kozhikode local

വാതക പൈപ്പ് ലൈന്‍: കാരശ്ശേരിയില്‍ റോഡുകള്‍ കീറി മുറിക്കാന്‍ അനുമതി

മുക്കം: വാതക പൈപ്പ് ലൈന്‍ പ്രവൃത്തിക്കായി റോഡ് കീറി മുറിക്കുന്നതിനായി ഗെയിലധികൃതരില്‍ നിന്ന് രാത്രി അപേക്ഷ സ്വീകരിച്ചതും യുഡിഎഫ് അംഗങ്ങളുടെ എതിര്‍പ്പും ജനഹിതവും മറികടന്ന് പ്രവൃത്തിക്ക്  അനുമതി നല്‍കിയതുമായി ബന്ധപ്പെട്ട് കാരശ്ശേരിയില്‍ വിവാദം.
ജനവാസ മേഖലയില്‍ നിന്ന് വാതക പൈപ്പ് ലൈന്‍ മാറ്റി സ്ഥാപിക്കണമെന്നാവശ്യപ്പെട്ട് സര്‍ക്കാരിന് സമര്‍പ്പിക്കുന്നതിനായി ഭരണസമിതി യോഗം ഐക്യകണ്‌ഠേന എടുത്ത പ്രമേയം മുക്കിയതായുള്ള ആക്ഷേപം നിലനില്‍ക്കേയാണ് പഞ്ചായത്തിനെതിരെ  ഗെയ്ല്‍ വിധേയത്വവുമായി ബന്ധപ്പെട്ട് പുതിയ ആക്ഷേപങ്ങളുയര്‍ന്നിരിക്കുന്നത്. ഫ്രണ്ട് ഓഫീസ് പ്രവര്‍ത്തന സമയം പിന്നിട്ട് അഞ്ച് മിനുട്ട് കഴിഞ്ഞാല്‍ പോലും സാധാരണക്കാരെ തിരിച്ചയക്കുന്നവര്‍ വാതക പൈപ്പ് ലൈനിനായി റോഡുകള്‍ കീറി മുറിക്കുന്നതിന് ഗെയിലധികൃതരില്‍ നിന്ന് അപേക്ഷ സ്വീകരിച്ചത് രാത്രി 9.37 ന്.
2018 ഫെബ്രുവരി 24 നാണ് നാല് റോഡുകള്‍ മുറിക്കുന്നതിനുള്ള അനുമതി തേടി ഗെയിലധികൃതര്‍ പഞ്ചായത്തില്‍ അപേക്ഷ നല്‍്കിയത്. കക്കാട് വലിയ പറമ്പ്‌റോഡ്, സര്‍ക്കാര്‍ പറമ്പ്‌വലിയപറമ്പ് റോഡ്, മാടകശ്ശേരി കോളനി സ്‌റ്റോപ് റോഡ്, ആലിക്കുട്ടി മാസ്റ്റര്‍ റോഡ് എന്നിവയാണ്  വാതക പൈപ്പ് ലൈനിനായി കീറി മുറിക്കുന്നത്. അപേക്ഷയില്‍ ആലിക്കുട്ടി മാസ്റ്റര്‍ റോഡ് എന്ന് കാണുന്നത് യഥാര്‍ഥത്തില്‍ എന്‍ എം ഹുസൈന്‍ സ്മാരക കാരശ്ശേരി കൊടിയത്തൂര്‍ റോഡാണ്. അതേസമയം അനുമതി നല്‍കുന്നതുമായി ബന്ധപ്പെട്ട് ഇന്നലെ നടന്ന ഭരണ സമിതി യോഗത്തില്‍ യുഡിഎഫ് അംഗങ്ങളായ എം ടി അഷ്‌റഫ്,പി പി .ശിഹാബുദ്ധീന്‍, സുഹറ കരുവോട്ട്, വി എന്‍ ജംനാസ്, എന്‍ കെ അന്‍വര്‍ എന്നിവരാണ് വിയോജന കുറിപ്പ് രേഖപ്പെടുത്തിയത്. ഗെയില്‍ പദ്ധതി സംബന്ധിച്ച് ഇരകളുടെ പ്രതിഷേധം നിലനില്‍ക്കെ റോഡുകള്‍ കീറിമുറിക്കാന്‍ അനുമതി നല്കരുതെന്നായിരുന്നു യുഡിഎഫ് അംഗങ്ങള്‍ ഉന്നയിച്ചത്.
എന്നാല്‍ ഇടത് ഭരണത്തിലിരിക്കുന്ന പഞ്ചായത്ത് ഭരണ സമിതി ഗെയിലിന്റ അപേക്ഷയില്‍ അനുകൂല നിലപാട് സ്വീകരിക്കുകയായിരുന്നു. കഴിഞ്ഞ യുഡിഎഫ് ഭരണകാലത്ത് റോഡുകള്‍ കീറി പൈപ്പിടുന്നതിന് അനുമതി തേടി ഗെയിലധികൃതര്‍  രണ്ട് തവണ പഞ്ചായത്തില്‍ അപേക്ഷ നല്‍കിയിരുന്നെങ്കിലും നിരസിക്കപ്പെടുകയായിരുന്നു.
Next Story

RELATED STORIES

Share it