thrissur local

വാനില്‍ അഗ്നിപുഷ്പ്പം വിരിയിച്ച് പൂരം വെടിക്കെട്ട്

തൃശൂര്‍: തേക്കിന്‍കാടിന്റെ ആകാശത്ത് അഗ്നിപൂക്കള്‍ വിരിയിച്ച് തൃശൂര്‍ പൂരം വെടിക്കെട്ട്. ഓരോ അമിട്ട് വിരിയുമ്പോഴും ജനങ്ങളുടെ ആരവങ്ങള്‍ മാനം മുട്ടെ ഉയര്‍ന്നു. സുരക്ഷയുടെ ഭാഗമായി ശക്തിയേറിയ കുഴിമിന്നലുകളും ഡൈനകളും ഇക്കുറിയും ഇല്ലായിരുന്നു.
അടയ്ക്കാപ്പെട്ടികളും നിലയമിട്ടുകളും പൂരക്കുട വിരിയിച്ച അമിട്ടുകളുമെല്ലാം നിരന്നപ്പോള്‍ അവിസ്മരണീയമായ വര്‍ണകാഴ്ചകളുടെ വിരുന്നായി. ഉയരമധികംപോകാത്ത അമിട്ടുകളായിരുന്നു ഇത്തവണത്തെ വെടിക്കെട്ടിലെ പ്രത്യേകത.പുലര്‍ച്ചെ മൂന്നരയോടെ പാറമേക്കാവ് വിഭാഗം ആദ്യം തീകൊളുത്തിയപ്പോള്‍ ആര്‍പ്പുവിളിയോടെയാണ് ജനം വരവേറ്റത്. നാലുമണിയോടെ തിരുവമ്പാടിയുടെ വെടിക്കെട്ടിനും തിരികൊളുത്തി. കൂട്ടപൊരിച്ചലോടെയാണ് ഇരുകൂട്ടരും വെടിക്കെട്ട് തീര്‍ത്തത്.
പിന്നെ വെളുക്കുംവരെ തേക്കിന്‍കാട് മൈതാനിയുടെ ആകാശത്ത് അമിട്ടുകളുടെ പൂരം.മാനത്ത് അഗ്നിനക്ഷത്രങ്ങള്‍ വിരിയിച്ചുകൊണ്ടു നടന്ന വെടിക്കെട്ട് ജനലക്ഷങ്ങള്‍ മൊബൈല്‍ ക്യാമറയില്‍ പകര്‍ത്തി. കഴിഞ്ഞതവണത്തെപോലെ ഇക്കുറിയും സ്വരാജ് റൗണ്ടില്‍ രാഗം തിയേറ്ററിന് മുന്‍വശം മുതല്‍ നായ്ക്കനാല്‍ വരെയുള്ള ഭാഗത്തേക്ക് ആരെയും പ്രവേശിപ്പിച്ചില്ല. വെടിക്കെട്ടിന്റെ സുരക്ഷാ നിയമനനുസരിച്ച് ഈ പ്രദേശം ഒഴിച്ചിട്ടാണ് വെടിക്കെട്ട് നടത്തിയത്. സ്വരാജ് റൗണ്ടിന്റെ ശേഷിക്കുന്ന ഭാഗങ്ങളില്‍ മൈതാനത്തോട് ചേര്‍ന്ന പ്രദേശവും ഒഴിച്ചിട്ടു. അത്യാഹിതമുണ്ടായാല്‍ രക്ഷാപ്രവര്‍ത്തനം നടത്താനുള്ള സൗകര്യത്തിനാണ്  ഈ ക്രമീകരണങ്ങള്‍ ചെയ്തത്.
Next Story

RELATED STORIES

Share it