kozhikode local

വാടകവാഹനങ്ങള്‍ മറിച്ച് വില്‍ക്കുന്ന സംഘം പിടിയില്‍

കൊടുവള്ളി: വാഹനങ്ങള്‍ വാടകയ്‌ക്കെടുത്ത് മറിച്ച് വില്‍പന നടത്തുന്ന സംഘത്തെ കൊടുവള്ളി പോലിസ്  പിടികൂടി. ചാത്തമംഗലം ആറങ്ങോട് പുറായാല്‍ അബ്ദുല്‍ റഹിമിന്റെ പരാതിയിലാണ് പോലിസ് അന്വേഷണം നടത്തി സംഘത്തെ പിടികൂടിയത്. കളന്‍തോട് തത്തമ്മപറമ്പത്ത് മാനിക്ക എന്ന മുഹമ്മദ് റജ്‌നാസ് (27), വാവാട് പട്ടരുമണ്ണില്‍ ഷമീര്‍, പൊഴുതന കുനിയില്‍ ജംഷിദ് (37) എന്നിവരാണ് പിടിയിലായത്.
2016 ഡിസംബര്‍ മാസത്തില്‍ ചാത്തമംഗലം സ്വദേശിയായ അബ്ദുല്‍റഹിമില്‍ നിന്നും മുഹമ്മദ് റജ്‌നാസ് വെളുത്ത നിറത്തിലുള്ള കെഎല്‍ 57 എന്‍ - 460 മാരുതി ആള്‍ട്ടോ കാര്‍ വാടകയ്ക്ക് വാങ്ങിച്ചിരുന്നു. റജ്‌നാസ് കാര്‍ മറ്റൊരാള്‍ക്ക് കൈമാറി.
പിന്നിട് വാവാട് സ്വദേശിയായ ഷമിര്‍ വശം പൊഴുതന സ്വദേശിയായ ജംഷിദിന്റെ കൈയ്യിലെത്തിപ്പെട്ടു. ഈ കാര്‍ നിറം മാറ്റി കറുപ്പാക്കുകയും കാസര്‍കോട് അപകടത്തില്‍പ്പെടുകയും ഉപയോഗയോഗ്യമല്ലാതാവുകയും ചെയ്തു. കെഎല്‍ 14-ആര്‍, 7967 വാഹനത്തിന്റെ ചെയ്‌സ് നമ്പര്‍ പറിച്ചെടുത്ത് ആള്‍ട്ടോ കാറില്‍ വെല്‍ഡ് ചെയ്ത് ഘടിപ്പിച്ച് ഓടിക്കുകയായിരുന്നു.
ഈ മാസം ഏഴിനാണ് കാര്‍ വാടകയ്ക്ക് വാങ്ങിച്ച മുഹമ്മദ് റജ്‌നാസിനെ കൊടുവള്ളി എസ്‌ഐ കെ പ്രജീഷ്, ജൂനിയര്‍ എസ്‌ഐ ഷറഫുദ്ദീന്‍, എഎസ്‌ഐമാരായ വിനോദ്, ജ്യോതി, അബ്ദുല്‍ റഹിം എന്നിവരടങ്ങുന്ന അന്വേഷണ സംഘം പിടികൂടിയത്. താമരശ്ശേരി കോടതിയില്‍ ഹാജരാക്കിയ റജ്‌നാസിനെ റിമാന്‍ഡ് ചെയ്തു.
റജ്‌നാസിനെ ചോദ്യം ചെയ്തതില്‍ നിന്നാണ് മറ്റ് രണ്ട് പേരേയും പിടികൂടിയത്. ഇവരെ വെള്ളിയാഴ്ച്ച താമരശ്ശേരി കോടതിയില്‍ ഹാജരാക്കി. ഇരുവരെയും കോടതി റിമാന്‍ഡ് ചെയ്തു.
Next Story

RELATED STORIES

Share it