kasaragod local

വാട്ടര്‍ ടാങ്ക് നിര്‍മിക്കാന്‍ പാര്‍ക്കിലെ മുഴുവന്‍ മരങ്ങളും മുറിച്ചുമാറ്റി

കാസര്‍കോട്: കേരള വാട്ടര്‍ അതോറിറ്റിയുടെ എട്ട് ലക്ഷം ലിറ്റര്‍ സംഭരണശേഷിയുള്ള ടാങ്ക് നിര്‍മിക്കാന്‍ മുനിസിപ്പല്‍ പാര്‍ക്കിലെ മുഴുവന്‍ മരങ്ങളും മുറിച്ചുമാറ്റിയ നടപടി വിവാദത്തിലേക്ക്. കാസര്‍കോട് ഗസ്റ്റ് ഹൗസിന് സമീപത്തെ മുനിസിപ്പല്‍ പാര്‍ക്കില്‍ പത്ത് സെന്റ് സ്ഥലത്തെ മരങ്ങള്‍ മുറിച്ചുമാറ്റി ടാങ്ക് നിര്‍മിക്കാന്‍ നഗരസഭാ അധികൃതര്‍ അനുമതി നല്‍കിയിരുന്നു. എന്നാല്‍ പദ്ധതി നടപ്പിലാക്കുന്ന വാട്ടര്‍ അതോറിറ്റിയുടെ ഉദ്യോഗസ്ഥരില്‍ ചിലര്‍ പാര്‍ക്കിലെ മുഴുവന്‍ മരങ്ങളും മുറിച്ചുമാറ്റാന്‍ അനുമതി നല്‍കുകയായിരുന്നു. 76 കോടി രൂപയുടെ പദ്ധതിയാണ് നടപ്പിലാക്കുന്നത്.
കേരള വാട്ടര്‍ അതോറിറ്റിയുടെ ബാവിക്കര പമ്പിങ് സ്റ്റേഷനില്‍ നിന്ന് വിദ്യാനറിലേക്ക് എത്തുന്ന ശുദ്ധജലം കാസര്‍കോട് നഗരസഭയില്‍ കാര്യക്ഷമമായി വിതരണം ചെയ്യാനാണ് നഗരസഭ പത്ത് സെന്റ് സ്ഥലം സൗജന്യമായി വാട്ടര്‍ അതോറിറ്റിക്ക് നല്‍കിയത്. ഇന്നലെ വാട്ടര്‍ അതോറിറ്റി ഉദ്യോഗസ്ഥരുടെ നേതൃത്വത്തില്‍ തൊഴിലാളികളുമായി എത്തി പാര്‍ക്കിലെ മുഴുവന്‍ വിലപിടിപ്പുള്ള മരങ്ങളും മുറിച്ചുമാറ്റുകയായിരുന്നു. ഉയരമുള്ള പ്രദേശത്ത് ടാങ്ക് നിര്‍മിച്ചാല്‍ കുടിവെള്ള ക്ഷാമം പരിഹരിക്കാമെന്നാണ് അധികൃതര്‍ അവകാശപ്പെടുന്നത്.
വര്‍ഷങ്ങളായി കാസര്‍കോട് നഗരത്തില്‍ എത്തിപ്പെടുന്നവര്‍ തണല്‍ തേടി എത്തിയിരുന്നത് നഗരസഭാ കാര്യാലയത്തിനും പിഡബ്ല്യുഡി റസ്റ്റ് ഹൗസിനും നഗരസഭാ ടൗണ്‍ ഹാളിനും അടുത്തുള്ള ഇടതൂര്‍ന്ന മരങ്ങള്‍ ഉള്ള പാര്‍ക്കിലായിരുന്നു. വിദ്യാനഗര്‍ വാട്ടര്‍ അതോറിറ്റിയില്‍ കൂടുതല്‍ ജലം സംഭരിച്ച് നിര്‍ത്താന്‍ രണ്ട് വാട്ടര്‍ ടാങ്കുകള്‍ കൂടി നിര്‍മിക്കുന്നുണ്ട്.
അടുത്ത വര്‍ഷം ഏപ്രിലിനകം പദ്ധതി പൂര്‍ത്തിയാക്കി സമര്‍പ്പിക്കാനാണ് നിര്‍ദ്ദേശം നല്‍കിയിട്ടുള്ളത്. വിദ്യാനഗറില്‍ നിന്ന് ചെമനാട് പഞ്ചായത്തിലേക്കും മധൂര്‍ പഞ്ചായത്തിലേക്കും വാട്ടര്‍ അതോറിറ്റിയുടെ ശുദ്ധജലം വിതരണം ചെയ്യും. കിഫ്ബിയില്‍ ഉള്‍പ്പെടുത്തിയാണ് പദ്ധതി നടപ്പിലാക്കുന്നത്. എന്നാല്‍ ഒരു പാര്‍ക്കിലെ മുഴുവന്‍ മരങ്ങളും മുറിച്ചുമാറ്റിയ നടപടിക്കെതിരേ വിവിധ പരിസ്ഥിതി സംഘടനകള്‍ രംഗത്തുവന്നിട്ടുണ്ട്. ലക്ഷങ്ങള്‍ ചെലവഴിച്ചാണ് നേരത്തെ നഗരസഭ പാര്‍ക്ക് നിര്‍മിച്ചത്. തണല്‍മരങ്ങള്‍ക്ക് കോടാലി വീഴ്ത്താന്‍ ഉദ്യോഗസ്ഥര്‍ കാണിച്ച ആവേശത്തിനെതിരെ വരും ദിനങ്ങളില്‍ കൂടുതല്‍ പരിസ്ഥിതി സംഘടനകള്‍ പ്രതിഷേധവുമായി രംഗത്തിറങ്ങുമെന്നാണ് ചൂണ്ടിക്കാണിക്കപ്പെടുന്നത്.
Next Story

RELATED STORIES

Share it