kozhikode local

വാനര ശല്യം: പൊട്ടിക്കയ് പ്രദേശവാസികള്‍ ദുരിതത്തില്‍

താമരശ്ശേരി: വാനര ശല്യം മൂലം പുതുപ്പാടി പൊട്ടിക്കയ് പ്രദേശ വാസികള്‍ ദുരിതത്തില്‍. കാട്ടുപന്നി ശല്യത്തിനിടയിലാണ് വാനര ശല്യം കൂടി കര്‍ഷകരെ വേട്ടയാടുന്നത്. വയനാടന്‍ ചുരത്തിനു താഴ്‌വാരത്തായി സ്ഥിതി ചെയ്യുന്ന മുപ്പതേക്ര, പൊട്ടിക്കയ്,മരുതിലാവ് പ്രദേശങ്ങളിലെ നൂറുക്കണക്കിനു കുടുംബങ്ങളാണ് കുരങ്ങന്മാരുടെ ശല്യം മൂലം കഷ്ടപ്പെടുന്നത്.
ചുരത്തില്‍ താമസിക്കുന്ന ഇവ കൂട്ടമായും ഒറ്റയായും ഗ്രാമങ്ങളിലേക്ക് ഇറങ്ങിയാണ് കൃഷികളും മറ്റും നശിപ്പിക്കുന്നത്.വീടുകളില്‍ നിന്നും കിട്ടുന്നതെല്ലാം എടുത്തുകൊണ്ടുപോവുകയും ചെയ്യുന്നു. പലതും ഭാഗികമായി നശിപ്പിച്ചിടുന്നതും ഇവയുടെ ഹോബിയായിമാറിയതായി നാട്ടുകാര്‍ പറയുന്നു.തെങ്ങില്‍ നിന്നും ഇളനീരും കരിക്കും മച്ചിങ്ങയുമടക്കം പൂക്കുലവരെ ഇവ നശിപ്പിക്കുന്നു. കൊക്കോ തോട്ടങ്ങളില്‍ നിന്നും വ്യാപകമായി കൊക്കോ കായകള്‍ മൂപ്പത്തുന്നതിനു മുമ്പായിതന്നെ പറിച്ചു ഭക്ഷിക്കുകയും ചെയ്യുന്നു.
ഇവയെ വിരട്ടി ഓടിക്കാന്‍ പോലും കര്‍ഷകര്‍ക്കും പ്രദേശ വാസികള്‍ക്കും ഏറെ ഭയമാണ്. കാട്ടുപന്നി ശല്യം മൂലം പൊറുതി മുട്ടിയ കര്‍ഷകര്‍ പലരും ചെറുകൃഷികള്‍ ഉപേക്ഷിച്ച നിലയിലാണ്. തെങ്ങും,കമുകും, കൊക്കോയും പന്നികള്‍ നശിപ്പിക്കാത്തതായിരുന്നു കര്‍ഷകര്‍ക്കാശ്വാസമായിരുന്നത്.
എന്നാല്‍ ഇപ്പോള്‍ വനരപ്പട കൃഷി ഭൂമിയിലിറങ്ങിയതോടെ എല്ലാതരം കൃഷികളും നശിപ്പിക്കുന്നതാണ് കര്‍ഷകര്‍ക്ക് ആഘാതമായി മാറുന്നത്. കൃഷി നാശത്തിനു പുറമേ വീടുകളില്‍ കയറി ഭക്ഷണവും വസ്ത്രവും എടുത്തു കൊണ്ടുപോവുകയും ചെയ്യുന്നു. ഓല,ഷീറ്റ് ഇവകൊണ്ട് മേഞ്ഞ വീടുകളില്‍ ഇവ കടിച്ചു കീറി നശിപ്പിക്കുകയും ചെയ്യുന്നു.കോഴി കൂടുകളില്‍ നിന്നും കോഴിമുട്ടയും ഇവ എടുത്തു ഭക്ഷിക്കുന്നു.
വാനര ശല്യത്തില്‍ നിന്നും രക്ഷിക്കണമെന്നാവശ്യപ്പെട്ടു ജനകീയ സമിതി പ്രവര്‍ത്തകരും നാട്ടുകാരും വനം വകുപ്പധികൃതരെ സമീപിച്ചിരുന്നെങ്കിലും ഫലം ഉണ്ടായിട്ടില്ല.വാനര ശല്യത്തില്‍ നിന്നും രക്ഷപ്പെത്തണമെന്നാവശ്യപ്പെട്ടു ജനകീയ സമിതിയുടെ നേതൃത്വത്തില്‍ പ്രക്ഷോഭത്തിനൊരുങ്ങുകയാണ് പ്രദേശ വാസികള്‍.
Next Story

RELATED STORIES

Share it