kozhikode local

വാട്‌സ് ആപ്പ് ഗ്രൂപ്പുകള്‍ ഹാക്ക് ചെയ്യുന്നതു വ്യാപകം

മുക്കം: വാട്‌സ് ആപ്പ് ഗ്രൂപ്പുകള്‍ വ്യാപകമായി ഹാക്ക് ചെയ്യുന്നത് ഭീഷണിയാവുന്നു. ജില്ലയില്‍ വിവിധ ഭാഗങ്ങളില്‍ ഇത്തരം പരാതികള്‍ ഉയര്‍ന്നിട്ടുണ്ട്.
ഗ്രൂപ്പുകള്‍ ഹാക്ക് ചെയ്തത് പ്രൊഫൈല്‍ ചിത്രവും ഡി പിയുമെല്ലാം മാറ്റി അശ്ലീല ഫോട്ടോയും തെറികളും പോസ്റ്റ് ചെയ്യുന്നതായാണ് പരാതി.
ഇന്ത്യക്ക് പുറത്തുള്ള നമ്പറുകളില്‍ നിന്നാണ് ഇത്തരത്തില്‍ ഗ്രൂപ്പുകള്‍ ഹാക്ക് ചെയ്ത് യുവാക്കള്‍ക്ക് “പണി’ കൊടുക്കുന്നത്.
ഒരാഴ്ച മുമ്പാണ് തോട്ടുമുക്കത്തെ നിരവധി യുവാക്കള്‍ അംഗങ്ങളായ ഗ്രൂപ്പില്‍ നിന്ന് ഹാക്ക് ചെയ്ത് 20 ഓളം പേരെ ഉള്‍പ്പെടുത്തി മരണവാതില്‍ എന്ന പേരില്‍ ഗ്രൂപ്പ് തുടങ്ങിയത്.അതിന് ശേഷം ഗ്രൂപ്പ് അംഗങ്ങളുടെ പ്രൊഫൈല്‍ ഫോട്ടോ ഉപയോഗിച്ച് മറ്റ് നമ്പറുകളില്‍ നിന്ന് പലര്‍ക്കും അശ്ലീല ഫോട്ടോയും മെസ്സേജുകളും അയക്കുകയാണ് ചെയ്യുന്നത്.
ഇവരുടെ കോണ്‍ടാക്റ്റ് ലിസ്റ്റില്‍ നിന്ന് തന്നെ നമ്പറുകള്‍ സംഘടിപ്പിച്ച് അടുത്ത ബന്ധമുള്ളവര്‍ക്ക് ഇത്തരം മെസേജുകള്‍ അയക്കുന്നതോടെ ഫോട്ടോയുടെ യഥാര്‍ത്ഥ ഉടമ കുടുംബത്തിലും നാട്ടുകാരുടെ ഇടയിലും അപഹാസ്യരാവുകയും ചെയ്യുന്നു. മരണവാതില്‍, റോക്കിംഗ് ചങ്ക്‌സ് തുടങ്ങിയ പേരുകളിലാണ് പുതിയ ഗ്രൂപ്പുകള്‍ തുടങ്ങുന്നത്.
രണ്ട് മൂന്ന് ദിവസം ഇത്തരം പ്രവൃത്തി തുടര്‍ന്നതിന് ശേഷം ഗ്രൂപ്പില്‍ ഫോണ്‍ഹാങ്ങാവുന്ന വൈറസ് പോസ്റ്റ് (ഹാക്കിംഗ് ബോംബ്) ചെയ്യുകയും ഇത് ക്ലിയര്‍ ചെയ്യുന്നതോടെ നേരത്തെ ഉണ്ടായിരുന്ന മുഴുവന്‍ മെസേജുകളും മായ്ച്ച് കളയുകയും ചെയ്യപ്പെടുന്നു.
ഇതോടെ തെളിവ് സഹിതം പരാതി നല്‍കാനും കഴിയാത്ത അവസ്ഥയിലാണ് പലരും. അതേസമയം വിദേശ നമ്പറുകളായതിനാല്‍ ഇത്തരം കേസുകളില്‍ രാജ്യത്ത് പരാതി നല്‍കിയാലും ഒന്നും ചെയ്യാന്‍ കഴിയില്ലന്നും പറയപ്പെടുന്നു.
സംഭവവുമായി ബന്ധപ്പെട്ട് മുക്കം പോലീസിലും സൗദി അറേബ്യയിലും പരാതി നല്‍കിയിട്ടുണ്ട്.അതിനിടെ അരീക്കോട് സ്വദേശിയായ ഒരു 15 കാരന്‍ ഇത്തരമൊരു ഗ്രൂപ്പില്‍ അഡ്മിനാണന്ന് കണ്ടെത്തിയിട്ടുണ്ട്. ഇയാളെ ചോദ്യം ചെയ്താല്‍ സംഭവത്തില്‍ കൂടുതല്‍ തെളിവുകള്‍ ലഭിക്കുമെന്നാണ് സൂചന.



Next Story

RELATED STORIES

Share it