ernakulam local

വാട്ടര്‍മെട്രോ: ആദ്യബോട്ട് 2019 ല്‍ നീറ്റിലിറങ്ങുമെന്ന്

കൊച്ചി: കൊച്ചി വാട്ടര്‍മെേ്രട്രായുടെ ആദ്യബോട്ട് 2019 മെയില്‍ നീറ്റിലിറങ്ങുമെന്ന് പദ്ധതിക്ക് സാമ്പത്തിക സഹായം നല്‍കുന്ന ജര്‍മന്‍ വികസന ഏജന്‍സി (കെഎഫ്ഡബ്ല്യു)യുടെ ട്രാന്‍സ്‌പോര്‍ട്ട് ഇക്കണോമിസ്റ്റ് ആഞ്ജലിക്ക സ്വിക്കി.
കൊച്ചിയില്‍ കെഎംആര്‍എല്‍ ആസ്ഥാനത്ത് നടന്ന സംസാരിക്കുകയായിരുന്നു അവര്‍. വാട്ടര്‍ മെട്രോയുമായി ബന്ധപ്പെട്ട എല്ലാ അനിശ്ചിതത്വങ്ങളും നീങ്ങി. അടുത്ത മാസം ആദ്യം ടെണ്ടര്‍ നടപടികള്‍ ആരംഭിക്കും. ടെണ്ടര്‍ രഹസ്യ സ്വഭാവമുള്ളതായിരിക്കും. ബോട്ടിന്റെ മെറ്റീരിയില്‍ ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ ടെണ്ടറിനു ശേഷമേ  പരസ്യപ്പെടുത്തുകയുള്ളൂ. മികച്ച നിലവാരത്തിലുള്ള ബോട്ടുകളാകും സര്‍വീസിനെത്തുകയെന്നും ആഞ്ജലിക്ക സ്വിക്കി വ്യക്തമാക്കി. ആദ്യ ബോട്ട് സര്‍വീസിനെത്തി ഒരു വര്‍ഷത്തിനുള്ളില്‍ പദ്ധതി പൂര്‍ണമായും പൂര്‍ത്തിയാക്കും. എട്ടു പുതിയ ജെട്ടികള്‍, 78 അതിവേഗ ബോട്ടുകള്‍, പത്ത് ദ്വീപുകളെ ബന്ധിപ്പിച്ച് 76 കിലോമീറ്റര്‍ നീളുന്ന ജലപാത ഇങ്ങനെയായിരുന്നു വാട്ടര്‍ മെട്രോയെ വിഭാവനം ചെയ്തിരുന്നത്. ഇതില്‍ ചെറിയ മാറ്റം വന്നിട്ടുണ്ട്. മൂന്നു ജെട്ടികള്‍ കൂടി കൂടുതലായി ഉള്‍പ്പെടുത്തി ആകെ ജെട്ടികളുടെ എണ്ണം 41 ആക്കി വര്‍ധിപ്പിച്ചു. നേരത്തെ നിശ്ചയിച്ചതില്‍ നിന്നും രണ്ടു ബോട്ടുകള്‍ കുറച്ച് 76 ബോട്ടുകളാക്കി. എന്നാല്‍ പദ്ധതി ചെലവില്‍ വ്യത്യാസം വന്നിട്ടില്ലെന്നും അവര്‍ വ്യക്തമാക്കി. പദ്ധതിക്കായി 747 കോടി രൂപയാണ് ബജറ്റിട്ടിരിക്കുന്നത്. ഇതില്‍ 570 കോടി രൂപയാണ് കെഎഫ്ഡബ്ല്യു വായ്പയായി നല്‍കുന്നത്.  ബോട്ടുകളുടെ നിര്‍മാണമുള്‍പ്പെടെ പദ്ധതിക്കായി ജര്‍മന്‍ വിദഗ്തരുടെ സേവനം ലഭ്യമാക്കും. നിര്‍മാണം പൂര്‍ത്തിയായതിനു ശേഷവും രണ്ടു വര്‍ഷത്തോളം ജര്‍മന്‍ വിദഗ്തരുടെ സേവനം ഉറപ്പു വരുത്തുമെന്ന് ആഞ്ജലിക്ക സ്വിക്കി പറഞ്ഞു. ജെട്ടികള്‍ നിര്‍മിക്കുന്നതിനായി ഭൂമി ഏറ്റെടുക്കല്‍ പൂര്‍ത്തിയാക്കേണ്ടതുണ്ട്. സര്‍ക്കാര്‍ ഭൂമിയും സ്വകാര്യ ഭൂമിയും പുറമ്പോക്കു ഭൂമിയും ഏറ്റെടുക്കേണ്ടതുണ്ട്. ഇതില്‍ സ്വകാര്യ ഭൂമിക്കു മാത്രമേ സാമ്പത്തിക നഷ്ടം നല്‍കേണ്ടതുള്ളൂ. സര്‍ക്കാര്‍ ഭൂമി വിവിധ വകുപ്പുകളില്‍ നിന്നു പദ്ധതിക്കായി കൈമാറേണ്ട നടപടി മാത്രേമേയുള്ളൂ. പുറമ്പോക്കു ഭൂമിയുടെ കാര്യം ജില്ലാ കലക്ടറുമായി ചര്‍ച്ച ചെയ്ത് തീരുമാനിക്കുമെന്ന് കെഎംആര്‍എല്‍ എംഡി എ പി എം മുഹമ്മദ് ഹനീഷ് പറഞ്ഞു. കെഎഫ്ഡബ്ല്യുവിന്റെ കപ്പല്‍ നിര്‍മാണ വിദഗധന്‍ മാര്‍ട്ടിന്‍ നൈബോയും വാര്‍ത്താ സമ്മേളനത്തില്‍ പങ്കെടുത്തു.
വാട്ടര്‍ മെട്രോയുടെ പദ്ധതി വിലയിരുത്താന്‍ രണ്ടു ദിവസത്തെ സന്ദര്‍ശനത്തിനെത്തിയതായിരുന്നു ആഞ്ജലിക്ക സ്വിക്കിയും മാര്‍ട്ടിന്‍ നൈബോയും. പദ്ധതി പ്രദേശങ്ങള്‍ സന്ദര്‍ശിച്ച ഇവര്‍ ഇതു വരെയുള്ള പ്രവര്‍ത്തനങ്ങളില്‍ സംതൃപ്തി പ്രകടിപ്പിച്ചു. പദ്ധതികള്‍ വിലയിരുത്തുന്നതിനായി കെഎംആര്‍എല്‍ അധികൃതരുമായി സംഘം യോഗം ചേര്‍ന്നിരുന്നു.
Next Story

RELATED STORIES

Share it