kannur local

വാട്‌സ്ആപ്പ് ഗ്രൂപ്പിലൂടെ മാധ്യമപ്രവര്‍ത്തകയ്ക്ക് ഭീഷണി

കണ്ണൂര്‍: യൂത്ത് കോണ്‍ഗ്രസ് നേതാവ് ശുഹൈബ് വധക്കേസ് അന്വേഷണവുമായി ബന്ധപ്പെട്ട് വിവരങ്ങള്‍ മാധ്യമങ്ങളില്‍ വരുന്നതിന്റെ പേരില്‍ ചാനല്‍ ലേഖികയെയും ഭര്‍ത്താവിനെയും ഭീഷണിപ്പെടുത്തി സാമൂഹിക മാധ്യമങ്ങളില്‍ പോസ്റ്റിട്ട സംഭവത്തില്‍ ജില്ലാ പോലിസ് മേധാവി റിപോര്‍ട്ട് തേടി. തങ്ങള്‍ അംഗങ്ങളായ മുഴുവന്‍ വാട്ട്‌സ്ആപ്പ് ഗ്രൂപ്പിലെയും പോസ്റ്റുകള്‍ സംബന്ധിച്ച വിശദാംശങ്ങള്‍ ഉടന്‍ അറിയിക്കാന്‍ ജില്ലയിലെ എല്ലാ സ്റ്റേഷനുകളിലെയും പോലിസുകാരോട് എസ്് പി നിര്‍ദേശിച്ചു.
അഡ്മിന്‍ ആരാണെന്നും അംഗങ്ങളായി ആരൊക്കെ ഉണ്ടെന്നും 24 മണിക്കൂറിനകം വെളിപ്പെടുത്തണം. കണ്ണൂര്‍ എ ആര്‍ ക്യാംപ് കേന്ദ്രീകരിച്ചു പ്രവര്‍ത്തിക്കുന്ന ഡ്യൂട്ടി ഫ്രന്റ്‌സ് എന്ന വാട്ട്‌സ്ആപ്പ് ഗ്രൂപ്പിലൂടെ വ്യാപകരീതിയില്‍ ഭീഷണി സന്ദേശം പ്രചരിച്ചിരുന്നു. റിപോര്‍ട്ടര്‍ ചാനലിലെ കണ്ണൂര്‍ ലേഖിക വിനീത, ഭര്‍ത്താവും പോലിസുകാരനുമായ സുമേഷ് എന്നിവര്‍ക്കെതിരേയാണ് ഭീഷണി. സുമേഷ് വാര്‍ത്തകള്‍ ചോര്‍ത്തി വിനീതയ്ക്ക് നല്‍കുന്നുവെന്നും വിനീത അത് സംപ്രേഷണം ചെയ്യുന്നുവെന്നും ആരോപിച്ചാണ് പ്രചാരണം.
ക്വാര്‍ട്ടേഴ്‌സില്‍ കയറി തല്ലിയാലോ, ഞാന്‍ ആളെയിറക്കാമെന്നുമാണ് 6779 നമ്പറുകാരനായ ജിജേഷ് വാട്ട്‌സ് ആപ്പില്‍ കമന്റിട്ടത്. ഇരുകൈകള്‍ക്കും പ്ലാസ്റ്ററിട്ട ഒരാളുടെ ചിത്രംവച്ച് ബോക്‌സിങ് ചാംപ്യന്‍ഷിപ്പില്‍ പോലിസിന് രണ്ടു മെഡല്‍ നേടിത്തന്ന ആളാണിതെന്ന് ഷിബു (6737) എന്നാള്‍ മറുപടി നല്‍കി. മറ്റൊരു പോലിസുകാരനായ ശ്രീജിത്ത് (6635) പുരളിമലയിലേക്ക് ബൈക്കോടിച്ച് കയറ്റി കൊല്ലാമെന്ന അഭിപ്രായപ്രകടനവും നടത്തി.
ഇതിനോട് പ്രതികരിച്ചുകൊണ്ട് നിരവധി പേര്‍ കമന്റുകള്‍ പോസ്റ്റ് ചെയ്തിട്ടുണ്ട്. ഇതിനെതിരേ വിനീത ക്രൈംബ്രാഞ്ച് ഡിവൈഎസ്പിക്ക് പരാതി നല്‍കിയിരുന്നു. ഇന്നലെ രാവിലെ കണ്ണൂര്‍ ക്രൈംബ്രാഞ്ച് ഓഫിസില്‍ വിളിച്ചുവരുത്തി മൊഴിയെടുക്കുകയും ചെയ്തു. അതിനിടെ, സംഭവം വിവാദമായതോടെ പോലിസിന്റെ ചില വാട്ട്‌സാപ്പ് ഗ്രൂപ്പുകള്‍ അപ്രത്യക്ഷമായി.
Next Story

RELATED STORIES

Share it