thiruvananthapuram local

വാതില്‍പ്പടി വിതരണം : അളവിനെ ചൊല്ലി വ്യാപാരികളുടെ പ്രതിഷേധം; വിതരണം മുടങ്ങി



നെടുമങ്ങാട്: റേഷന്‍ കാര്‍ഡുടമകള്‍ക്ക് കൃത്യമായ അളവിലും തൂക്കത്തിലും ഭക്ഷ്യധാന്യങ്ങള്‍ നല്‍കാന്‍ ലക്ഷ്യമിട്ട് സര്‍ക്കാര്‍ നടപ്പിലാക്കിയ വാതില്‍പ്പടി വിതരണം അട്ടിമറിക്കുന്നതായി ആരോപണം. കാര്‍ഡുടമകള്‍ക്ക് നല്‍കാന്‍ റേഷന്‍ കടകളിലെത്തിക്കുന്ന ഭക്ഷ്യധാന്യങ്ങളുടെ തൂക്കത്തില്‍ വലിയതോതില്‍ വ്യത്യാസമുണ്ടെന്നാരോപിച്ച് റേഷന്‍ വ്യാപാരികള്‍ ഇന്നലെ പഴകുറ്റി വെയര്‍ഹൗസിലെത്തി ചുമട്ടു തൊഴിലാളികളുമായി വാഗ്വാദമുണ്ടായി.  റേഷന്‍ സാധനങ്ങള്‍ ത്രാസില്‍ തൂക്കി അളവ് രേഖപ്പെടുത്തി മാത്രമേ ലോറിയില്‍ കയറ്റാന്‍ അനുവദിക്കൂ എന്ന വാദവുമായി കടയുടമകള്‍ ഉറച്ചുനിന്നപ്പോള്‍ പറ്റില്ലെന്ന നിലപാടിലായിരുന്നു ചുമട്ടുതൊഴിലാളികള്‍. ഇതോടെ മണിക്കൂറുകളോളം വിതരണം മുടങ്ങി. തൂക്കിക്കയറ്റാന്‍ തങ്ങള്‍ക്ക് കൂലി വര്‍ധിപ്പിച്ചു നല്‍കണമെന്നാണ് തൊഴിലാളികളുടെ ആവശ്യം. നിലവില്‍ ഒരു ക്വിന്റല്‍ കയറ്റുന്നതിന് 14 രൂപ 82 പൈസയാണ് കൂലി. ഇതു വര്‍ധിപ്പിക്കാതെ ചാക്കുകള്‍ തൂക്കിക്കയറ്റില്ലെന്ന നിലപാടിലായിരുന്നു തൊഴിലാളികള്‍. എന്നാല്‍ വാതില്‍പ്പടി വിതരണത്തിന്റെ ചുമതലക്കാരായ സപ്ലൈകോ ജീവനക്കാര്‍ ഈ സമയം വിഷയത്തിലിടപെടാതെ ഒഴിഞ്ഞു നിന്നത് പ്രശ്‌നം സങ്കീര്‍ണമാക്കി. ഏപ്രില്‍ 25ന് മുഖ്യമന്ത്രി വിളിച്ച് ചേര്‍ത്ത റേഷന്‍ വ്യപാരികളുടെ യോഗത്തില്‍ ഭക്ഷ്യധാന്യങ്ങള്‍ കൃത്യമായ അളവില്‍ വാതില്‍പ്പടി വിതരണത്തിലൂടെ കടകളിലെത്തിക്കുമെന്ന് തീരുമാനിച്ചിരുന്നു. ഇത് സംബന്ധിച്ച ഉത്തരവും പുറത്തിറങ്ങി. മുഴുവന്‍ ചെലവും സര്‍ക്കാര്‍ വഹിച്ച്  സാധനങ്ങള്‍ കടകളിലെത്തിക്കുന്നതിന്റെ ചുമതല ട്രാന്‍സ്‌പോര്‍ട്ടിങ് കരാറുകാര്‍ക്കാണ് നല്‍കിയിരുന്നത്. ഗോഡൗണുകളില്‍ നിന്നും കയറ്റുന്ന ഭക്ഷ്യ സാധനങ്ങള്‍ റേഷന്‍ ഡിപ്പോകളില്‍ ഇറക്കുന്നതിന് മുമ്പ് തൂക്കവും അളവും റേഷന്‍വ്യാപാരികളെ ബോധ്യപ്പെടുത്തി കൈപ്പറ്റു രസീത് വാങ്ങണമെന്നാണ് ഉത്തരവില്‍ പറഞ്ഞിട്ടുള്ളത്. എന്നാല്‍ റേഷന്‍ വ്യാപാരികളെ തൂക്കം ബോധ്യപ്പെടുത്താനുള്ള യാതൊരു സംവിധാനവുമില്ലാതെയാണ് കോണ്‍ട്രാക്ടര്‍മാര്‍ റേഷന്‍ സാധനങ്ങള്‍ കടകളിലെത്തിക്കുന്നത്. ഇതാണ് തര്‍ക്കം ഉണ്ടാകാന്‍ കാരണമായത്. ഇതു കാരണം കടകളിലെത്തിക്കുന്ന ഓരോ ചാക്കിലും ലഭിക്കുന്ന അളവില്‍ വലിയ വ്യത്യാസമുണ്ടെന്നും അടുത്ത മാസം മുതല്‍ ബയോമെട്രിക് സംവിധാനം ആരംഭിക്കുന്നതോടെ മുഴുവന്‍ കാര്‍ഡുടമകള്‍ക്കും കൃത്യമായി അളവില്‍ റേഷന്‍ സാധനങ്ങള്‍ നല്‍കാന്‍ ഇതുകാരണം കഴിയാതെ വരുമെന്നുമാണ് കടക്കാരുടെ വാദം. തുടര്‍ന്ന് താലൂക്ക് സപ്ലൈ ഓഫിസര്‍ എസ് ലാലു, സപ്ലൈകോ ഉദ്യോഗസ്ഥര്‍ തുടങ്ങിയവരെത്തി നടത്തിയ ചര്‍ച്ചയെ തുടര്‍ന്നാണ് റേഷന്‍ സാധനങ്ങള്‍ തൂക്കി ലോറിയില്‍  കയറ്റാന്‍ തീരുമാനമായത്. വിവിധ റേഷന്‍ വ്യാപാരി സംഘടനാ നേതാക്കളായ മലയടി വിജയകുമാര്‍, എസ് എസ് സന്തോഷ്‌കുമാര്‍, എ എ സലാം എന്നിവര്‍ ചര്‍ച്ചയില്‍ പങ്കെടുത്തു. ഹോള്‍സെയില്‍ സംവിധാനം അവസാനിപ്പിച്ചെങ്കിലും ചിലയിടങ്ങളില്‍ റേഷന്‍ വിതരണത്തിന് കരാറെടുത്തിട്ടുള്ളത് മുന്‍ ഹോള്‍സെയില്‍ ഉടമകളാണെന്നും ഇതാണ് ഈ രംഗത്ത് വീണ്ടും സുതാര്യത ഇല്ലാതായതെന്നും ഇവര്‍ പറയുന്നു.
Next Story

RELATED STORIES

Share it