kannur local

വാട്ട്‌സ്ആപ്പ് ഡോക്ടര്‍മാരുടെ കെണിയില്‍ വീഴരുതെന്ന് കെജിഎംഒഎ

കല്‍പ്പറ്റ: നിപാ വൈറസ് രോഗബാധയുമായി ബന്ധപ്പെട്ട് വ്യപകമായി സോഷ്യല്‍ മീഡിയയിലൂടെയും മറ്റും വ്യാജസന്ദേശങ്ങള്‍ പ്രചരിക്കുന്നതായി കേരള ഗവണ്‍മെന്റ് മെഡിക്കല്‍ ഓഫിസേഴ്‌സ് അസോസിയേഷന്‍. വാട്‌സ്ആപ് ഡോക്ടര്‍മാരുടെ വ്യാജ പോസ്റ്റുകളില്‍ വീഴരുതെന്നും ജില്ലാ ഭാരവാഹികള്‍ മുന്നറിയിപ്പ് നല്‍കി.
ദക്ഷിണേന്ത്യയില്‍ ആദ്യമായി നിപാ വൈറസ് രോഗബാധ കോഴിക്കോട് ജില്ലയിലെ പേരാമ്പ്രയില്‍ സ്ഥിരീകരിക്കുകയും മരണമുണ്ടാവുകയും ചെയ്ത സാഹചര്യത്തില്‍ വയനാട്ടില്‍ ആരോഗ്യവകുപ്പ് വേണ്ട മുന്‍കരുതലുകളെടുത്തു തുടങ്ങി. നിപാ വൈറസിനെക്കുറിച്ചുള്ള വ്യക്തമായ ധാരണയും മുന്‍കരുതലുകളുമാണ് വേണ്ടത്. വ്യാജ ഡോക്ടര്‍മാര്‍ പ്രചരിപ്പിക്കുന്ന വ്യാജ വാട്‌സ്ആപ്-ഫേസ്ബുക്ക് പോസ്റ്റുകളില്‍ വീഴാതിരിക്കണമെന്നും ഭാരവാഹികള്‍ അറിയിച്ചു. ജില്ലയില്‍ ഇപ്പോള്‍ ആശങ്കപ്പെടാന്‍ ഒന്നുമില്ല. സോഷ്യല്‍ മീഡിയ വഴി പ്രചരിക്കുന്ന വ്യാജ സന്ദേശങ്ങള്‍ ഗുരുതരമായ തെറ്റിദ്ധാരണകള്‍ക്കിടയാക്കുകയാണ്.
ചക്കയും മാങ്ങയും ഉള്‍പ്പെടെയുള്ള പഴങ്ങളും പച്ചക്കറികളും കഴിക്കരുതെന്നും കിണര്‍വെള്ളം കുടിക്കരുതെന്നും വായുവിലൂടെ വ്യാപകമായി പടര്‍ന്നുപിടിക്കുമെന്നുമെല്ലാമുള്ള അഭ്യൂഹങ്ങളും അര്‍ധസത്യങ്ങളുമാണ് വ്യാപകമായി പ്രചരിക്കുന്നത്. ബീഫ്, പന്നി, കോഴി എന്നിവയൊന്നും കുറച്ചുദിവസത്തേക്കു കഴിക്കരുതെന്ന് ആരോഗ്യവകുപ്പ് അറിയിച്ചതായും പ്രചരിപ്പിക്കുന്നുണ്ട്.
വളര്‍ത്തുമൃഗങ്ങളെ അകറ്റിനിര്‍ത്തണമെന്ന തെറ്റായ സന്ദേശങ്ങളും പ്രചരിക്കുന്നു. ഇത്തരം സന്ദേശങ്ങള്‍ തള്ളിക്കളയണമെന്നും ഭാരവാഹികള്‍ അറിയിച്ചു.
Next Story

RELATED STORIES

Share it