Flash News

വാദ്‌നഗര്‍വാലയെ പിടിക്കാന്‍ വാദ്ഗാം ബോയ്

അഹ്മദാബാദ്: വാദ്‌നഗര്‍ സ്വദേശിയായ പ്രധാനമന്ത്രി മോദിയെ ഏറ്റവും കൂടുതല്‍ അസ്വസ്ഥമാക്കുന്ന സ്ഥാനാര്‍ഥിത്വങ്ങളിലൊന്നാണ് വാദ്ഗാമിലെ ജിഗ്്‌നേഷ് മേവാനിയുടേത്. ചത്ത പശുവിന്റെ തോലുരിച്ചതിന്റെ പേരില്‍ ഉനയില്‍ ദലിത് യുവാക്കളെ ഹിന്ദുത്വര്‍ ക്രൂരമായി മര്‍ദിച്ചതിനെ തുടര്‍ന്നുണ്ടായ ദലിത് മുന്നേറ്റമാണ് ഗുജറാത്തിലെ പരമ്പരാഗത രാഷ്ട്രീയരീതികളെ വെല്ലുവിളിച്ച് ജിഗ്‌നേഷിന്റെ സ്ഥാനാര്‍ഥിത്വത്തില്‍ എത്തിനില്‍ക്കുന്നത്. ഗുജറാത്തില്‍ കോണ്‍ഗ്രസ്സും ബിജെപിയും ഒരുപോലെ ഉയര്‍ത്തുന്ന ഹിന്ദുത്വരാഷ്ട്രീയത്തെ പൂര്‍ണമായും അപരവല്‍ക്കരിക്കുന്നതാണ് ജിഗ്‌നേഷിന്റെ സ്ഥാനാര്‍ഥിത്വം. ഹിന്ദുത്വം അടിസ്ഥാന വിഷയമായി വരാത്ത തിരഞ്ഞെടുപ്പ് ഗുജറാത്തിലെ മണ്ഡലങ്ങളില്‍ ഇതിനു മുമ്പ് ഉണ്ടായിട്ടില്ല. കോണ്‍ഗ്രസ്സിന്റെ പരമ്പരാഗത മണ്ഡലമാണെങ്കിലും കോണ്‍ഗ്രസ് ഇത്തവണ പൂര്‍ണമായും കാഴ്ചക്കാരാണ്. ജിഗ്്‌നേഷിനൊപ്പമുള്ള ജെഎന്‍യു വിദ്യാര്‍ഥിസംഘമാണ് തിരഞ്ഞെടുപ്പു പ്രചാരണത്തിന് ചുക്കാന്‍പിടിക്കുന്നത്. ആല്‍മരങ്ങളുടെ നാടായ വാദ്ഗാമില്‍ 2.16 ലക്ഷം വോട്ടര്‍മാരുള്ള മണ്ഡലത്തില്‍ 65,000 മുസ്്‌ലിം വോട്ടുകളുണ്ട്. 43,000 ദലിതുകള്‍, 25,000 ചൗധാരി വിഭാഗക്കാര്‍, 21,000 ഠാക്കൂറുകള്‍, 13,000 ദര്‍ബാറുകള്‍ എന്നിങ്ങനെയാണ് മറ്റു വിഭാഗങ്ങള്‍. 9,000 പ്രജാപതികളും 4000 ബ്രാഹ്മണരും മണ്ഡലത്തിലുണ്ട്. ഇതില്‍ മുസ്്‌ലിം, ദലിത് വിഭാഗങ്ങളുടെ വോട്ടുകള്‍ ജിഗ്്‌നേഷ് ഉറപ്പാക്കിയിട്ടുണ്ട്. ജിഗ്്‌നേഷിന് പിന്തുണ നല്‍കിയിട്ടുണ്ടെങ്കിലും സ്വതന്ത്രവേഷത്തില്‍ പ്രത്യക്ഷപ്പെട്ട കോണ്‍ഗ്രസ് വിമതന്‍ മേവാനിക്ക് വെല്ലുവിളിയാണ്. മുന്‍ കോണ്‍ഗ്രസ് എംഎല്‍എ ദോലത്ത്ഭായ് പാര്‍മര്‍ തന്റെ മകന്‍ അശ്വിന്‍ ഭായിയെ ഇവിടെ സ്വതന്ത്രനായി മല്‍സരിപ്പിക്കാന്‍ തീരുമാനിച്ചതാണ് ജിഗ്്‌നേഷിനുള്ള ഏറ്റവും വലിയ വെല്ലുവിളി. 2007ല്‍ തോറ്റെങ്കിലും ജനപ്രീതിയുള്ള നേതാവാണ് ദോലത്ത്ഭായ്. ഇതോടെ കോണ്‍ഗ്രസ്സില്‍ വ്യക്തമായ ചേരിതിരിവ് രൂപപ്പെട്ടിട്ടുണ്ട്. ആറു സ്വതന്ത്രര്‍ക്ക് പുറമേ ബിഎസ്പിയുമുണ്ട് ഇവിടെ മല്‍സരിക്കാന്‍. ശങ്കര്‍സിങ് വഗേലയുടെ ജന്‍ വികല്‍പ് മോര്‍ച്ചയാണ് ഇവിടെ മല്‍സരിക്കുന്ന മറ്റൊരു പാര്‍ട്ടി. മണ്ഡലത്തിലെ രജ്പുത്ര വോട്ടുകളാണ് ജന്‍ വികല്‍പ് മോര്‍ച്ച ലക്ഷ്യംവയ്ക്കുന്നത്. ചക്രവര്‍ത്തി വിജയകുമാര്‍ ഹര്‍ഖാഭായിയാണ് ബിജെപി സ്ഥാനാര്‍ഥി. 2012ലെ തിരഞ്ഞെടുപ്പില്‍ 53 ശതമാനം വോട്ട്‌നേടിയാണ് കോണ്‍ഗ്രസ് വിജയിച്ചത്. 21,839 ആയിരുന്നു ജയിച്ച മണിലാല്‍ വഗേലയുടെ ഭൂരിപക്ഷം. 41 ശതമാനമായിരുന്നു ബിജെപി നേടിയത്. മേവാനി ഹിന്ദുവിരോധിയാണെന്നാണ് ബിജെപിയുടെ പ്രചാരണം. ഉന പ്രക്ഷോഭകാലത്ത് മേവാനി നടത്തിയ ഹിന്ദുത്വവിരുദ്ധ പ്രസംഗങ്ങളുടെ വീഡിയോ ഇവര്‍ പ്രചരിപ്പിക്കുന്നു. തനിക്ക് രണ്ടു സഹോദരിമാരുണ്ടായിരുന്നെങ്കില്‍ അതിലൊരാളെ മുസ്്‌ലിമിന് വിവാഹം ചെയ്തുകൊടുക്കുമെന്ന മേവാനിയുടെ പ്രസംഗത്തിലെ പരാമര്‍ശമാണ് കൂടുതല്‍ പ്രചരിപ്പിക്കുന്നത്. ശുദ്ധജലം, നല്ല വിദ്യാഭ്യാസ സംവിധാനം, ആരോഗ്യ സംവിധാനം തുടങ്ങിയവയാണ് മേവാനി വാഗ്ദാനം ചെയ്യുന്നത്. ഗുജറാത്തില്‍ എസ്ഡിപിഐക്ക് കാര്യമായ സാന്നിധ്യമില്ലെങ്കിലും വാദ്്ഗാമില്‍ എസ്ഡിപിഐ ബിജെപിയുടെ പ്രചാരണായുധമാണ്. മേവാനി തീവ്രവാദികളില്‍ നിന്ന് പണം വാങ്ങിയെന്നാണ് ബിജെപി വക്താവ് സാംബിത് പട്ടാര ആരോപിച്ചിരിക്കുന്നത്. എന്നാല്‍, ഈ ആരോപണത്തിനെതിരേ തിരഞ്ഞെടുപ്പിനു ശേഷം മാനനഷ്ടക്കേസ് ഫയല്‍ ചെയ്യുമെന്നും ആര്‍എസ്എസും ബിജെപിയുമാണ് രാജ്യത്തെ ഭീകരരെന്നും അവരില്‍ നിന്നു പണം വാങ്ങിയിട്ടില്ലെന്നും ജിഗ്്‌നേഷ് മറുപടി നല്‍കുന്നു.
Next Story

RELATED STORIES

Share it