Apps & Gadgets

വാട്ട്‌സാപ്പില്‍ ഗ്രൂപ്പ് വീഡിയോ കോളിങ് സംവിധാനം ആരംഭിച്ചു

വാട്ട്‌സാപ്പില്‍ ഗ്രൂപ്പ് വീഡിയോ കോളിങ് സംവിധാനം ആരംഭിച്ചു
X


ലോകത്തെ കോടിക്കണക്കിന് വാട്ട്‌സാപ്പ് ഉപയോക്താക്കള്‍ ആകാംക്ഷയോടെ കാത്തിരുന്ന ഗ്രൂപ്പ് വീഡിയോ, വോയ്‌സ് കോളിങ് സംവിധാനത്തിന് തുടക്കമായി. കഴിഞ്ഞ വര്‍ഷം ഒക്ടോബറില്‍ തന്നെ വാട്ട്‌സാപ്പില്‍ ഈ സംവിധാനം വരുന്നതിനെക്കുറിച്ചുള്ള വാര്‍ത്തകളുണ്ടായിരുന്നു. ഈ വര്‍ഷം മെയില്‍ ഫെയ്‌സ്ബുക്കിന്റെ എഫ്8 ഡവലപ്പര്‍ കോണ്‍ഫറന്‍സിലാണ് ഇതിന്റെ ഔദ്യോഗിക പ്രഖ്യാപനം വന്നത്.

ഗ്രൂപ്പ് വീഡിയോ, വോയ്‌സ് കോളിങ് സംവിധാനം ഐഒഎസിലും ആന്‍ഡ്രോയ്ഡിലും ലഭ്യമാണ്. നാല് പേര്‍ക്കാണ് ഗ്രൂപ്പ് കോളിങ് സംവിധാനത്തില്‍ ഒരേ സമയം പങ്കെടുക്കാനാവുക.

വാട്ട്‌സാപ്പ് 2016 മുതല്‍ വീഡിയോ കോളിങ് സംവിധാനം നല്‍കുന്നുണ്ട്. എന്നാല്‍, ഇതുവരെ ഒരേ സമയം രണ്ടു പേര്‍ക്ക് മാത്രമേ പരസ്പരം കോളിങ് സാധ്യമായിരുന്നുള്ളു. വേഗത കുറഞ്ഞ നെറ്റ്‌വര്‍ക്കിലും പ്രവര്‍ത്തനക്ഷമമാവുന്ന വിധത്തിലാണ് പുതിയ സവിശേഷത കൂട്ടിച്ചേര്‍ത്തിരിക്കുന്നതെന്ന് വാട്ട്‌സാപ്പ് അറിയിച്ചു. ചാറ്റുകള്‍ പോലെ എന്‍ക്രിപ്റ്റഡ് ആയാണ് കോളുകളും പ്രവര്‍ത്തിക്കുക.

ഗ്രൂപ്പ് കോള്‍ ആരംഭിക്കുന്നതിന് നിങ്ങളുടെ കോണ്ടാക്ടിലുള്ള ഏതെങ്കിലും ഒരാളുമായി ആദ്യം വീഡിയോ അല്ലെങ്കില്‍ വോയ്‌സ് കോള്‍ ആരംഭിക്കുക. കോള്‍ കണക്ട് ചെയ്യുന്നതോടെ പുതിയ ആളെ ഇതിലേക്ക് കൂട്ടിച്ചേര്‍ക്കാനുള്ള ആഡ് പേഴ്‌സന്‍ ബട്ടന്‍ പ്രത്യക്ഷപ്പെടും. മൂന്നാമത്തെയാള്‍ കോള്‍ ആക്‌സപ്റ്റ് ചെയ്താല്‍ അടുത്തയാളെ കൂടി ഇതേ രീതിയില്‍ കോളിലേക്ക് ക്ഷണിക്കാം.

പുതിയ ഫീച്ചര്‍ പ്രവര്‍ത്തിക്കണമെങ്കില്‍ വാട്ട്‌സാപ്പിന്റെ ഏറ്റവും പുതിയ വേര്‍ഷന്‍ ഗൂഗിള്‍ പ്ലേ സ്റ്റോറില്‍ നിന്നോ ആപ്പിള്‍ ആപ്പ് സ്റ്റോറില്‍ നിന്നോ ഡൗണ്‍ലോഡ് ചെയ്‌തെടുക്കണം.

ഫെയ്‌സ്ബുക്ക് മെസഞ്ചറില്‍ 50 പേര്‍ക്കും സ്‌കൈപ്പില്‍ 25 പേര്‍ക്കും ഒരോ സമയം ഗ്രൂപ്പ് വീഡിയോ കോള്‍ സാധ്യമാണ്. സ്‌നാപ്പ് ചാറ്റില്‍ 16 പേരെയാണ് നിലവില്‍ അനുവദിക്കുന്നത്. ഐഒഎസ് 12 ഈ വര്‍ഷം അവസാനം ലോഞ്ച് ചെയ്യുന്നതോടെ ആപ്പിളിന്റെ ഫെയ്‌സ്‌ടൈമില്‍ ഒരേ സമയം 32 പേര്‍ക്ക് ഗ്രൂപ്പ് കോള്‍ സാധ്യമാവുമെന്ന് കമ്പനി പ്രഖ്യാപിച്ചിട്ടുണ്ട്.
Next Story

RELATED STORIES

Share it