kasaragod local

വാനരപ്പട കാര്‍ഷിക വിളകള്‍ നശിപ്പിക്കുന്നത് പതിവായി; കര്‍ഷകര്‍ കൃഷി ഉപേക്ഷിക്കുന്നു



ബദിയടുക്ക: വന മേഖലയില്‍ നിന്നും കൂട്ടമായെത്തുന്ന കുരങ്ങുകള്‍ കൃഷിയിടങ്ങളില്‍ കയറി കൃഷി നശിപ്പിക്കുന്നത് പതിവാകുന്നു. മുന്‍ കാലങ്ങളില്‍ കാട്ടാന കൂട്ടം കൃഷിയിടങ്ങളില്‍ ഇറങ്ങി കാര്‍ഷിക വിളകള്‍ നശിപ്പിച്ചിരുന്നുവെങ്കില്‍ ഇപ്പോള്‍ കാട്ടാന മാത്രമല്ല കര്‍ഷകന്റെ ശത്രു കുരങ്ങുകളുമാണ്്. മുളിയാര്‍ പഞ്ചായത്തിലെ ഇരിയണ്ണി, ബേപ്പ്, കുണിയേരി, തിയടുക്കം തുടങ്ങിയ സ്ഥലങ്ങളിലെ 108 കുടുംബങ്ങളില്‍ 95 കുടുംബങ്ങളും കൃഷിയെ ആശ്രയിക്കുന്നവരാണ്. എന്നാല്‍ കര്‍ണാടക വനമേഖലയില്‍ നിന്നും കൂട്ടംകൂട്ടമായെത്തുന്ന കുരങ്ങുകള്‍ കര്‍ഷകന്റെ സ്വപ്‌നങ്ങള്‍ പിഴുതെറിഞ്ഞ് വ്യാപകമായി കൃഷി നശിപ്പിക്കുവാന്‍ തുടങ്ങിയതോടെ ഗത്യന്തരമില്ലാതെ കണ്ണീരും കൈയുമായി കഴിയുകയാണ് കര്‍ഷക കുടുംബങ്ങള്‍. ഇവിടുത്തെ കര്‍ഷകരുടെ മുഖ്യ വിളകളിലൊന്നാണ് തെങ്ങ്. കൂടാതെ വാഴ, സപ്പോട്ട, പച്ചക്കറികള്‍ എന്നിവയും കുരങ്ങുകള്‍ നശിപ്പിക്കുന്നു. അതോടോപ്പം കാട്ടുപോത്ത് ശല്യവും രൂക്ഷമാണ്. ബദിയടുക്ക, ദേലംപാടി, കുമ്പഡാജെ, കാറഡുക്ക, എന്‍മകജെ, ബേഡഡുക്ക, മുളിയാര്‍ പഞ്ചായത്തുകളിലെ വന മേഖലയോട് ചേര്‍ന്ന പ്രദേശങ്ങളില്‍ നിന്നുമെത്തുന്ന വന്യ മൃഗങ്ങളാണ് വ്യാപകമായി കാര്‍ഷിക വിളകള്‍ നശിപ്പിക്കുന്നത്. കൂട്ടമായെത്തുന്ന കുരങ്ങന്‍മാര്‍ തെങ്ങുകളില്‍ കയറി ഇളനീരുകള്‍ പറിച്ചിടുകയും അടക്ക കുലകള്‍, വാഴക്കുലകള്‍, കൊക്കോകള്‍ നശിപ്പിക്കുമ്പോള്‍ മറ്റൊരു വശത്ത് കാട്ടുപന്നികളും കാട്ടു പോത്തുകളും നെല്‍ കൃഷി, പച്ചക്കറി, കപ്പ കൃഷികള്‍ പാടെ നശിപ്പിക്കുകയാണ്. മയിലുകളുടെ ഭീഷണി നേരിടുന്നത് പപ്പായ കര്‍ഷകരും പച്ചക്കറി കര്‍ഷകരുമാണ്. വീത്ത് വിതച്ച് തൈ ആവുന്നതിനിടയില്‍ പാടെ കൊത്തി നശിപ്പിക്കുകയാണ് പതിവ്. ഇതോടൊപ്പം അതിര്‍ത്തി പ്രദേശങ്ങളിലെ റബര്‍ മരങ്ങളും കര്‍ഷകര്‍ കൃഷി സംരക്ഷിക്കുന്നതിന് വേണ്ടി കെട്ടുന്ന വേലികളും വലകളും തകര്‍ത്ത് കാട്ടുമൃഗങ്ങള്‍ കൃഷിയിടത്തില്‍ കയറി കാര്‍ഷിക വിളകള്‍ വ്യാപകമായി നശിപ്പിക്കുന്നത് പതിവായിട്ടുണ്ട്. വന്യ മൃഗങ്ങളുടെ ശല്യം കാരണം പലരും കൃഷിയില്‍ നിന്നും പിന്തിരിയുകയാണ്. ബാങ്കുകളില്‍ നിന്നും ധനകാര്യ സ്ഥാപനങ്ങളില്‍ നിന്നും വായ്പ എടുത്ത് കൃഷി ആരംഭിച്ചവര്‍ക്കെല്ലം ഇപ്പോള്‍ തിരിച്ചടിയായി, നഷ്ട കച്ചവാടമായി മാറുമ്പോള്‍ കാര്‍ഷിക വിളകളുടെ സംരക്ഷണത്തിനായി അധികൃതരുടെ കനിവ് തേടുകയാണ് കര്‍ഷകര്‍.
Next Story

RELATED STORIES

Share it