thrissur local

വാണിജ്യനികുതി ഉദ്യോഗസ്ഥര്‍ വ്യാപാരികളെ പീഡിപ്പിക്കുന്നതായി പരാതി

ചാവക്കാട്: വാണിജ്യ നികുതി ഉദ്യോഗസ്ഥര്‍ വാറ്റ് നിയമം കാറ്റില്‍ പറത്തി വ്യാപാരികളെ പീഡിപ്പിക്കുന്നതായി പരാതി. 2005ല്‍ വാറ്റ് നിയമം പ്രാബല്യത്തില്‍ വന്നതിനുശേഷം വ്യാപാരികള്‍ക്ക് സെല്‍ഫ് അസസ്‌മെന്റാണ് പറഞ്ഞിരുന്നത്.
ഇതുപ്രകാരം മാസത്തിലും മൂന്നുമാസത്തിലുമാണ് സെല്‍ഫ് അസസ്‌മെന്റ് സമര്‍പ്പിച്ചിരുന്നത്. ചെക്ക്‌പോസ്റ്റ് വഴി കടന്നു വരുന്ന സാധനങ്ങളുടെ വിവരം ഓണ്‍ ലൈന്‍ വഴി ഓരോ വ്യാപാരികളുടെ കണക്കിലും കയറുന്നതു കൊണ്ട് കഴിഞ്ഞ 10 വര്‍ഷമായി സെല്‍ഫ് അസസ്‌മെന്റ് നല്ലരീതിയിലാണ് വ്യാപാരികളും നികുതി ഉദ്യോഗസ്ഥരും കൈകാര്യം ചെയ്തിരുന്നത്.
എന്നാല്‍ നിലവിലുള്ള നടപടികളും വാറ്റ് നിയമവും തള്ളി നികുതി ഉദ്യോഗസ്ഥര്‍ വ്യാപാരികളുടെ മൂന്നു വര്‍ഷത്തെ കണക്കുകള്‍ ഉടനെ ഹാജരാക്കുവാന്‍ നിര്‍ദേശിച്ച് വ്യാപകമായി നോട്ടിസ് അയയ്ക്കുകയാണെന്ന് വ്യാപാരികള്‍ പറഞ്ഞു.
വ്യാപാരികളെയോ അവരുടെ ഓഡിറ്റര്‍മാരേയോ ഓഫീസിലേക്ക് വിളിച്ചു വരുത്തിയാണ് നോട്ടിസ് നല്‍കുന്നത്. അതും മൂന്നുവര്‍ഷത്തെ കണക്ക് ഹാജരാക്കാന്‍ മൂന്നു ദിവസമാണ് അനുവദിക്കുന്നത്. കൃത്യദിവസം ഹാജരാക്കിയില്ലെങ്കില്‍ 10,000 രൂപ പിഴ അടയ്ക്കണം. സമയം നീട്ടിചോദിച്ചാല്‍ അനുവദിക്കില്ല. മൂന്നു ദിവസത്തിനുള്ളില്‍ കണക്ക് പരിശോധിച്ച് നികുതി അടപ്പിക്കാന്‍ മുകളില്‍ നിന്ന് നിര്‍ദേശമുണ്ടെന്നാണ് ഉദ്യോഗസ്ഥര്‍ പറയുന്നത്.
നികുതി ഓഫീസിലെ വെബ്‌സൈറ്റില്‍ തകരാറുമൂലവും ഞായറാഴ്ചയായാലും റിട്ടേണ്‍ വൈകിയാല്‍ 10,000 രൂപ പിഴ അടയ്ക്കണം.
ഇതിനിടെ, നിയമസഭ തിരഞ്ഞെടുപ്പ് അടുത്ത സാഹചര്യത്തില്‍ വ്യാപാരികളുടെ വെറുപ്പും എതിര്‍പ്പും സര്‍ക്കാരിനെതിരെ തിരിയുന്നതിന് പ്രത്യേകിച്ച്, നികുതി വകുപ്പ് ഇപ്പോള്‍ കൈകാര്യം ചെയ്യുന്ന മുഖ്യമന്ത്രിക്കെതിരെ പ്രതിഷേധം ഉയരുന്നതിന് ചില യൂണിയനുകളില്‍പ്പെട്ട മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ മനപൂര്‍വം വ്യാപാരികളെ പീഡിപ്പിക്കുകയാണെന്ന് ചില വ്യാപാരികള്‍ ചൂണ്ടിക്കാട്ടി. ഇതുസംബന്ധിച്ച് വ്യാപാരികള്‍ മുഖ്യമന്ത്രിക്ക് പരാതി നല്‍കി.
Next Story

RELATED STORIES

Share it