palakkad local

വാനനിരീക്ഷണ കേന്ദ്രം സന്ദര്‍ശകര്‍ക്ക് ഉപയോഗപ്പെടുന്നില്ല

മലമ്പുഴ: മലമ്പുഴയില്‍ കഴിഞ്ഞ മാസം ഉദ്ഘാടനം ചെയ്തു സന്ദര്‍ശകര്‍ക്ക് തുറന്നു കൊടുത്ത വാനനിരീക്ഷണ കേന്ദ്രം പ്രതീക്ഷിച്ച ഫലം കാണുന്നില്ലെന്നാരോപണം. ഉദ്യാനത്തിലെത്തുന്ന സന്ദര്‍ശകര്‍ക്ക് ആകാശക്കാഴ്ചകളുടെ ദൃശ്യ ചാരുതയൊരുക്കാനായി 16.5 ലക്ഷം രൂപ ചെലവിട്ട് സ്ഥാപിച്ച ടെലിസ്‌കോപ്പ് ടവറിന്റെ പ്രവര്‍ത്തന സമയമാണ് സന്ദര്‍ശകരെ ദുരിതത്തിലാക്കുന്നത്. ഡാം സുരക്ഷാ മാനദണ്ഡപ്രകാരം രാത്രികാലങ്ങളില്‍ 8 മണിക്കു ശേഷം പ്രവേശനം നിരോധിച്ച സ്ഥലത്താണ് വാനനിരീക്ഷണ കേന്ദ്രം സ്ഥാപിച്ചിരിക്കുന്നത്. ഉദ്യാനത്തിന്റെ പ്രവേശ കവാടത്തില്‍ നിന്നും വാനനിരീക്ഷണ കേന്ദ്രത്തിലേക്ക് 15 മിനിറ്റ് നടക്കണം. ഇതു കാരണം എല്ലാവര്‍ക്കും ഇവിടേത്തെത്താന്‍ കഴിയുന്നില്ല. വാനനിരീക്ഷണ കേന്ദ്രത്തിലൂടെ കാഴ്ചകള്‍ കാണാന്‍ പറ്റിയ സമയം രാത്രി 7 മണിക്കുശേഷമാണ്. ആ സമയത്ത് വാനനിരീക്ഷണ കേന്ദ്രത്തിന്റെ പ്രവര്‍ത്തന സമയമവസാനിപ്പിക്കുകയും ചെയ്യുമെന്നതാണ് സന്ദര്‍ശകരുടെ കാഴ്ചകള്‍ക്ക് നിറം കെടുത്തുന്നത്. ലക്ഷങ്ങള്‍ മുടക്കിയിട്ടും ഫലത്തില്‍ ഒരു മണിക്കൂര്‍ പോലും സന്ദര്‍ശകര്‍ക്കായി ടെലിസ്‌കോപ്പ് ടവറിന്റെ പ്രയോജനം ലഭിക്കുന്നില്ല. ഉദ്യാനനഗറിയിലെത്തുന്ന സഞ്ചാരികള്‍ക്ക് ഡാമിനു സമീപത്തെ ഗവര്‍ണര്‍ സ്ട്രീറ്റില്‍ വനത്തിനകത്തെ കാട്ടുമൃഗങ്ങളെ വീക്ഷിക്കുന്നതിനായി സ്ഥാപിച്ച ദൂരദര്‍ശിനി വര്‍ഷങ്ങളായി പ്രവര്‍ത്തന രഹിതമായിരുന്നു. പത്രവാര്‍ത്തകളുടെയും വിനോദസഞ്ചാരികളുടെ നിരന്തരമുള്ള അഭ്യര്‍ത്ഥനകളുടെയും ഭാഗമായാണ്. അത്യാധുനിക രീതിയിലുള്ള പുതിയ ടെലിസ്‌കോപ്പ് ടവര്‍ സ്ഥാപിച്ചത്. ജലസേചന വകുപ്പും ടൂറിസം വകുപ്പും സംയുക്തമായാണ് സെലസ്‌ട്രോണ്‍ ടെലിസ്‌കോപ് ടവര്‍ സ്ഥാപിച്ചത്. ജിപിഎസ് സാറ്റലൈറ്റിന്റെ സഹായത്തോടെ പ്രവര്‍ത്തിക്കുന്ന കേന്ദ്രത്തില്‍ നിന്നും ഗ്രഹങ്ങളെപ്പറ്റിയുള്ള വിവരങ്ങള്‍ ആസ്‌ട്രോ ഫോട്ടോഗ്രാഫിയിലൂടെ സന്ദര്‍ശകര്‍ക്ക് ശേഖരിക്കാനാവും. ദൂരദര്‍ശിനിയിലൂടെ കാണുന്ന വസ്തുക്കളുടെ വിവരങ്ങള്‍ ഹാന്‍ഡ്കണ്‍ട്രോള്‍ ഉപയോഗിച്ച് മനസ്സിലാക്കാനും സാധിക്കും. കഴിഞ്ഞ 31 ന് ആകാശത്തെ ചാന്ദ്രവിസ്മയം കാണാന്‍ നിരവധി പേര്‍ എത്തിയെങ്കിലും  കുറച്ചുപേര്‍ക്കുമാത്രമാണ് കാഴ്ചകള്‍ കാണാനായത്.
Next Story

RELATED STORIES

Share it