Idukki local

വാടകയ്‌ക്കെടുത്ത ലോറി വിറ്റ സംഭവം; നാലുപേര്‍ക്കൂടി അറസ്റ്റില്‍



നെടുങ്കണ്ടം: വാടകയ്ക്കു കൊണ്ടുവന്ന ലോറി മറിച്ചുവിറ്റ കേസില്‍ നാലുപേര്‍ക്കൂടി അറസ്റ്റിലായി. ഉടമസ്ഥനറിയാതെ ലോറി മറിച്ചുവിറ്റ അന്തര്‍സംസ്ഥാന വാഹനമോഷണ സംഘത്തിലെ പ്രധാനികളാണു പിടിയിലായത്. ലോറി നാഗര്‍കോവിലിലെ വര്‍ക്ക്‌ഷോപ്പില്‍ നിന്നും പോലീസ് കണ്ടെത്തി. വാഹന മോഷണ സംഘത്തിലെ കണ്ണികളായ മുണ്ടക്കയം വണ്ടംപതാല്‍,മുതുമരത്തില്‍ വീട്ടില്‍ ഷൈജു കുട്ടപ്പന്‍(30),തൊടുപുഴ അകലക്കുന്നം,മണലിങ്കല്‍ മുല്ലൂര്‍ വീട്ടില്‍ ഷിജി വര്‍ഗീസ്(37),കണ്ണൂര്‍ ഇരുട്ടി പടിയൂര്‍ അമ്പാട്ട് വീട്ടില്‍ രമേശ്(45),നാഗര്‍കോവില്‍ വണികര്‍ തെരുവില്‍ നാഗരാജന്‍ (41) എന്നവരാണ് പിടിയിലായത്. ഷൈജു കുട്ടപ്പന്റെ സഹോദരിയുടെ ഭര്‍ത്താവാണ് ഷിജി വര്‍ഗീസ്. വാഹനമോഷണ സംഘത്തിന്റെ കേരളത്തിലെ പ്രധാന ഇടനിലക്കാരനാണ് രമേശ്. മോഷ്ടിച്ച വാഹനങ്ങള്‍ രമേശ് നാഗര്‍കോവിലിലെ നാഗരാജന്റെ ഉടമസ്ഥതയിലുള്ള വര്‍ക്‌ഷോപ്പില്‍ എത്തിക്കാറാണ് പതിവ്. മോഷ്ടിച്ച്് നാഗര്‍കോവിലിലെത്തിക്കുന്ന വാഹനങ്ങള്‍ പുതുക്കിപ്പണിയാനും പൊളിച്ചുവില്‍ക്കുന്നതിനും അടക്കം വന്‍ സന്നാഹമാണ് നാഗരാജന്റെ വര്‍ക്ക്‌ഷോപ്പിലുള്ളത്. വാഹനം പുതിയതാണെങ്കില്‍ നിറവും എഞ്ചിന്‍ നമ്പറും ചെയ്‌സ് നമ്പറും മാറ്റും. അതിനുശേഷം അപകടങ്ങളിലും മറ്റും തകര്‍ന്ന് സമാന മോഡലിലുള്ള വാഹനത്തിന്റെ രേഖകള്‍ ഉപയോഗിച്ച് ചെന്നൈലും ബംഗലൂരുവിലും മറിച്ചുവില്‍ക്കും. പഴയ വാഹനങ്ങളാണെങ്കില്‍ പൊളിച്ച് പാട്‌സുകള്‍ പ്രദേശിക കച്ചവടക്കാര്‍ക്കു നല്‍കും. കഴിഞ്ഞ ഡിസംബറില്‍ വാടകയ്ക്ക് ഓടിക്കാനായി നെടുങ്കണ്ടത്ത് എത്തിച്ച കളമശ്ശേരി സ്വദേശി ചെറുപറമ്പില്‍ നസീറിന്റെ ലോറിയാണ് നെടുങ്കണ്ടം നരിപ്പാറയില്‍ ഈപ്പന്‍(49), താന്നിമൂട് ബ്ലോക്ക് നമ്പര്‍ 264ല്‍ ഷാജഹാന്‍(40) എന്നിവര്‍ രണ്ടാഴ്ചക്ക് മുമ്പ് ഷൈജുവിനും ഷിജിക്കും അഞ്ചുലക്ഷം രൂപയ്ക്ക് വിറ്റത്. ഈപ്പനെയും ഷാജഹാനെയും  പിടികൂടിയിരുന്നു.പിടിയിലായ നാലുപേരുടെ പേരിലും ധാരാളം മോഷണക്കേസുകള്‍ ഉണ്ടെന്ന് പോലിസ് അറിയിച്ചു. നെടുങ്കണ്ടം സിഐ റെജി എം കുന്നിപ്പറമ്പന്റെ നേതൃത്തില്‍ നെടുങ്കണ്ടം എസ്‌ഐ സോള്‍ജിമോന്‍, സീനിയര്‍ സി.പി.ഒ മാരായ കെ.സജികുമാര്‍,കെ.സി.ഹരികുമാര്‍,സി.പി.ഒ മാരായ യു. ഷെമീര്‍, കെ.വി.ഷെമീര്‍ എന്നിവരടങ്ങിയ സംഘമാണ് പ്രതികളെ പിടികൂടിയത്.
Next Story

RELATED STORIES

Share it