Flash News

വാതകം ഐസ് രൂപത്തില്‍; കൊച്ചി ഉള്‍പ്പെടെ ഇന്ത്യന്‍ തീരങ്ങളില്‍ വന്‍തോതില്‍ വാതകനിക്ഷേപം

കൊച്ചി: കൊച്ചി ഉള്‍പ്പെടെ ഇന്ത്യന്‍ തീരങ്ങളില്‍ വന്‍തോതില്‍ വാതക നിക്ഷേപം ഉള്ളതായി റിപോര്‍ട്ട്. കൃഷ്ണ-ഗോദാവരി, കൊച്ചിയുടെ തീരം, കാവേരി നദീതടം എന്നീവിടങ്ങളിലാണ് വന്‍തോതില്‍ വാതക നിക്ഷേപം ഉളളതായി റിപോര്‍ട്ടുകള്‍ പുറത്തുവന്നത്.
അമേരിക്കല്‍ ജിയോളജിക്കല്‍ സര്‍വേയിലാണ് ഇത്തരത്തില്‍ നിക്ഷേപം കണ്ടിരിക്കുന്നതെന്നാണ് റിപോര്‍ട്ട്. 130 ലക്ഷം കോടി ക്യൂബിക് അടി ഹൈഡ്രേറ്റഡ് വാതക ശേഖരമാണത്രെ ഉള്ളത്. ലോകത്തിലെ ഏറ്റവും വലിയ രണ്ടാമത്തെ വലിയ വാതക ശേഖരമാണ് ഇതെന്നാണ് പറയുന്നത്. കടലിന്റെ അടിത്തട്ടില്‍ ഐസ് രൂപത്തിലാണു വാതകശേഖരം ഉള്ളത്. ഇത് ലാഭകരമായി ഖനനം ചെയ്‌തെടുക്കാനുള്ള സാങ്കേതികവിദ്യ കൂടി യാഥാര്‍ഥ്യമായാല്‍ അടുത്ത മൂന്നു നൂറ്റാണ്ടിലേക്കെങ്കിലും രാജ്യത്തെ ഊര്‍ജാവശ്യങ്ങള്‍ സാധ്യമാവുമെന്നും ഇന്ത്യ മറ്റൊരു ഗള്‍ഫായി മാറുമെന്നും വിദഗ്ധര്‍ പറയുന്നു.
അമേരിക്കന്‍ ജിയോളജിക്കല്‍ സര്‍വേ 15 വര്‍ഷമായി ഇതുമായി ബന്ധപ്പെട്ട പഠനം നടത്തിവരികയായിരുന്നു. ഇന്ത്യയില്‍ ഒഎന്‍ജിസിയും  ഈ ദിശയില്‍ പര്യവേക്ഷണം നടത്തിയിരുന്നു. എന്നാല്‍ ഒരു ദശകം മുമ്പുള്ള ഖനന സാങ്കേതികവിദ്യ ഉപയോഗിച്ചാല്‍ അതിഭീമമായ ചെലവു വരുമെന്നതിനാല്‍ അന്ന് ആ പദ്ധതി ഉപേക്ഷിക്കുകയായിരുന്നു. കടലില്‍ 5000 മീറ്ററില്‍  ആഴത്തില്‍ വാണിജ്യാടിസ്ഥാനത്തില്‍ ഖനനം നടത്താനുള്ള  ചെലവുകുറഞ്ഞ സാങ്കേതികവിദ്യ കണ്ടുപിടിക്കുന്നതിനുള്ള ശ്രമം അമേരിക്ക, ജപ്പാന്‍ എന്നിവിടങ്ങളില്‍ അതിവേഗം പുരോഗമിക്കുകയാണ്. ജപ്പാന്‍ ഇതു സംബന്ധിച്ച സാങ്കേതികവിദ്യാ വികസനത്തിന്റെ അവസാനഘട്ടത്തിലാണ്. 2020ഓടു കൂടി ഇതു പൂര്‍ത്തിയാവുമെന്നാണു കണക്കുകൂട്ടല്‍. അതോടെ സാങ്കേതികവിദ്യ വാങ്ങുകയോ, അല്ലെങ്കില്‍ ജപ്പാനുമായി സഹകരിച്ച ്ഇവ ഉപയോഗിക്കുകയോ ചെയ്യാനാവും. നിലവിലുള്ള വിലയേക്കാളും കുറഞ്ഞ ചെലവില്‍ പ്രകൃതിവാതകം സംസ്‌കരിച്ചെടുക്കാനാവുന്നത് എണ്ണ ഇറക്കുമതി ചെയ്യുന്ന ഇന്ത്യക്കു വലിയ നേട്ടമുണ്ടാക്കുമെന്നാണു വിലയിരുത്തല്‍. സ്രോതസ്സ് വറ്റിക്കൊണ്ടിരിക്കുന്ന അസംസ്‌കൃത എണ്ണയ്ക്കു പകരം ഇത് ഉപയോഗിക്കാനാവുന്നതു രാജ്യത്തെ വാഹനമേഖലയ്ക്കും മറ്റു വ്യവസായങ്ങള്‍ക്കും ഊര്‍ജം പകരും. പാചകവാതക വില കുറയാന്‍ സഹായിക്കും. 10 വര്‍ഷത്തിനുള്ളില്‍ വാണിജ്യാടിസ്ഥാനത്തില്‍ നിര്‍മാണം ആരംഭിക്കാനാവുമെന്നാണ് പ്രതീക്ഷ.
Next Story

RELATED STORIES

Share it