Second edit

വാട്ടര്‍ഗേറ്റ് രണ്ട്?



അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് ആ നാട്ടിലെ മുഖ്യ കുറ്റാന്വേഷണ ഏജന്‍സിയായ എഫ്ബിഐയുടെ തലവന്‍ ജെയിംസ് കോമിയെ പുറത്താക്കിയത് വലിയ വിവാദമായിരിക്കുന്നു. എന്താണ് കോമിയെ പുറത്താക്കാനുള്ള യഥാര്‍ഥ കാരണം എന്ന ചോദ്യമാണ് രാഷ്ട്രീയവൃത്തങ്ങളില്‍ ഉന്നയിക്കപ്പെടുന്നത്. തിരഞ്ഞെടുപ്പു കാലത്ത് ഹിലരി ക്ലിന്റന്റെ ഇ-മെയിലുകള്‍ സംബന്ധിച്ച അന്വേഷണം വീണ്ടും ആരംഭിക്കുന്നതായി കോമി പറഞ്ഞിരുന്നു. ഒരിക്കല്‍ അവസാനിപ്പിച്ച അന്വേഷണം പുനരാരംഭിക്കുന്നു എന്ന വാര്‍ത്ത ഹിലരിക്ക് വലിയ അടിയായി. അവരുടെ തോല്‍വിക്കു തന്നെ അതാണു കാരണം എന്ന് ഹിലരിയും പാര്‍ട്ടിയും വിശ്വസിച്ചിരുന്നു. ആ അന്വേഷണത്തിലെ പാളിച്ചകളുടെ പേരു പറഞ്ഞാണ് ഇപ്പോഴത്തെ നടപടി. പക്ഷേ, അക്കാലത്ത് കോമിയെ പുകഴ്ത്തുകയായിരുന്നു ട്രംപ്. 'കരുത്തനായ ഉദ്യോഗസ്ഥന്‍' എന്നാണ് ട്രംപ് അന്ന് കോമിയെ വാഴ്ത്തിയത്. ഭരണം നൂറുദിവസം പിന്നിട്ട നേരത്ത് നിലപാടു മാറാന്‍ എന്താണു കാരണം? യഥാര്‍ഥ കാരണം ട്രംപിന്റെ അനുചരന്മാരും റഷ്യന്‍ അധികൃതരും തമ്മിലുള്ള അവിശുദ്ധ ബന്ധങ്ങളെ സംബന്ധിച്ച് എഫ്ബിഐ ഇപ്പോള്‍ നടത്തിക്കൊണ്ടിരിക്കുന്ന ഒരു അന്വേഷണമാണ് എന്ന് വിമര്‍ശകര്‍ പറയുന്നു. റഷ്യയുടെ സഹായത്തോടെ ട്രംപ് എതിരാളികള്‍ക്കെതിരേ സൈബര്‍ യുദ്ധം നടത്തി എന്നാണ് ആരോപണം. ആ അന്വേഷണത്തെ അട്ടിമറിക്കാനാണ് ഇപ്പോഴത്തെ നീക്കം എന്നാണ് വിലയിരുത്തല്‍. പ്രസിഡന്റ് നിക്‌സന്റെ കാലത്ത് അങ്ങനെയൊരു അട്ടിമറിശ്രമം നടന്നിരുന്നു. അതാണ് പ്രമാദമായ വാട്ടര്‍ഗേറ്റ് കുംഭകോണം എന്ന് അറിയപ്പെടുന്നത്. രണ്ടാം വാട്ടര്‍ഗേറ്റിന്റെ കാലമാണ് വരുന്നത് എന്ന് പല നിരീക്ഷകരും പ്രവചിക്കുന്നുണ്ട്.
Next Story

RELATED STORIES

Share it