Gulf

വാണിജ്യ കെട്ടിടങ്ങളുടെ വാടക; വര്‍ധനയില്‍ നിയന്ത്രണം വേണമെന്ന് ശൂറ കൗണ്‍സില്‍

ദോഹ: വാണിജ്യ കെട്ടിടങ്ങള്‍ക്ക് ഓരോ വര്‍ഷവും വര്‍ധിപ്പിക്കാവുന്ന വാടകയുടെ ശതമാനം കുറയ്ക്കണമെന്ന് ശൂറാ കൗണ്‍സില്‍ ശുപാര്‍ശ ചെയ്തു. ഇക്കാര്യത്തില്‍ മന്ത്രിസഭ നിശ്ചയിച്ച തുകയില്‍ കുറവ് വരുത്തണമെന്നാണ് കൗണ്‍സില്‍ ആവശ്യപ്പെട്ടത്. അടുത്ത മാസത്തോടെ അവസാനിക്കുന്ന മന്ത്രിസഭാ തീരുമാനത്തിന്റെ പ്രാബല്യം നീട്ടണമെന്ന് കൗണ്‍സിലിന്റെ വാരാന്ത്യ യോഗം നിര്‍ദേശിച്ചു. എന്നാല്‍, എത്ര കാലത്തേക്കാണ് പ്രാബല്യം നീട്ടേണ്ടതെന്ന് ശൂറാ കൗണ്‍സില്‍ വ്യക്തമാക്കിയില്ല.
മന്ത്രിസഭാ തീരുമാനത്തിന്റെ പ്രാബല്യം നീട്ടുന്നതിന് അനുസരിച്ച് അതിന്റെ ചട്ടക്കൂടില്‍ ഒപ്പുവച്ച വാടക കരാറുകളുടെ പ്രാബല്യവും നീട്ടണമെന്ന് കൗണ്‍സില്‍ അഭിപ്രായപ്പെട്ടു. റിയല്‍ എസ്റ്റേറ്റുമായി ബന്ധപ്പെട്ട സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള കമ്പനികള്‍ അവരുടെ വാടക നിലവാരം പുനപ്പരിശോധിക്കുകയും വാടകക്കാരുമായി പുതിയ കരാര്‍ ഒപ്പുവയ്ക്കുകയും വേണം. അന്യായമായി വാടക ഉയര്‍ത്തുന്നില്ലെന്ന് ഈ കമ്പനികള്‍ ഉറപ്പുവരുത്തണം. പൊതുവായുള്ള വിലവര്‍ധന പിടിച്ചുനിര്‍ത്താന്‍ ഇത് ആവശ്യമാണെന്നും കൗണ്‍സില്‍ അഭിപ്രായപ്പെട്ടു.
അന്യായമായ വാടക വര്‍ധന വ്യക്തികളെയും സമൂഹത്തെയും ദോഷകരമായി ബാധിക്കുന്നുണ്ടെന്ന് അമീര്‍ ശെയ്ഖ് തമീം ബിന്‍ ഹമദ് ആല്‍ഥാനി ശൂറ കൗണ്‍സിലിന്റെ ഉദ്ഘാടന സമ്മേളനത്തില്‍ നടത്തിയ പ്രസംഗം കൗണ്‍സില്‍ സെക്രട്ടറി ജനറല്‍ ഫഹദ് അല്‍ഖയാരീന്‍ ചര്‍ച്ചയ്ക്കിടെ ചൂണ്ടിക്കാട്ടി.
താമസ കെട്ടിടങ്ങളുടെ വാടക വര്‍ധിക്കുന്ന കാര്യവും യോഗത്തില്‍ ചര്‍ച്ചയായി. താമസ കെട്ടിടങ്ങളുടെ വാടക വര്‍ധന തടയുന്നതിന് കൂടുതല്‍ പാര്‍പ്പിട കേന്ദ്രങ്ങള്‍ ലഭ്യമാക്കണമെന്ന് ശൂറ കൗണ്‍സില്‍ ശുപാര്‍ശ ചെയ്തു. ഇതിനായി കെട്ടിടങ്ങളുടെ ഉയരം വര്‍ധിപ്പിക്കാന്‍ അനുമതി നല്‍കുകയും പഴയ കെട്ടിടങ്ങള്‍ പുനര്‍നിര്‍മിക്കുന്നതിന് പ്രോല്‍സാഹനം നല്‍കുകയും വേണം.
താമസ കെട്ടിടങ്ങളുടെ ദൗര്‍ലഭ്യം പരിഹരിക്കുന്നതിന് ഇത്തരത്തിലുള്ള കൂടുതല്‍ ബില്‍ഡിങുകള്‍ നിര്‍മിക്കുന്നതിന് സ്വദേശികളോട് കൗണ്‍സില്‍ ആഹ്വാനം ചെയ്തു.
കഴിഞ്ഞ ഏതാനും വര്‍ഷങ്ങളായി രാജ്യത്ത് പാര്‍പ്പിട, വാണിജ്യ കെട്ടിടങ്ങളുടെ വാടക വന്‍തോതില്‍ വര്‍ധിച്ചുവരികയാണ്. ജനസംഖ്യയിലുള്ള കുതിച്ചു കയറ്റമാണ് ഇതിന് ഒരു പ്രധാന കാരണം. വാടക വര്‍ധന മറ്റ് അവശ്യവസ്തുക്കളുടെ വിലയിലും ജീവിതച്ചെലവിലും കാര്യമായ വര്‍ധന സൃഷ്ടിക്കുന്നുണ്ട്.
Next Story

RELATED STORIES

Share it