kozhikode local

വാണിമേല്‍ പഞ്ചായത്തിന്റെ ട്രാക്ടര്‍ പേരാമ്പ്രയില്‍ തുരുമ്പെടുത്ത് നശിക്കുന്നു



വാണിമേല്‍: പഞ്ചായത്തിലെ മാലിന്യം ശേഖരിക്കാനായി വാങ്ങിയ ട്രാക്ടര്‍ തുരുമ്പെടുത്ത് നശിക്കുന്നു. പേരാമ്പ്രയിലെ ഒരു വര്‍ക്ക് ഷോപ്പിനു മുന്നില്‍ ഇട്ടിരിക്കുന്ന വാഹനം വെയിലും മഴയും മഞ്ഞും കൊണ്ട് നശിക്കാര്‍ തുടങ്ങിയിട്ട് രണ്ട് വര്‍ഷമായി. എന്നാല്‍, വാഹനം റിപ്പയര്‍ ചെയ്യാന്‍ നല്‍കിയതിന് പഞ്ചായത്തില്‍ രേഖയില്ലത്രെ. 12 വര്‍ഷം മുമ്പ് അന്നത്തെ ഭരണ സമിതിയാണ് പഞ്ചായത്തിന് വേണ്ടി ലക്ഷങ്ങള്‍ മുടക്കി ട്രാക്ടര്‍ വാങ്ങിയത്. ബയോടെക്കിന്റെ ജൈവ മാലിന്യ സംസ്‌കരണ പ്ലാന്റിലേക്ക് മാലിന്യം എത്തിക്കാനായിരുന്നു വാഹനം വാങ്ങിച്ചത്. എന്നാല്‍ ജൈവമാലിന്യ പ്ലാന്റ് മാസങ്ങള്‍ മാത്രമേ പ്രവര്‍ത്തിച്ചുള്ളൂ. പിന്നീട് വര്‍ഷങ്ങളോളം ട്രാക്റ്റര്‍ മാലിന്യം നീക്കാനായി ഉപയോഗിച്ചിരുന്നു.കഴിഞ്ഞ ഭരണ സമിതിയുടെ കാലത്ത് ട്രാക്ടര്‍ പൂര്‍ണമായും ഉപയോഗശൂന്യമായി. എന്നാല്‍, വാഹനം നന്നാക്കി ഉപയോഗിക്കാന്‍ പഞ്ചായത്ത് യാതൊരു നടപടിയും സ്വീകരിച്ചില്ല. കഴിഞ്ഞ ഭരണ സമിതിയുടെ അവസാന കാലത്താണ് ട്രാക്ടര്‍ പഞ്ചായത്ത് ഓഫീസ് പരിസരത്തു നിന്നു കാണാതായത്. പഞ്ചായത്തിലെ ഒരു ഉദ്യോഗസ്ഥന്‍ വാഹനം പേരാമ്പ്രയിലെ റിപയര്‍ കേന്ദ്രത്തില്‍ എത്തിക്കുകയായിരുന്നു എന്നാണ് വിവരം.    ആരാണ് ട്രാാകടര്‍ റിപ്പയര്‍ ചെയ്യാന്‍ അനുമതി നല്‍കിയതെന്ന് പഞ്ചായത്തില്‍ ആര്‍ക്കുമറിയില്ല. മുന്‍ ഭരണ സമിതിയുടെ കാലത്താണ് വാഹനം നന്നാക്കാന്‍ കൊണ്ടുപോയത് എന്നു മാത്രമാണ് നിലവിലുള്ള ഭരണസമിതിക്കാര്‍ക്കുള്ള വിവരം. അതേസമയം, മുന്‍ഭരണ സമിതിയുടെ കാലത്ത് ട്രാക്ടര്‍ നന്നാക്കാന്‍ തീരുമാനിച്ചിട്ടില്ലെന്ന് മുന്‍ പ്രസിഡന്റ് എന്‍ കെ മൂസ്സ പറഞ്ഞു. പഞ്ചായത്തിന്റെ ആസ്തി വിവരം കൈമാറിയപ്പോള്‍ ട്രാക്ടര്‍ ഉണ്ടെന്നോ അത് റിപ്പയര്‍ ചെയ്യാന്‍ നല്‍കിയിരിക്കുകയാണെന്നോ തന്നെ അറിയിച്ചിട്ടില്ലന്ന് നിലവിലുള്ള സെക്രട്ടറിയും പറഞ്ഞു. എന്നാല്‍, പുതിയ ഭരണസമിതി ചുമതലയേറ്റെടുത്ത ശേഷം പഞ്ചായത്തിന്റെ ട്രാക്ടര്‍ ലേലം ചെയ്യണമെന്ന് ഒരു യോഗത്തില്‍ അന്നത്തെ സെക്രട്ടറി അജണ്ടയായി കൊണ്ടുവന്നെങ്കിലും ചില അംഗങ്ങളുടെ എതിര്‍പ്പിനെ തുടര്‍ന് തീരുമാനമെടുക്കാതെ മാറ്റിവെക്കുകയായിരുന്നു. ലക്ഷങ്ങള്‍ ചെലവാക്കിയാല്‍ മാത്രമേ ട്രാക്ടര്‍ ഉപയോഗയോഗ്യമാക്കാന്‍ കഴിയൂ എന്നാണ് വിദഗ്ധരുടെ അഭിപ്രായം.
Next Story

RELATED STORIES

Share it