, സാമൂഹികാരോഗ്യ കേന്ദ്രം, രണ്ട് എയ്ഡഡ് യു.പി., ഒരു ഗവ. എല്‍.പിയും ഇവിടെയുണ്ട്.പെരിങ്ങളം പഞ്ചായത്തില്‍ പെരിങ്ങത്തൂര്‍ മാത്രമാണ് ടൗണ്‍.

കണ്ണൂര്‍ ജില്ലയുടെ അതിര്‍ത്തിയാണ് പെരിങ്ങത്തൂര്‍.നഗരസഭയില്‍ ഉള്‍പ്പെടുന്ന മറ്റൊരു പഞ്ചായത്താണ് കരിയാട്. കോഴിക്കോട് ജില്ലയുമായി അതിര്‍ത്തി പങ്കിടുന്നു.മൂന്നു പഞ്ചായത്തുകളും കാര്‍ഷിക പ്രാധാന്യമുള്ളവയാണ്. ഗള്‍ഫ് മേഖലയില്‍ ജോലി ചെയ്യുന്നവര്‍ ഇവിടെ ധാരാളമുണ്ട്. നഗരസഭാ രൂപീകരണം പാനൂര്‍ ടൗണിന്റെ വികസന മുന്നേറ്റത്തിന് നാഴിക കല്ലാവും.സാമൂഹികാരോഗ്യ കേന്ദ്രം ആശുപത്രിയായി ഉയര്‍ത്തികഴിഞ്ഞു. ഇതിനായി ഒന്നര ഏക്കറോളം സ്ഥലം കണ്ടെത്തിയിട്ടുണ്ട്. ഇത് വാങ്ങാനാവശ്യമായ പണം ജനപങ്കാളിത്തത്തോടെ ശേഖരിച്ചു വരികയാണ്. അടുത്ത കാലത്തായി വന്ന ഫയര്‍‌സ്റ്റേഷനും പോലിസ് കണ്‍ട്രോള്‍ റൂമും വികസന നേട്ടമായി. രാഷ്ട്രീയമായി യു.ഡി.എഫ്. വളരെ പ്രതീക്ഷയുള്ള നഗസഭയാണ് പാനൂര്‍. പെരിങ്ങത്തൂര്‍ പഞ്ചായത്തില്‍ ലീഗ്-5, കോണ്‍ഗ്രസ്-4, ജനതാദള്‍-1, സി.പി.എം.-4 എന്നിങ്ങിനെയാണ് കക്ഷിനില. കരിയാട് ലീഗ്-5, കോണ്‍ഗ്രസ്-3, ജനതാദള്‍-1, സി.പി.എം-5ഉം സീറ്റുകള്‍ ഉണ്ട്. പാനൂരില്‍ കോണ്‍ഗ്രസ്-4, ലീഗ്-2, ജനതാദള്‍-1, സി.പി.എം-4, ബി.ജെ.പി.-2 എന്നിങ്ങിനെയാണ് ഇപ്പോള്‍ ഉള്ള രാഷ്ട്രീയനില. പുതുതായി രൂപവല്‍ക്കരിച്ച പാനൂര്‍ നഗരസഭയില്‍ 40 വാര്‍ഡുകളാണുള്ളത്.

20 എണ്ണം സ്ത്രീ സംവരണവും ഒന്ന് പട്ടികജാതി സംവരണവുമാണ്. കരട് വോട്ടര്‍ പട്ടിക പ്രകാരം 51788 വോട്ടര്‍മാരാണ് പാനൂര്‍ നഗരസഭയിലുള്ളത്. സി.പി.എമ്മില്‍ നിന്ന് ബി.ജെ.പിയിലേക്കുള്ള ചോര്‍ച്ചയും എസ്.ഡി.പി.ഐയുടെ ശക്തമായ മുന്നേറ്റവും ഇരുമുന്നണികള്‍ക്കും തലവേദന സൃഷ്ടിക്കുമെന്നുറപ്പാണ്. പുതിയ ഭരണ സമിതിക്ക് ഏറ്റവും തലവേദന സൃഷ്ടിക്കുക പാനൂരിലെ ഗതാഗത കുരുക്കാണ്. ഇച്ഛാശക്തിയുള്ള ഒരു ഭരണകൂട നിലവില്‍ വന്നാല്‍ മാത്രമെ ഇതിനൊരു പരിഹാരം കാണാനാവു. പാനൂര്‍ ടൗണിനോട് ചേര്‍ന്ന സ്‌കൂള്‍ ഗ്രൗണ്ട് രണ്ടാം ബസ്്‌സ്റ്റാന്‍ഡാക്കി മാറ്റുകയും കൂത്തുപറമ്പ്, തലശ്ശേരി സ്ഥലങ്ങളിലെ ബസ്സുകള്‍ക്ക് സ്റ്റാന്‍ഡ് അനുവദിക്കുകയും ചെയ്ത് ബസ്്സ്റ്റാന്‍ഡിനെ വിഭജിച്ചാല്‍ ഏറെകുറെ പരിഹരിക്കാന്‍ കഴിയുമെന്ന് നിരീക്ഷകര്‍ പറയുന്നു.
Next Story

RELATED STORIES

Share it