malappuram local

വാണിജ്യോല്‍സവമായി കോഡൂരില്‍ കുട്ടിച്ചന്തയ്ക്ക് തുടക്കം



ചെമ്മങ്കടവ്: കോഡൂര്‍ ഗ്രാമപ്പഞ്ചായത്തിലെ മൂന്നാം വാര്‍ഡില്‍ വേനലവധികാലത്ത് കളിയും കാര്യവുമായി നടക്കാറുള്ള കുട്ടിച്ചന്തയ്ക്ക് ഈ വര്‍ഷവും തുടക്കമായി. ചെമ്മങ്കടവ് നെടുമ്പോക്കിനടുത്തെ അമ്മമാരുടെ സഹകരണത്തില്‍, കുട്ടികളുടെ കൂട്ടായ്മയില്‍ നടക്കുന്ന കുട്ടിച്ചന്ത ഇത് നാലാം വര്‍ഷമാണ്. ഹാപ്പിവുമണ്‍സ് അയല്‍ക്കൂട്ടത്തിന് കീഴിലുള്ള ദോസ്ത് ബാലസഭയാണ് കുട്ടിച്ചന്ത സംഘടിപ്പിച്ചുവരുന്നത്. പ്രദേശത്തെ വീടുകളിലുണ്ടാക്കിയ ഉണ്ണിയപ്പം, നെയ്യപ്പം തുടങ്ങിയ പലഹാരങ്ങള്‍, വിവിധ അച്ചാറുകള്‍, ചായ, കപ്പയും ഇറച്ചിയും, വൈവിധ്യമാര്‍ന്ന മിഠായികള്‍, സ്‌കൂള്‍ പഠനോപകരണങ്ങള്‍ എന്നിവയെല്ലാം കുട്ടിച്ചന്തയില്‍ ലഭിക്കും. വിനോദത്തോടൊപ്പം കുട്ടികള്‍ക്ക് കച്ചവട സംവിധാനത്തെ പ്രായോഗികമായി പരിചയപ്പെടുത്തുന്നതിനുകൂടിയാണ് കുട്ടിച്ചന്ത വര്‍ഷം തോറും സംഘടിപ്പിക്കുന്നത്. രണ്ടുദിവസം നീണ്ടുനില്‍ക്കുന്ന ചന്തയില്‍ ഗ്രാമപ്പഞ്ചായത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നു സന്ദര്‍ശകരെത്താറുണ്ട്. പ്രദേശത്തെ എല്ലാ കുട്ടികളും രക്ഷിതാക്കളും വില്‍പ്പന സ്റ്റാളുകളൊരുക്കിയും സാധനങ്ങള്‍ വാങ്ങിയും ഈ വാണിജ്യോല്‍സവത്തെ വിജയിപ്പാക്കാന്‍ രംഗത്തുണ്ട്. കുട്ടിച്ചന്തയുടെ ഉദ്ഘാടനം ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് സി പി ഷാജി നിര്‍വഹിച്ചു. വാര്‍ഡ് അംഗം കെ ഹാരിഫ റഹിമാന്‍ അധ്യക്ഷത വഹിച്ചു. ഗ്രാമപ്പഞ്ചായത്ത് വൈസ്പ്രസിഡന്റ് കെ രമാദേവി, സ്ഥിരംസമിതി അധ്യക്ഷരായ എം ടി ബഷീര്‍, കെ എം സുബൈര്‍, സജ്‌നാമോള്‍ ആമിയന്‍, അംഗങ്ങളായ കെ മുഹമ്മദലി, പരി ശിവശങ്കന്‍, സജീന മേനമണ്ണില്‍, കെ പി സബ്‌ന ഷാഫി, പി കെ ഷരീഫ തുടങ്ങിയവര്‍ സംസാരിച്ചു.  മറ്റ് ഗ്രാമപ്പഞ്ചായത്ത് അംഗങ്ങളും അയല്‍കൂട്ട, ബലസഭാംഗങ്ങളും ചടങ്ങില്‍ സംബന്ധിച്ചു. പ്രദേശത്തെ കുടുംബങ്ങളില്‍ നിന്നു എസ്എസ്എല്‍സി പരീക്ഷയില്‍ ഉന്നത വിജയം നേടിയ വിദ്യാര്‍ഥികള്‍ക്കും തൊഴിലുറപ്പ് പദ്ധതിയില്‍ നൂറ് തൊഴില്‍ ദിനം പൂര്‍ത്തീകരിച്ചവര്‍ക്കും ചടങ്ങില്‍ ഉപഹാരം നല്‍കി.
Next Story

RELATED STORIES

Share it